'കോതമംഗലത്ത് ഉണ്ടായത് ദൗര്‍ഭാഗ്യകരമായ സംഭവം';എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കണം; കോളേജ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ മന്ത്രി റോജി എം.ജോണ്‍
Kerala
'കോതമംഗലത്ത് ഉണ്ടായത് ദൗര്‍ഭാഗ്യകരമായ സംഭവം';എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കണം; കോളേജ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ മന്ത്രി റോജി എം.ജോണ്‍
അഞ്ജു ചന്ദ്രന്‍
Sunday, 16th August 2026, 4:07 pm

തിരുവനന്തപുരം: കോതംമംഗലം എം.എ കോളേജിലെ എന്‍ജിനീയറിങ് വിദ്യര്‍ത്ഥിയുടെ മരണം അത്യന്തം ദൗര്‍ഭാഗ്യകരമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണ്‍.

അരുണാചാല്‍ പ്രദേശ് സ്വദേശി മിര്‍ച്ചി മാര്‍പ്പുവിനെയാണ് കോഴിപ്പിള്ളിയിലെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാം വര്‍ഷ ബിടെക് വിദ്യാര്‍ഥിയായിരുന്നു. മരണത്തില്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്.

വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

‘അത്യന്തം ദൗര്‍ഭാഗ്യകരമായിട്ടുള്ള ഒരു സംഭവമാണ് നടന്നത്. ഇങ്ങനെയൊരു വിഷയം ഇയര്‍ ബാക്കുമായി ബന്ധപ്പെട്ടുകൊണ്ട് സംസ്ഥാനതലത്തില്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ആ ഒരു തീരുമാനം ഉണ്ടായിരുന്നത് 2024 ല്‍ കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് അന്നത്തെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് കൈക്കൊണ്ട ഒരു നിലപാടായിരുന്നു ഇയര്‍ബാക്ക് എന്ന സിസ്റ്റം. അതുപ്രകാരം അഞ്ചാം സെമസ്റ്ററിലെ ഒരു വിദ്യാര്‍ത്ഥി ആവശ്യമായ ക്രെഡിറ്റ് നേടിയില്ലെങ്കില്‍ ആ വിദ്യാര്‍ത്ഥി അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ബാക്ക് ആകുമെന്നായിരുന്നു തീരുമാനം.

ഈ തീരുമാനം നടപ്പിലാകുന്നത് 2026ലാണ്. അതുകൊണ്ടാണ് ഈ വര്‍ഷം മുതല്‍ അഞ്ചാം സെമസ്റ്ററിലേക്ക് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇയര്‍ ബാക്ക് എന്ന സംവിധാനം വന്നത്. സ്വാഭാവികമായും ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം ഞങ്ങളുടെ ശ്രദ്ധയില്‍ വരുകയും കഴിഞ്ഞ ഒരു ബോര്‍ഡ് കൈക്കൊണ്ട തീരുമാനമെന്ന നിലയില്‍ ആ തീരുമാനം മാറ്റാനായിട്ട് സ്വാഭാവികമായും ബോഡിന് മാത്രമാണ് അധികാരമുണ്ടാകുക. ഈ ഗവണ്‍മെന്റ് വന്നപ്പോള്‍ ആദ്യത്തെ സിന്‍ഡിക്കേറ്റ് യോഗത്തില്‍ തന്നെ കെ.ടി.യുവിലെ ഇയര്‍ബാക്ക് സിസ്റ്റം തത്ക്കാലത്തേക്ക് അല്ലെങ്കില്‍ ഈ വര്‍ഷത്തേക്ക് മാറ്റിവെക്കാനുള്ള തീരുമാനം കൈക്കൊണ്ടിരുന്നു.

അത് പ്രകാരം കെ.ടി.യുവിന് കീഴിലുള്ള കോളേജുകളൊക്കെ ആ സിസ്റ്റം സ്വാഭാവിക നിലയില്‍ അത് ഫോളോ ചെയ്യേണ്ടതാണ് പക്ഷേ ഒരു ഓട്ടോണമസ് കോളേജ് എന്ന നിലയില്‍ അവരുടെ കൗണ്‍സിലിന് ഓട്ടോണമസ് കോളേജുകള്‍ക്കുള്ള അധികാരം വിനിയോഗിച്ചുകൊണ്ടാണ് കോതമംഗലം കോളേജ് ഇയര്‍ബാക്ക് സിസ്റ്റം പിന്‍വലിക്കാന്‍ തയാറാവാതെ നിന്നിട്ടുള്ളത്. കോളേജിലെ വിദ്യാര്‍ഥികള്‍ എന്നെ ബന്ധപ്പെട്ടിരുന്നു. ഞാന്‍ കോളേജിനെയും ബന്ധപ്പെട്ടിരുന്നു. ഈ ഒരു സിസ്റ്റം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. യൂണിവേഴ്‌സിറ്റി അത് പിന്‍വലിക്കുന്ന സാഹചര്യമൊക്കെ നമ്മുക്ക് അറിവുള്ളതാണ്. ഇതുവരെ അതു പിന്‍വലിക്കാനായി കോളേജ് തയാറായിട്ടില്ല,’ മന്ത്രി പറഞ്ഞു.

‘ഒരു വിദ്യാര്‍ത്ഥി ഇത്തരത്തില്‍ ആത്മഹത്യ ചെയ്തു… എന്നു പറയുന്നത് അത്യന്തം ദൗര്‍ഭാഗ്യകരമായിട്ടുള്ള ഒരു കാര്യമാണ്. ഇതു സംബന്ധിച്ച് കൃത്യമായ അന്വേഷണം ഉണ്ടാകും. നിലവില്‍ ഞാന്‍ ജില്ലാ പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. പൊലീസ് ഇതിനോടകം തന്നെ കേസ് എടുത്തിട്ടുണ്ട്. മരണപ്പെട്ട വിദ്യാര്‍ത്ഥിയുടെ കുടുംബാംഗങ്ങള്‍ ഇന്ന് എത്തിച്ചേരുന്നതാണ്. അവരുടെ സാന്നിധ്യത്തില്‍ തന്നെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിക്കും. പൊലീസിന്റെ ഭാഗത്ത് നിന്ന് കേസില്‍ കൃത്യമായിട്ടുള്ള അന്വേഷണം ഉണ്ടാകും. വകുപ്പുതലത്തില്‍ യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്,’ മന്ത്രി കൂട്ടിച്ചേര്‍ത്തു.

മിര്‍ച്ചി മാര്‍പ്പുവിനെ ഉള്‍പ്പെടെ 22 ഓളം വിദ്യാര്‍ത്ഥികളെ യാതൊരു അറിയിപ്പുമില്ലാതെ പുറത്താക്കിയതായും റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് അടുത്ത സെമ്മിലേക്ക് ഇവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചില്ല. മിര്‍ച്ചി മാര്‍പ്പുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഒത്തുതീര്‍പ്പാക്കാനാണ് മാനേജ്മെന്റ് ശ്രമിക്കുന്നത്. തങ്ങള്‍ ചിലര്‍ വിചാരിച്ചതുകൊണ്ടുമാത്രമാണ് മാധ്യമങ്ങളെ അറിയിക്കാന്‍ സാധിച്ചതെന്നും വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

Content Highlights: The incident in Kothamangalam was unfortunate’; the circumstances must be examined; Minister Roji M. John on the death of the college student.

അഞ്ജു ചന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.