കൊച്ചി: വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ദല്‍ഹി ജന്തര്‍ മന്ദറില്‍ നടന്ന വിദ്യാര്‍ത്ഥി സമരത്തിനെതിരെ വിദ്വേഷ പരാമര്‍ശങ്ങളുമായി സംഘപരിവാര്‍ ചിന്തകന്‍ ടി.ജി. മോഹന്‍ദാസ്. ഒരു യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും അപ് ലോഡ് ചെയ്ത വീഡിയോയിലാണ് മോഹന്‍ ദാസിന്റെ പരാമര്‍ശം.
ജന്തര്‍ മന്ദര്‍ സമരത്തിനൊടുവില്‍ ധര്‍മേന്ദ്ര പ്രധാന്റെ രാജി അംഗീകരിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെക്കുറിച്ച് ടി.ജി മോഹന്‍ദാസ് സംസാരിക്കുന്ന ഒരു വീഡിയോ ആണ് പത്രിക എന്ന യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും അപ് ലോഡ് ചെയ്തിട്ടുള്ളത്.
ധര്‍മേന്ദ്ര പ്രധാന്റെ രാജി അംഗീകരിച്ച തീരുമാനം കേന്ദ്രസര്‍ക്കാരിന്റെ വിജയമോ പരാജയമോ എന്ന് ചോദിക്കുകയും അവസാനം അത് കേന്ദ്രസര്‍ക്കാരിന്റെ തന്ത്രപരമായ തീരുമാനമാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നതാണ് വീഡിയോ.
എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ സമരത്തെ എങ്ങനെ നേരിടുമെന്നും വീഡിയോയില്‍ മോഹന്‍ദാസ് പറയുന്നു. താനായിരുന്നെങ്കില്‍ സമരസ്ഥലത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ച് വെടിവെപ്പിന് ഉത്തരവിടുമെന്നാണ് മോഹന്‍ദാസ് പറയുന്നത്. വെടിവെപ്പില്‍ കുറേ പേര്‍ കൊല്ലപ്പെടുമെന്നും പലര്‍ക്കും അംഗഭംഗം വരുമെന്നും ശവങ്ങള്‍ പെറുക്കി ആശുപത്രിയില്‍ എത്തിക്കുമായിരുന്നെന്നും അയാള്‍ വീഡിയോയില്‍ പറയുന്നു.
‘എനിക്ക് ഈ സിറ്റുവേഷന്‍ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ എന്തു ചെയ്യും എന്ന് നിങ്ങളോട് പറയാം. ഞാന്‍ ആ പ്രദേശത്ത് കര്‍ഫ്യൂ ചുമത്തും. ജന്തര്‍ മന്ദര്‍ പരിസരത്ത് ഒരു നാല് സ്‌ക്വയര്‍ കിലോമീറ്ററില്‍ കര്‍ഫ്യൂ ചുമത്തും.
ജനക്കൂട്ടത്തോട് പിരിഞ്ഞു പോകാന്‍ മൈക്കില്‍ ആവശ്യപ്പെടും. മൂന്നു തവണ ആവശ്യപ്പെടും. പിന്നെ വെടിവയ്ക്കും.
ആളുകള്‍ ചിതറിയോടും. കുറെ പേര് മരിക്കും. കുറേ പേര് മരിക്കില്ല. കുറേ പേര്‍ക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം ഒരു നാലു മണിക്കൂര്‍ കൊണ്ട് ഈ രംഗം ശാന്തമാകും. ശവങ്ങള്‍ പെറുക്കി ആശുപത്രിയില്‍ എത്തിക്കും.
കുറേ കാര്യങ്ങള്‍ നടക്കും. ഇപ്പോള്‍, ശരി ഞാന്‍ ഇങ്ങനെ ചെയ്യുന്നത് ഒരു പരിഹാരം ആണ്. പ്രക്ഷോഭം ഒക്കെ അടിച്ചമര്‍ത്താന്‍ പറ്റും. ‘ മോഹന്‍ദാസ് പറയുന്നു.
ഇതുപോലത്തെ പ്രക്ഷോഭം സപ്രസ് ചെയ്ത ആളാണ് പ്രധാനമന്ത്രി മോദിയെന്നും മോഹന്‍ദാസ് പറഞ്ഞു. എന്നിട്ട് ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള ചില പരാമര്‍ശങ്ങളും മോഹന്‍ദാസ് നടത്തി.
‘ഗുജറാത്ത് കലാപം ഓര്‍ത്തു നോക്കുക. ഗുജറാത്തിലെ 14 ജില്ലകളില്‍ ആയിരുന്നു അന്ന് കലാപം. ഒരു ഭരണതല പരിചയവും ഇല്ലാത്ത നരേന്ദ്രമോദി എന്ന മുഖ്യമന്ത്രിയാണ് അത് ഹാന്‍ഡില്‍ ചെയ്തത്,’ മോഹന്‍ദാസ് പറഞ്ഞു.
ജന്തര്‍ മന്ദര്‍ സമരത്തില്‍ പങ്കെടുത്ത യുവാക്കള്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശങ്ങളും മോഹന്‍ദാസ് നടത്തി. ‘വോക്ക് രാഷ്ട്രീയം പറയുന്നവര്‍ എന്ത് ഹീനകൃത്യവും ചെയ്യും’ എന്നതടക്കമുള്ള പരാമര്‍ശങ്ങളാണ് മോഹന്‍ദാസ് നടത്തിയത്. സമരത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും രാജ്യവിരുദ്ധരാണെന്ന ആരോപണവും അയാള്‍ ആവര്‍ത്തിച്ചു.
‘അട്ടിമറി നടത്തിയാല്‍ ജനങ്ങള്‍ എതിരാകും എന്ന് സി.ജെ.പിക്കും ഒപ്പമുള്ളവര്‍ക്കും അറിയാം. അതിനുപകരം ഇവര് പ്ലാന്‍ ചെയ്തിരുന്നത് ഈ എട്ടും പൊട്ടും തിരിയാത്ത ചെറുപ്പക്കാരെയും ചെറുപ്പക്കാരികളെയും ഇളക്കിവിടാനാണ്.
വോക്ക് തലയില്‍ കയറിയാല്‍ പിന്നെ അറുതല തുള്ളുന്ന പോലെയാണ്. പിന്നെ എന്തും ചെയ്യും. എന്ത് ഹീനകൃത്യം ചെയ്യും. ഇവരെ ആത്മഹത്യ ചെയ്യിക്കാന്‍ വളരെ എളുപ്പമാണ്. തലയില്‍ മണ്ണെണ്ണയോ പെട്രോള ഒഴിച്ചിട്ട് തീ കൊളുത്തുക.
ചെറുപ്പക്കാര്‍ പട്ടണങ്ങളില്‍ മാതൃകാപരമായിട്ട് എല്ലാവരും കാണുകെ തലയില്‍ മണ്ണെണ്ണ ഒഴിച്ചോ പെട്രോള്‍ ഒഴിച്ചോ തീ കൊളുത്തി എന്ന് വെക്കുക. അത് ഹാന്‍ഡില്‍ ചെയ്യാനും മാര്‍ഗങ്ങളുണ്ട്,’ എന്നാണ് സംഘപരിവാര്‍ ചിന്തകന്റെ പരാമര്‍ശം.
സമരവുമായി ബന്ധപ്പെട്ട് മോദി പരാജയപ്പെട്ടു എന്നുള്ള ഒരു നറേറ്റീവിന് നിന്നു കൊടുക്കരുതെന്നും തന്ത്രപരമായ പിന്മാറ്റമാണ് രാഷ്ട്ര താത്പര്യത്തിന് വേണ്ടതെങ്കില്‍ അത് ചെയ്യണമെന്നും മോഹന്‍ദാസ് പറഞ്ഞു. എന്നാല്‍ താന്‍ വ്യക്തിപരമായി ആ തീരുമാനത്തിന് എതിരാണെന്നും അയാള്‍ വ്യക്തമാക്കി.
കീഴടങ്ങണോ കീഴടക്കണോ എന്ന് ചോദിച്ചാല്‍ കീഴടക്കണം എന്ന് വാദിക്കുന്ന കൂട്ടത്തിലാണ് താന്‍. പക്ഷേ കീഴടങ്ങുന്നതാണ് നല്ലത് എന്ന് വാദിക്കുന്നവരെ സീരിയസ് ആയിട്ട് ബഹുമാനിക്കുകയും അവരുടെ പ്രയാസം മനസ്സിലാക്കുകയും ചെയ്യുമെന്നും മോഹന്‍ദാസ് വീഡിയോയില്‍ പറയുന്നു.
Content Highlight: TG Mohandas Hate Comments Against Jantar Mandar Protest
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.