ചണ്ഡീഗഢ്: പഞ്ചാബിലെ ഫഗ്വാരയിലെ ലവ്‌ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായെന്ന റിപ്പോര്‍ട്ടിന് പിന്നാലെ ഉയര്‍ന്ന സംഘര്‍ഷത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഒരു വിദ്യാര്‍ത്ഥി ഹൈക്കോടതിയെ സമീപിച്ചു.
സംഭവത്തില്‍ സര്‍വകലാശാലാ അധികൃതരുടെ ഇടപെടലും നിലവിലെ അന്വേഷണത്തിന്റെ രീതിയും സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ത്തിയാണ് ഹരജി.
ലൈംഗികാതിക്രമം നടന്നെന്ന ആരോപണത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ 28-നാണ് ക്യാമ്പസില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമായത്. പ്രതിഷേധം പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു.
ക്യാമ്പസ് പരിസരത്തെ വാഹനങ്ങള്‍ക്കും കടകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചില വാഹനങ്ങള്‍ക്കും വസ്തുക്കള്‍ക്കും തീയിടുകയും ചെയ്‌തെന്ന് റിപ്പോര്‍ട്ടുണ്ട്.
സംഭവത്തില്‍ അജ്ഞാത വ്യക്തിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ആരോപണം നടന്നതായി പറയുന്ന സ്ഥലത്തെ പ്രാഥമിക പരിശോധനയില്‍ സംഭവം സ്ഥിരീകരിക്കാനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിരുന്നു. വിദ്യാര്‍ത്ഥി പ്രതിനിധികളെയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംഭവത്തില്‍ സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം വേണമെന്നാണ് വിദ്യാര്‍ത്ഥി ഹരജിയില്‍ ആവശ്യപ്പെടുന്നത്.
Content Highlights: LPU Protest: Student moves High Court seeking CBI probe.
