തമിഴ് സിനിമകളുടെ ആകെ കളക്ഷന്‍ 1600 കോടി, അതില്‍ 500 കോടിയും ഒരാളുടെ വക
Indian Cinema
തമിഴ് സിനിമകളുടെ ആകെ കളക്ഷന്‍ 1600 കോടി, അതില്‍ 500 കോടിയും ഒരാളുടെ വക
അമര്‍നാഥ് എം.
Monday, 24th August 2026, 7:00 pm

ഒരുകാലത്ത് ഇന്ത്യന്‍ സിനിമയിലെ ടോപ് പൊസിഷനില്‍ നിന്നിരുന്ന തമിഴ് സിനിമ ഇന്ന് വലിയൊരു ഡൗണ്‍ഫാളാണ് നേരിടുന്നത്. രജിനിയും കമല്‍ ഹാസനും പഴയ പ്രതാപം നഷ്ടപ്പെടുകയും അജിത് റേസിലേക്കും വിജയ് രാഷ്ട്രീയത്തിലേക്കും പോയതോടെ കോളിവുഡ് നാഥനില്ലാ കളരിയായി മാറിയെന്നത് വ്യക്തമാണ്. ഈ വര്‍ഷം തമിഴില്‍ നിന്നുള്ള ഹിറ്റുകളുടെ എണ്ണത്തിലും ഇത് കാണാനാകും.

2026ല്‍ എട്ട് മാസങ്ങള്‍ അവസാനിക്കുമ്പോള്‍ ഇതുവരെയുള്ള തമിഴ് സിനിമകളുടെ ആകെ കളക്ഷന്‍ 1600 കോടിയാണ്. വന്‍ ഹൈപ്പിലെത്തിയ സിനിമകളില്‍ ചിലത് പ്രതീക്ഷക്കൊത്ത് ഉയരാത്തത് തിരിച്ചടിയായി. സൂര്യയുടെ കറുപ്പാണ് നിലവില്‍ കോളിവുഡിലെ ഇയര്‍ ടോപ്പര്‍. രണ്ടാം സ്ഥാനത്ത് വിജയ്‌യുടെ ജന നായകനാണ്.

തമിഴ് സിനിമയിലെ ടോട്ടല്‍ കളക്ഷന്റെ 30 ശതമാനവും ഒരു നടന്റെ പേരിലാണ്. കറുപ്പിന്റെ 330 കോടിയും വിശ്വനാഥ് ആന്‍ഡ് സണ്‍സിന്റെ 170 കോടിയും ചേര്‍ത്ത് 500 കോടിക്കടുത്താണ് സൂര്യ ഒറ്റക്ക് നേടിയെടുത്തത്. ജന നായകനിലൂടെ വിജയ് 300 കോടി കടന്നെങ്കിലും അമിതമായ ബജറ്റും റൈറ്റ്‌സും കാരണം ചിത്രം പരാജയമായി.

13 വര്‍ഷത്തോളം നല്ലൊരു ഹിറ്റില്ലാതിരുന്ന സൂര്യയുടെ ഹിസ്‌റ്റോറിക്കല്‍ കംബാക്കാണ് ഈ വര്‍ഷം കാണാന്‍ സാധിച്ചത്. കറുപ്പിലൂടെ തമിഴ്‌നാട്ടിലും വിശ്വനാഥ് ആന്‍ഡ് സണ്‍സിലൂടെ തെലുങ്ക് മാര്‍ക്കറ്റും താരം തിരിച്ചുപിടിച്ചു. ആന്ധ്രയില്‍ നിന്ന് മാത്രം 50 കോടിയിലേറെ നേടി തന്റെ ടെറിട്ടറിയില്‍ സൂര്യ പ്രബലനാണെന്ന് വീണ്ടും തെളിയിച്ചു.

തമിഴ്‌നാടും ആന്ധ്രയും തിരിച്ചുപിടിച്ച താരത്തിന്റെ അടുത്ത ലക്ഷ്യം കേരളമാണ്. ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന സൂര്യ 47 ബോക്‌സ് ഓഫീസില്‍ വലിയ ചലനമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. ആവേശത്തിന് ശേഷം ജിത്തു മാധവന്‍ ഒരുക്കുന്ന ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് സൂര്യ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ഡബ്ബിങ് വര്‍ക്കുകള്‍ കഴിഞ്ഞദിവസം ആരംഭിച്ചു.

ഈ വര്‍ഷം ദീപാവലിക്ക് സൂര്യ 47 തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രം ഹിറ്റായാല്‍ ഒരു വര്‍ഷം മൂന്ന് 100 കോടി സിനിമകള്‍ സ്വന്തം പേരിലുള്ള ആദ്യ തമിഴ് നടനായി സൂര്യ മാറിയേക്കും. ഒരു സിനിമക്കായി രണ്ട് വര്‍ഷത്തോളം സമയം മാറ്റിവെക്കാതെ വര്‍ഷത്തില്‍ മൂന്ന് സിനിമ എന്ന രീതിയിലാണ് സൂര്യ കരിയര്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. ഇതേ രീതിയില്‍ പോവുകയാണെങ്കില്‍ കോളിവുഡ് ‘ദി വണ്‍’ ഭരിക്കുമെന്നാണ് ആരാധകരുടെ വാദം.

Content Highlight: Suriya’s last two movies cumulative collection is 500 crores

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം