സിനിമയില്‍ തുടരണമെന്ന ആഗ്രഹം പത്ത് വര്‍ഷത്തിനിപ്പുറവും ശക്തമാണ്: രജിഷ വിജയന്‍
Malayalam Cinema
സിനിമയില്‍ തുടരണമെന്ന ആഗ്രഹം പത്ത് വര്‍ഷത്തിനിപ്പുറവും ശക്തമാണ്: രജിഷ വിജയന്‍
ഐറിന്‍ മരിയ ആന്റണി
Saturday, 14th March 2026, 9:55 pm

മസ്തിഷ്‌ക മരണം എന്ന സിനമയ്ക്ക് ശേഷം വീണ്ടും പ്രേക്ഷകര്‍ക്കിടയില്‍ മുഴങ്ങി കേള്‍ക്കുന്ന പേരാണ് രജിഷ വിജയന്‍. അനുരാഗ കരിക്കിന്‍ വെള്ളത്തിലെ എലിസബത്തായി വന്ന് മലയാളികളുടെ ഹൃദയം കീഴടക്കിയ രജിഷ നീണ്ട പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറവും ഇന്‍ഡസ്ട്രിയില്‍ സജീവമാണ്.

ജൂണ്‍, ഫൈനല്‍സ് തുടങ്ങി നിരവധി മികച്ച സിനിമകളുടെ ഭാഗമായ രജിഷ തമിഴ് സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സ്റ്റെഫി സേവ്യറിന്റെ സംവിധാനത്തില്‍ എത്തിയ മധുര മനോഹര മോഹത്തിന് ശേഷം മലയാളത്തില്‍ അത്ര സജീവമാകതിരുന്ന താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് മസ്തിഷ മരണം. കൃഷന്ദിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ ഫ്രിഡ സോമനെന്ന കഥാപാത്രമായി നടി കയ്യടി നേടി.

ഇപ്പോഴിതാ, സിനിമയില്‍ അവസരം ലഭിക്കുന്നതുപോലെ തന്നെ, പ്രയാസമേറിയ കാര്യമാണ് നിലനില്‍ക്കുക എന്ന് രജിഷ പറയുന്നു. ഗൃലക്ഷ്മിയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘പത്ത് വര്‍ഷത്തിനിപ്പുറവും ഞാന്‍ ഇവിടെ തുടരുന്നു. ഈ യാത്രയില്‍ എനിക്ക് കൂട്ടായി നിന്ന ഒരുപാടുപേരുണ്ട്. സംവിധായകരും ഒപ്പം അഭിനയിച്ചവരും ടെക്‌നീഷ്യന്‍സും എല്ലാറ്റിനുമുപരി പ്രേക്ഷകരുടെ സ്‌നേഹവും നിലനില്‍പ്പിന് കരുത്ത് പകര്‍ന്നു. കാലിടറുമ്പോള്‍ കൂട്ടായി കുടുംബവും സുഹൃത്തുക്കളും ഒപ്പം നിന്നു. സിനിമയില്‍ നിലനില്‍ക്കുകയെന്നത് ചെറിയ കാര്യമല്ലെന്ന് അറിയാം.

സ്വയം നവീകരിച്ചും കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടും മാറിച്ചിന്തിച്ചും മാത്രമേ മുന്നോട്ട് സഞ്ചരിക്കാന്‍ കഴിയൂ. യാത്രകള്‍, എന്റെ ചിന്തകളെ ആഴത്തില്‍ സ്വാധീനിക്കുന്നുണ്ട്. മനുഷ്യരുമായി അടുത്തിടപഴകുമ്പോള്‍, കാഴ്ചകള്‍ കാണുമ്പോള്‍, തെറ്റും ശരിയും തിരിച്ചറിയുമ്പോള്‍ വ്യക്തിയെന്ന നിലയില്‍ മാറുന്നുണ്ട്,’ രജിഷയുടെ വാക്കുകള്‍.

വായിച്ച പുസ്തകങ്ങളും കാണുന്ന സിനിമകളുമെലല്ലാം ചിന്തകളെ നവീകരിക്കാന്‍ സഹായിക്കുന്നുണ്ടെന്നും ആദ്യ സിനിമയെ സമീപിച്ച അതേ ഉത്സാഹത്തോടെയും ആത്മാര്‍ത്ഥയോടെയുമാണ് ഇന്നും കഥാപാത്രങ്ങളെ സ്വീകരിക്കുന്നതെന്നും നടി പറയുന്നു. തന്റെ പോരായ്മകള്‍ മനസിലാക്കി അവയെ മറികടന്ന് മുന്നോട്ടുപോകാന്‍ സ്വയം പരിശ്രമിക്കുന്നുണ്ടെന്നും സിനിമയില്‍ തുടരണമെന്ന ആഗ്രഹം പത്ത് വര്‍ഷത്തിനിപ്പുറവും ശക്തമാണെന്നും രജിഷ കൂട്ടിച്ചേര്‍ത്തു.

2046ലെ കൊച്ചി നഗരത്തെ കാണിക്കുന്ന ഒരു സൈബര്‍ പങ്ക് സയന്‍സ്ഫിക്ഷന്‍ ചിത്രമായാണ് മസ്തിഷ്‌ക മരണം എത്തിയത്. സിനിമയില്‍ രജിഷ വിജയന് പുറമെ നിരഞ്ജ് മണിയന്‍പിള്ള രാജു, ദിവ്യ പ്രഭ, ജഗദീഷ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നു.

Content Highlight: The desire to continue in films is still strong after more than ten years: Rajisha Vijayan

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.