മുംബൈ: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ വിമര്‍ശനവുമായി ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. ബാബറി മസ്ജിദ് സ്വയം തകര്‍ന്നു വീഴുകയായിരുന്നു എന്ന ഒറ്റ വരിയാണ് കൂപ്പു കൈ സ്‌മൈലിയോടെ സ്വര ട്വീറ്റ് ചെയ്തിരിക്കുന്നത്.

 

ഇതിനകം നിരവധി പേരാണ് കോടതി വിധിയില്‍ പ്രതികരണവുമായി രംഗത്തു വന്നിരിക്കുന്നത്. പുതിയ ഇന്ത്യയിലെ നീതി ഇങ്ങനെയാണെന്നും അയോധ്യയില്‍ പള്ളി ഉണ്ടായിരുന്നില്ലെന്നതടക്കം വിധി വന്നേക്കാമെന്നുമാണ് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചിരിക്കുന്നത്.

”അവിടെ പള്ളി ഉണ്ടായിട്ടേയില്ല.പുതിയ ഇന്ത്യയിലെ നീതി”, പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ എഴുതി.

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ഫോട്ടോകള്‍ തെളിവായി അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞാണ് കേസിലെ പ്രതികളെ വെറുതെവിട്ടത്. കേസില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റം സി.ബി.ഐക്ക് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി കുറ്റപ്പെടുത്തി.

എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളായിരുന്നു. 351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകള്‍ പരിശോധിച്ചിരുന്നു.

ബാബറി മസ്ജിദ് തകര്‍ത്തതില്‍ ഒരു ഗൂഢാലോചനയും നടന്നില്ലെന്നും വളരെ ആകസ്മികമായാണ് മസ്ജിദ് തകര്‍ക്കപ്പെട്ടതെന്നും നിരീക്ഷിച്ച കോടതി കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് നേതാക്കള്‍ തടയാനാണ് ശ്രമിച്ചെതെന്നും പറഞ്ഞു. അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും പ്രകോപിതരായ ആള്‍ക്കൂട്ടത്തെ തടഞ്ഞെന്നും കോടതി അഭിപ്രായപ്പെട്ടു.

28 കൊല്ലം പഴക്കമുള്ള കേസിലാണ് ലഖ്നൗ പ്രത്യേക കോടതി വിധി പറഞ്ഞത്. കേസിലെ പ്രതികളില്‍ ജീവിച്ചിരിക്കുന്ന 32 പേരേയും കുറ്റവിമുക്തരാക്കിക്കൊണ്ടായിരുന്നു കോടതി വിധി. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് ആണ് കേസില്‍ വിധി പറഞ്ഞത്.

കോടതി വിധിയെ സ്വാഗതം ചെയ്ത് എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും രംഗത്തെത്തിയിട്ടുണ്ട്. മഹത്വപൂര്‍ണ്ണമായ വിധിയാണ് ഇന്ന് വന്നിരിക്കുന്നതെന്നും ഇത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും സന്തോഷത്തിന്റെ നിമിഷങ്ങളാണെന്നും എല്‍.കെ അദ്വാനി പറഞ്ഞു.

അതേസമയം ചരിത്രവിധിയാണിതെന്നായിരുന്നു മുരളി മനോഹര്‍ ജോഷി പ്രതികരിച്ചത്. ഡിസംബര്‍ ആറിന് ബാബറിയില്‍ നടന്ന സംഭവത്തിന് പിന്നില്‍ യാതൊരു ഗൂഢാലോചനയും നടന്നിട്ടില്ലെന്നും ആക്സ്മികമായാണ് എല്ലാം സംഭവിച്ചിതെന്നും ഈ വിധി തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ ബി.ജെ.പി നടത്തിയ സമരത്തിന്റെ ഏക ഉദ്ദേശം രാജ്യത്തെ ജനങ്ങളെ രാം മന്ദിര്‍ നിര്‍മ്മാണത്തെക്കുറിച്ച് ബോധവത്കരിക്കലും അതിനായുള്ള സാഹചര്യങ്ങള്‍ ഒരുക്കലുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി അധ്യക്ഷനെന്ന നിലയില്‍ താന്‍ ഈ സമരങ്ങളുടെ ഭാഗമാകുകയായിരുന്നെന്നും ജോഷി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Swara Bhaskar on Babari masjid verdict