നവാഗതനായ ശ്യാമിന്‍ ഗിരീഷിന്റെ സംവിധാനത്തില്‍ സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഇതാദ്യമായാണ് ഈ കോമ്പോ ഒന്നിക്കുന്നത്. നീലിന്‍ സാന്ദ്രയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

അഖിലാ ഭാര്‍ഗവന്‍ നായികവേഷത്തിലെത്തുന്ന ചിത്രം ഡോക്ടര്‍ പോള്‍സ് എന്റര്‍ടെയ്ന്‍മെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറില്‍ ഡോക്ടര്‍ പോള്‍ വര്‍ഗീസ്, സുജിത് ജെ. നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

കരിക്ക് ഫ്‌ളിക്കിലെ സാമര്‍ത്ഥ്യ ശാസ്ത്രമെന്ന ഹിറ്റ് വെബ് സീരിസിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച നീലിന്‍ സാന്ദ്ര ആദ്യമായി തിരക്കഥയൊരുക്കുന്ന സിനിമയാണ് മെഡിക്കല്‍ മിറാക്കിള്‍.

കഥയെ പറ്റി കൂടൂതല്‍ അപ്‌ഡേറ്റുകളൊന്നും പുറത്ത് വന്നിട്ടില്ല. എന്തായാലും പേര് പോലെ തന്നെ തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് സംഗീതും ഷറഫുദ്ദീനും സിനിമയിലെത്തുന്നത്. ഫാന്റസി ഴോണറിലാണ് സിനിമയൊരുങ്ങുന്നതെന്ന് പോസ്റ്റര്‍ സൂചന നല്‍കുന്നുണ്ട്. 55 ദിവസങ്ങളോളം നീണ്ട് നിന്ന സിനിമയുടെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും കൊച്ചിയില്‍ പുരോഗമിക്കുകയാണ്.

ചിത്രത്തില്‍ കോട്ടയം നസീര്‍, ആനന്ദ് മന്മഥന്‍, കിരണ്‍ പീതാംബരന്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. അഖില്‍ സേവ്യര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിങ് രാകേഷ് ചെറുമഠമാണ്.

കിഷ്‌കിന്ധാ കാണ്ഡം, എക്കോ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ മുജീബ് മജീദാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സിനിമ ഏപ്രില്‍-മെയ് മാസങ്ങളില്‍ തിയേറ്ററില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlight:  The first look of Sangeeth Pratap-Sharafudheen’s film Medical Miracle is out