തെലുങ്ക് സിനിമകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മലയാളത്തിലെ നടന്മാര്‍ക്ക് തമാശരൂപത്തില്‍ സ്റ്റാര്‍ ടൈറ്റിലുകള്‍ നല്‍കുന്നതില്‍ കേരളത്തിലെ ട്രോളന്മാര്‍ വേറെ ലെവലാണ്. നായകനെ കൂടെ നിന്ന് ചതിക്കുന്ന രണ്ടുമൂന്ന് കഥാപാത്രത്തെ അവതരിപ്പിച്ച വിജയകുമാറിനെ ചീറ്റിങ് സ്റ്റാര്‍ എന്നും എല്ലാ സിനിമയിലും മരിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സന്തോഷ് കീഴാറ്റൂരിന് ഡെത്ത് സ്റ്റാര്‍ എന്നും ടൈറ്റില്‍ നല്‍കിയത് ട്രോളന്മാരാണ്. ഇപ്പോഴിതാ മലയാളത്തിലെ ഏറ്റവും പുതിയ സ്റ്റാറിനെ ട്രോളന്മാര്‍ പരിചയപ്പെടുത്തിയിരിക്കുകയാണ്.

സുരേഷ് കൃഷ്ണയാണ് ട്രോളന്മാരുടെ പുതിയ ഇര. കണ്‍വിന്‍സിങ് സ്റ്റാര്‍ എന്നാണ് സുരേഷ് കൃഷ്ണയെ ട്രോളന്മാര്‍ വിളിക്കുന്നത്. മോഹന്‍ലാല്‍ നായകനായെത്തിയ ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ നായകനെ കണ്‍വിന്‍സ് ചെയ്ത് ചതിക്കുന്ന സീന്‍ പണ്ടേ പ്രശസ്തമാണ്. എന്നാല്‍ ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ മാത്രമല്ല, സുരേഷ് കൃഷ്ണ അഭിനയിച്ച പല സിനിമകളിലും ഇങ്ങനെ ആളുകളെ കണ്‍വിന്‍സ് ചെയ്ത് പറ്റിക്കുന്നണ്ട് എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടിത്തം.

ദിലീപിന്റെ കാര്യസ്ഥന്‍ എന്ന ചിത്രത്തില്‍ വില്ലനായെത്തിയത് സുരേഷ് കൃഷ്ണയായിരുന്നു. ചിത്രത്തിലെ രണ്ട് കുടുംബങ്ങള്‍ തമ്മില്‍ പകയിലാകാന്‍ കാരണമാകുന്നത് സുരേഷ് കൃഷ്ണയുടെ കഥാപാത്രമാണ്. ചിത്രത്തിന്റെ തുടക്കത്തിലും ഒരു കഥാപാത്രത്തെ പറഞ്ഞ് മനസിലാക്കാമെന്ന് പറഞ്ഞ് ചതിക്കുന്നുണ്ട്.

ജോണി ആന്റണി സംവിധാനം ചെയ്ത തുറപ്പുഗുലാനിലും സമാനമായ രംഗമുണ്ട്. വില്ലന്മാരിലൊരാളായ ഗാവന്‍ ജോസഫ് എന്ന കഥാപാത്രത്തെ സുരേഷ് കൃഷ്ണയുടെ കഥാപാത്രം കണ്‍വിന്‍സ് ചെയ്യാമെന്ന് പറഞ്ഞ് കൊലപ്പെടുത്തുന്നുണ്ട്. മെമ്മറീസ്, കരുമാടിക്കുട്ടന്‍, മത്സരം, ഈ പട്ടണത്തില്‍ ഭൂതം എന്നീ സിനിമകളിലെ സുരേഷ് കൃഷ്ണയുടെ കഥാപാത്രങ്ങള്‍ ചര്‍ച്ചായാകുന്നുണ്ട്.

എല്ലാ ട്രോളുകളും കാണുന്നുണ്ടെന്നുള്ള സൂചന കഴിഞ്ഞ ദിവസം സുരേഷ് കൃഷ്ണ സോഷ്യല്‍ മീഡിയയില് തന്നിരുന്നു. തന്റെ ഫോട്ടോക്ക് ‘നിങ്ങള്‍ ലൈക്ക് അടിച്ചിരിക്ക്, ഞാന്‍ ഇപ്പോള്‍ വരാം’ എന്ന ക്യാപ്ഷനോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ താരം ഫോട്ടോ പങ്കുവെച്ചത്.

നടനും സംവിധായകനുമായ ബേസില്‍ ജോസഫ് ‘ഓക്കേ, ഐ ആം കണ്‍വിന്‍സ്ഡ്’ എന്ന് കമന്റിടുകയും കൂടി ചെയ്തതോടെ സിനിമാലോകത്ത് സുരേഷ് കൃഷ്ണ ചര്‍ച്ചാവിഷയമായി മാറി. താരത്തിന്റെ പുതിയ ചിത്രമായ മരണമാസിന്റെ ലൊക്കേഷനിലെ രസകരമായ വീഡിയോയും ഇതോടൊപ്പം വൈറലായി. സിജു സണ്ണിയും മറ്റ് അണിയറപ്രവര്‍ത്തകരും കൂടി സുരേഷ് കൃഷ്ണയുമായി സംസാരിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.