ഒ.ടി.ടി റിലീസിന് പിന്നാലെ പ്രേക്ഷകരില്‍ നിന്ന് വലിയ സ്വീകാര്യത നേടുന്ന ‘ബെത്ലഹേം കുടുംബ യൂണിറ്റ് ‘പല രീതിയില്‍ ചര്‍ച്ചയാവുകയാണ്. താരങ്ങളുടെ പ്രകടനവും ഗാനങ്ങളും ലൊക്കേഷനും എന്നുവേണ്ട ചിത്രത്തിലെ ഓരോ ഡിപാര്‍ട്‌മെന്റിനെ കുറിച്ചും ആളുകള്‍ സംസാരിക്കുന്നുണ്ട്. അത്തരത്തില്‍ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി ചര്‍ച്ച ചെയ്യപ്പെടുന്നത് ഛായാഗ്രഹണമാണ്.

കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും അനുയോജ്യമായ ഫ്രെയിമിങ്ങിനൊപ്പം, കൃത്യമായ സമയത്ത് എത്തുന്ന ക്യാമറാ മൂവ്മെന്റുകളും സ്ലോമോഷന്‍ ഷോട്ടുകളുമെല്ലാം ചിത്രത്തിന്റെ ഹ്യൂമറിനും വലിയ പിന്തുണ നല്‍കുന്നുണ്ട്. ചിത്രത്തിലെ ചില ശ്രദ്ധേയമായ രംഗങ്ങള്‍ എങ്ങനെയാണ് ഷൂട്ട് ചെയ്തതെന്ന് പറയുകയാണ് ഡി.ഒ.പി അജ്മല്‍ സാബു.

സുരേഷ് കൃഷ്ണയുടെ കഥാപാത്രം ചാടുന്ന രംഗമാണ് അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്ന്. സാധാരണ രീതിയില്‍ ചിത്രീകരിച്ചിരുന്നെങ്കില്‍ ആ രംഗത്തിന് ലഭിക്കുമായിരുന്ന ഇംപാക്ട് ഇത്രത്തോളം ഉണ്ടാകുമായിരുന്നില്ലെന്നാണ് അജ്മല്‍ സാബു പറയുന്നത്.

സുരേഷ് കൃഷ്ണയുടെ ചാട്ടം, ലാലേട്ടന്റെ തുടക്കത്തിലെ സീന്‍ പോലെ തന്നെ ചിത്രീകരിച്ചതാണെന്നും എന്നാല്‍ മാത്രമേ പ്രേക്ഷകന് അത് സ്പൂഫായി തോന്നുള്ളൂവെന്നും അദ്ദേഹം പറയുന്നു.

‘സുരേഷേട്ടന്റെ ചാട്ടം ലാല്‍സാറിന്റെ ചാട്ടം പോലെ എടുത്താലേ അതൊരു സ്പൂഫായി തോന്നുള്ളൂ. ടോട്ടല്‍ പടത്തില്‍ സ്ലോമോഷന്‍ ഷോട്ട് വളരെ കുറവാണ്. ഗിരീഷിന്റെ നോര്‍മല്‍ പടങ്ങളില്‍ എല്ലാം നോര്‍മല്‍ ഫ്രെയിമിലായിരിക്കും ഷൂട്ട് ചെയ്യുക. ഈ സീന്‍ 200 ഫ്രെയിംസിലാണ് ഷൂട്ട് ചെയ്തത്,’ അജ്മല്‍ സാബു പറഞ്ഞു.

അതുവരെ വളരെ റിയലിസ്റ്റിക്കായി മുന്നോട്ട് പോകുകയും പെട്ടെന്ന് ഒരു ആക്ഷന്‍ സിനിമയിലെ രംഗം പോലെ സ്ലോമോഷനിലേക്ക് മാറുകയും ചെയ്യുന്നതാണ് പ്രേക്ഷകരില്‍ ചിരിയുണ്ടാക്കുന്നതെന്നും അ്ജമല്‍ പറഞ്ഞു.

അത്രയും നേരം റിയലായി പോയ ഒരു സാധനം പെട്ടെന്ന് ഒരു സ്ലോമോഷന്‍ രീതിയില്‍ ആക്ഷന്‍ മൂവി ടൈപ്പില്‍ എഡിറ്റും വിഷ്വലും വരുമ്പോള്‍ ആള്‍ക്കാര്‍ക്ക് ചിരി കിട്ടും. എക്സാക്ട് അതുപോലെ റീക്രിയേറ്റ് ചെയ്തതുകൊണ്ടായിരിക്കാം അത് അത്രയും വര്‍ക്കായത്. അതേസമയം, ആ ചാട്ടം കൃത്യമായി സ്‌ക്രീനില്‍ എത്തിക്കുന്നതിന് സുരേഷേട്ടനും ഏറെ ശ്രമിച്ചിരുന്നുവെന്നും അജ്മല്‍ സാബു പറയുന്നു.

‘ആ ചാട്ടത്തിന് സുരേഷേട്ടന്‍ കുറച്ചധികം എഫേര്‍ട്ടുണ്ട്. കുറച്ചധികം ടേക്കുകള്‍ പോയിട്ടുണ്ട്. കാരണം അതേപോലെ തന്നെ വരണമല്ലോ. മുണ്ടൊക്കെ മാക്സിമം അതേ പോലെ വരുത്താന്‍ നോക്കിയിട്ടുണ്ട്,’ അജ്മല്‍ സാബു പറഞ്ഞു.

ചിത്രത്തിലെ മറ്റൊരു ശ്രദ്ധേയമായ കഥാപാത്രമാണ് ശ്യാം മോഹന്‍ അവതരിപ്പിച്ച ഹരി ചാക്യാര്‍. ചിത്രീകരണം തുടങ്ങി ആദ്യ പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ കഥാപാത്രത്തിന്റെ രംഗങ്ങള്‍ ഷൂട്ട് ചെയ്തിരുന്നുവെന്നും അജ്മല്‍ സാബു പറയുന്നു.

‘ആദ്യ 10 ദിവസത്തിനുള്ളിലാണ് ശ്യാമിന്റെ ചാക്യാര്‍ ഷൂട്ട് ചെയ്തത്. ശ്യാം ആ ക്യാരക്ടര്‍ എങ്ങനെ വ്യത്യസ്തമാക്കുമെന്ന് അറിയാന്‍ ഞാനും എക്സൈറ്റഡ് ആയിരുന്നു. ശ്യാമിന് എന്ത് കിട്ടിക്കഴിഞ്ഞാലും പുള്ളി അതില്‍ ഒരു ഐറ്റം ഇടും.

ശ്യാം കുറച്ച് എക്സ്പ്രഷനൊക്കെ കാണിച്ചപ്പോള്‍ തന്നെ ഗിരീഷ് ഹാപ്പിയായിരുന്നു. ഷൂട്ട് ചെയ്യുമ്പോള്‍ അതിനെ എങ്ങനെ കൂടുതല്‍ ഫണ്ണിയാക്കാം എന്ന രീതിയിലാണ് ഞാന്‍ നോക്കിയത്,’ അജ്മല്‍ പറഞ്ഞു. ക്യാമറയുടെ മൂവ്മെന്റുകള്‍ പോലും അതിലെ ഹ്യൂമര്‍ കൂട്ടുന്ന രീതിയിലാണ് ഒരുക്കിയതെന്നും അജ്മല്‍ കൂട്ടിച്ചേര്‍ത്തു.

Sureshettan put in a lot of effort to make the jump look like Lalettan’s; DOP Ajmal Sabu