പരസ്യചിത്രങ്ങളിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്നയാളാണ് തരുണ്‍ മൂര്‍ത്തി. ലുക്മാന്‍ അവറാന്‍, ബാലു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത ഓപ്പറേഷന്‍ ജാവയാണ് തരുണ്‍ മൂര്‍ത്തിയുടെ ആദ്യ ചിത്രം.
പരസ്യചിത്രങ്ങളിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്നയാളാണ് തരുണ്‍ മൂര്‍ത്തി. ലുക്മാന്‍ അവറാന്‍, ബാലു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത ഓപ്പറേഷന്‍ ജാവയാണ് തരുണ്‍ മൂര്‍ത്തിയുടെ ആദ്യ ചിത്രം.
കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും മികച്ച വിജയം സ്വന്തമാക്കാന്‍ ആ സിനിമക്ക് സാധിച്ചിരുന്നു. രണ്ടാമത്തെ ചിത്രമായ സൗദി വെള്ളക്കയും തിയേറ്റര്‍ വിജയത്തോടൊപ്പം നിരവധി അവാര്‍ഡുകളും സ്വന്തമാക്കിയിരുന്നു.
ശോഭനയെയും മോഹന്‍ലാലിനെയും നായികാനായകന്മാരാക്കി സംവിധാനം ചെയ്ത തുടരും ആണ് തരുണിന്റെ സംവിധാനത്തില്‍ എത്തിയ ഏറ്റവും പുതിയ ചിത്രം. മോഹന്‍ലാലിന്റെ കരിയറിലെ മികച്ച സിനിമകളില്‍ ഒന്നായി അത് മാറിയിരുന്നു.
ഇപ്പോള്‍ സിനിമയില്‍ എത്താന്‍ തുടര്‍ച്ചയായ ശ്രമങ്ങള്‍ വേണമെന്ന് പറയുകയാണ് തരുണ്‍ മൂര്‍ത്തി. താനും നടന്‍ ലുക്മാന്‍ അവറാനും തങ്ങള്‍ക്ക് മുമ്പ് വന്നിട്ടുള്ള എല്ലാ സംവിധായകര്‍ക്കും മെസേജ് അയച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.
‘നമ്മള്‍ എപ്പോഴും സിനിമയില്‍ ട്രൈ ചെയ്ത് കൊണ്ടേയിരിക്കണം. ഞാനും നടന്‍ ലുക്മാനുമൊക്കെ ഞങ്ങള്‍ക്ക് മുമ്പേ വന്നിട്ടുള്ള എല്ലാ സംവിധായകര്‍ക്കും ഫേസ്ബുക്കില്‍ മെസേജ് അയച്ചിട്ടുണ്ട്. അവരുടെ മെസഞ്ചറില്‍ ഞങ്ങളുടെ മെസേജ് ഉറപ്പായും കാണും. ഇന്‍സ്റ്റഗ്രാമിലും കാണാം.
ഓപ്പറേഷന്‍ ജാവ എന്ന സിനിമ ഇറങ്ങിയ സമയത്ത് പല സംവിധായകരും നമുക്ക് മെസേജ് അയച്ചിരുന്നു. ആ സമയത്ത് അവര്‍ നോക്കുമ്പോള്‍ അവര്‍ക്ക് ഞങ്ങളുടെ ഒരു ലോഡ് മെസേജ് വന്ന് കിടക്കുന്നത് കാണും (ചിരി).
നമ്മള്‍ എപ്പോഴും ട്രൈ ചെയ്യുക എന്നത് തന്നെയാണ് കാര്യം. പിന്നെ സിനിമ എന്നത് മായാലോകമാണ്. ആ മായാലോകത്ത് വീണുപോകരുത് എന്നതിലുമുണ്ട് കാര്യം. വീഴാതിരിക്കാന്‍ പരമാവധി നോക്കുക തന്നെ വേണം.
ഞങ്ങള്‍ ഇതുവരെയും വീണിട്ടില്ല. അങ്ങനെ വീഴാതിരിക്കാന്‍ ഞങ്ങള്‍ മാക്‌സിമം നോക്കുന്നുണ്ട്. നമ്മള്‍ ആഗ്രഹിക്കുന്നതിലും ചെയ്യുന്നതിലും ജെനുവിനിറ്റി ഉണ്ടെങ്കില്‍ നമുക്ക് അര്‍ഹതപ്പെട്ടത് നമ്മളിലേക്ക് തന്നെ വരും,’ തരുണ്‍ മൂര്‍ത്തി പറയുന്നു.
Content Highlight: Tharun Moorthy Talks About Lukman Avaran And Cinema Field