ഹിറ്റ് സിനിമകൾ സമ്മാനിച്ചുകൊണ്ടിരിക്കുന്ന 2024ലെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫഹദ് ഫാസില്‍ ചിത്രമാണ് ആവേശം. രോമാഞ്ചമെന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്. മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം സുഷിന്‍ ശ്യാം സംഗീതം ചെയ്യുന്ന ചിത്രത്തിലെ പാട്ടുകളെല്ലാം ഇതിനോടകം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിട്ടുണ്ട്.

ചിത്രത്തിൽ ജാഡ എന്ന ഗാനം ആലപിച്ചത് ശ്രീനാഥ് ഭാസിയാണ്. ജാഡ പാട്ട് ഭാസിയെക്കൊണ്ട് പാടിപ്പിക്കണമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നെന്ന് സുഷിൻ ശ്യാം. ഭാസിയുടെ ജാഡ തനിക്ക് ഇഷ്ടമാണെന്നും അവൻ ഈ പാട്ട് പാടണം എന്നുള്ളത് തന്റെ ആഗ്രഹമായിരുന്നെന്നും സുഷിൻ കൂട്ടിച്ചേർത്തു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുഷിൻ.

‘ഭാസിയെ കൊണ്ട് ജാഡ പാടിപ്പിക്കണമെന്ന് എനിക്കെന്തോ വലിയ ആഗ്രഹം ഉണ്ടായിരുന്നു. ഭാസിയുടെ ജാഡ എനിക്ക് വലിയ ഇഷ്ടമാണ്. എന്റെ ആവശ്യമാണ് ഭാസി പാടണം എന്നുള്ളത്. കാരണം ജാഡ പാട്ടിന് ആ വോയിസ് അല്ലാതെ വേറൊരു സൗണ്ട് മനസിലേക്ക് വരുന്നില്ല. ഞാൻ ഭാസിക്ക് ചുമ്മാ ട്രാക്ക് അയച്ചു കൊടുത്തു. ഭാസി യേ…. എന്ന് പറഞ്ഞു. അങ്ങനെ പാടിപ്പിച്ചു. അത്രയേ ഉള്ളൂ. തുടർന്നും പാടിപ്പിക്കും,’ സുഷിൻ ശ്യാം പറഞ്ഞു.

ആദ്യ ഷോ കണ്ടിറങ്ങിയ പ്രേക്ഷകരെല്ലാം ആവേശത്തെക്കുറിച്ച് കുറിച്ച് ഗംഭീര അഭിപ്രായങ്ങളാണ് പങ്കുവെക്കുന്നത്. ഫഹദിന്റെ വണ്‍ മാന്‍ ഷോയാണ് ചിത്രമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ബെംഗളൂരു സ്വദേശിയായ രംഗ എന്ന അധോലോക നായകനെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മിക്കുന്നത്.

ഫഹദിന് പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.

Content Highlight: Sushin shyam about why he choose basi for jada song