മുന്‍ സൗത്ത് ആഫിക്കന്‍ ആഭ്യന്തര ക്രിക്കറ്റര്‍ മൈക്ക് സ്മിത്തിനെ പുതിയ ബാറ്റിങ് പരിശീലകനായി നിയമിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ് മുന്‍ പ്രോട്ടിയാസ് താരത്തെ പാകിസ്ഥാന്‍ ബാറ്റിങ് പരിശീലകനായി നിയമിച്ചത്. സീപകാലത്ത് ടീമിനെ അലട്ടിയ തുടര്‍ച്ചയായ ബാറ്റിങ് തകര്‍ച്ചകള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമനം.
ലെവല്‍-4 യോഗ്യതയുള്ള പരിശീലകനായ സ്മിത്തിന് ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ മികച്ച പരിശീലന പരിചയമുള്ളയാളാണ്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ വിവിധ ടീമുകള്‍ക്കൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പാകിസ്ഥാന്‍ ആഭ്യന്തര ക്രിക്കറ്റിനെയും താരങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ പരിചയം നിയമനത്തിന് നിര്‍ണായകമായതായി റിപ്പോര്‍ട്ടുകളുണ്ട്.
ദീര്‍ഘകാല ബാറ്റിങ് പരിശീലകനെ കണ്ടെത്തുന്നതിനായി പി.സി.ബി പൊതുവായി അപേക്ഷ ക്ഷണിച്ചിരുന്നു. അപേക്ഷകരില്‍ നിന്ന് ചുരുക്കപ്പട്ടിക തയ്യാറാക്കിയ ശേഷമാണ് സ്മിത്തുമായി ധാരണയിലെത്തിയത്. ഇംഗ്ലണ്ടില്‍ ഓഗസ്റ്റ് 19ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയോടെ അദ്ദേഹം ചുമതലയേല്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏപ്രില്‍ 2026 മുതല്‍ ഇടക്കാല ബാറ്റിങ് പരിശീലകനായിരുന്ന മുന്‍ പാകിസ്ഥാന്‍ താരം ആസദ് ഷഫീഖിന് പകരമായാണ് മൈക്ക് സ്മിത്ത് എത്തുന്നത്. ടീമിന്റെ സാങ്കേതിക ബാറ്റിങ് പിഴവുകള്‍ പരിഹരിച്ച് സ്ഥിരതയാര്‍ന്ന പ്രകടനം ഉറപ്പാക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് അദ്ദേഹത്തിന് മുന്നിലുള്ളത്.
അതേസമയം പാകിസ്ഥാനും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ നടക്കുകയാണ്. നിലവില്‍ ആദ്യ ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 344 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ മികച്ച ലീഡ് ഉയര്‍ത്താനായിരിക്കും പാകിസ്ഥാന്‍ ശ്രമിക്കുക.
അതേസമയം രണ്ട് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം വിന്‍ഡീസ് വിജയിച്ചിരുന്നു. എന്ത് വില കൊടുത്തും പരമ്പര സമനിലയില്‍ പിടിക്കാനാകും പാകിസ്ഥാന്‍ ലക്ഷ്യമിടുന്നത്. മാത്രമല്ല കഴിഞ്ഞ എട്ട് എവേ മത്സരങ്ങളിലായ വിജയിക്കാന്‍ സാധിക്കാത്ത പാകിസ്ഥാന് ഈ മത്സരം നിര്‍ണായകമാണ്.
Content Highlight: The Pakistan Cricket Board has appointed former South African domestic cricketer Mike Smith as the new batting coach