നായകനാക്കാമെന്ന് പറഞ്ഞ് എന്നെയും പറ്റിച്ചു; ഓഡിഷൻ അനുഭവത്തെ കുറിച്ച് സുരേഷ് കൃഷ്ണ
Malayalam Cinema
നായകനാക്കാമെന്ന് പറഞ്ഞ് എന്നെയും പറ്റിച്ചു; ഓഡിഷൻ അനുഭവത്തെ കുറിച്ച് സുരേഷ് കൃഷ്ണ
അജ്മല്‍ കെ
Tuesday, 18th August 2026, 3:39 pm

സ്പോർട്സിലൂടെ സർക്കാർ ജോലി നേടണമെന്നായിരുന്നു ചെറുപ്പത്തിൽ തന്റെ ആഗ്രഹമെന്ന് നടൻ സുരേഷ് കൃഷ്ണ. ഉയരം കൂടുതലായിരുന്നതിനാൽ വോളിബോൾ ഉൾപ്പെടെയുള്ള കായിക ഇനങ്ങളിൽ സജീവമായിരുന്നു. സ്പോർട്സ് ക്വാട്ടയിൽ സർക്കാർ ജോലി നേടുകയായിരുന്നു അന്നത്തെ ലക്ഷ്യം. എന്നാൽ ജീവിതം പിന്നീട് തന്നെ സിനിമയിലേക്കാണ് എത്തിച്ചതെന്ന് സുരേഷ് കൃഷ്ണ പറയുന്നു.

ചെറുപ്പത്തിൽ സിനിമയോട് വലിയ താത്പര്യമുണ്ടായിരുന്നില്ലെന്നും പ്രീഡിഗ്രി കാലത്താണ് സിനിമയോട് കൂടുതൽ അടുക്കുന്നതെന്നും താരം പറഞ്ഞു. കോടമ്പാക്കത്തെ സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് നിരവധി സിനിമാതാരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടെയും മക്കൾക്കൊപ്പം പഠിക്കാൻ അവസരം ലഭിച്ചിരുന്നു. പുതുമുഖങ്ങളെ തേടിയെത്തുന്നവരും അക്കാലത്ത് സ്കൂളിലെത്താറുണ്ടായിരുന്നെന്നും താരം കൂട്ടിച്ചേർത്തു.

സുരേഷ് കൃഷ്ണ.Photo: Screengrab/ Youtube.com

‘ചെന്നൈയിൽ നിരവധി ഓഡിഷൻ തട്ടിപ്പുകൾ നടന്നിരുന്ന കാലമായിരുന്നു. ഇല്ലാത്ത സിനിമകളുടെ പേരിൽ പണം വാങ്ങുകയും ഫോട്ടോഷൂട്ടിന്റെ പേരിൽ ആളുകളെ കബളിപ്പിക്കുകയും ചെയ്യുന്ന സംഘങ്ങൾ അന്ന് സജീവമായിരുന്നു. അത്തരമൊരു തട്ടിപ്പിന് താനും ഇരയായെങ്കിലും, അതേ അനുഭവമാണ് പിന്നീട് അഭിനയത്തിലേക്ക് തിരിയാനുള്ള പ്രചോദനമായത്,’താരം പറഞ്ഞു.

‘അസോസിയേറ്റ് ഡയറക്ടറാണെന്ന് പറഞ്ഞാണ് ഒരാൾ എന്നെ പരിചയപ്പെടുന്നത്. പ്രശസ്തനായ ഒരു സംവിധായകന്റെ അടുത്ത സിനിമയിൽ ഞാനാണ് നായകനെന്നും പറഞ്ഞു. ആദ്യം ഞാൻ ഒഴിഞ്ഞുമാറിയെങ്കിലും അയാൾ പലതവണ വന്ന് എന്നെ വിശ്വസിപ്പിച്ചു. പിന്നീട് ചെന്നൈയുടെ പല ഭാഗങ്ങളിൽ കൊണ്ടുപോയി ഫോട്ടോഷൂട്ടും നടത്തി,’ സുരേഷ് കൃഷ്ണ പറഞ്ഞു.

എന്നാൽ ആ ഫോട്ടോഷൂട്ട് തന്നെയാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറിയത്. എടുത്ത ചിത്രങ്ങളിലെല്ലാം തന്റെ മുഖത്ത് ഒരേ ഭാവമാണെന്ന് അയാൾ ചൂണ്ടിക്കാട്ടുകയായിരുന്നു. അഭിനയം പ്രൊഫഷണലായി പഠിക്കണമെന്ന നിർദേശം ലഭിച്ചതോടെ ആദ്യമായി അഭിനയത്തെക്കുറിച്ച് ഗൗരവമായി ചിന്തിച്ചുതുടങ്ങിയെന്നും താരം പറഞ്ഞു.

‘ഫോട്ടോകളിലെല്ലാം എന്റെ മുഖത്ത് ഒരേ ഭാവമായിരുന്നു. അതിനെക്കുറിച്ച് ചോദിച്ചപ്പോൾ അഭിനയം പ്രൊഫഷണലായി പഠിക്കണമെന്ന് അയാൾ പറഞ്ഞു. ശരിക്കും ആ പോയിന്റിൽ വച്ചാണ് ഒന്ന് ശ്രമിച്ചുനോക്കിയാലോ എന്ന് എനിക്ക് തോന്നിയത്,’നടൻ കൂട്ടിച്ചേർത്തു.

സുരേഷ് കൃഷ്ണ.Photo: Screengrab/ Youtube.com

നായകനാകാനുള്ള അവസരമെന്ന പേരിൽ തുടങ്ങിയ ഒരു തട്ടിപ്പാണ് ഒടുവിൽ സുരേഷ് കൃഷ്ണയുടെ ജീവിതത്തിൽ അഭിനയത്തിലേക്കുള്ള വാതിൽ തുറന്നത്. സർക്കാർ ജോലി നേടണമെന്ന ആഗ്രഹത്തിൽ നിന്ന് സിനിമയിലെത്തിയതിന്റെ പിന്നിലെ ഈ അപ്രതീക്ഷിത വഴിത്തിരിവാണ് താരം ഇപ്പോൾ ഗൃഹലക്ഷ്മിയിലൂടെ പങ്കുവയ്ക്കുന്നത്.

Content Highlight: Suresh Krishna opens up about his early days and his journey into the film industry

അജ്മല്‍ കെ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.