ശുദ്ധിക്രിയ നടത്താന്‍ തന്ത്രിക്ക് എന്തവകാശം; സുപ്രീം കോടതി വിധി അംഗീകരിക്കാത്ത തന്ത്രിയെ ഉടന്‍ മാറ്റണമെന്ന് വി.എസ് സുനില്‍ കുമാര്‍
Sabarimala women entry
ശുദ്ധിക്രിയ നടത്താന്‍ തന്ത്രിക്ക് എന്തവകാശം; സുപ്രീം കോടതി വിധി അംഗീകരിക്കാത്ത തന്ത്രിയെ ഉടന്‍ മാറ്റണമെന്ന് വി.എസ് സുനില്‍ കുമാര്‍
ന്യൂസ് ഡെസ്‌ക്
Friday, 4th January 2019, 2:51 pm

തിരുവനന്തപുരം: ശബരിമല തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി.എസ് സുനില്‍ കുമാര്‍. യുവതികള്‍ കയറിയെന്നതിന്റെ പേരില്‍ ശുദ്ധി ക്രിയ നടത്താന്‍ തന്ത്രിക്ക് എന്തവകാശമാണ് ഉള്ളതെന്ന് സുനില്‍ കുമാര്‍ ചോദിച്ചു.

ശബരിമലയില്‍ യുവതികള്‍ കയറിയെന്ന പേരില്‍ ശുദ്ധിക്രിയ ചെയ്യാനുള്ള അവകാശം തന്ത്രിക്കില്ല. യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി അംഗീകരിക്കാത്ത തന്ത്രിയെ ഉടന്‍ മാറ്റണമെന്നും സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു.

യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ശബരിമലയില്‍ ശുദ്ധി കലശം നടത്തിയ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ തുറന്നടിച്ചിരുന്നു.

സുപ്രീം കോടതി വിധി അനുസരിക്കാനാകില്ലെങ്കില്‍ തന്ത്രി രാജി വെച്ച് സ്ഥാനമൊഴിയണമെന്നായിരുന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.  ശബരിമലയില്‍ ആചാരം ലംഘിക്കപ്പെട്ടു എന്ന് പറഞ്ഞ് തന്ത്രി നട അടച്ചത് വിചിത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

അതേസമയം ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തോട് പ്രതികരിക്കാതെ തന്ത്രി ഇന്ന് ഒഴിഞ്ഞു മാറിയിരുന്നു.


പ്രവര്‍ത്തകര്‍ എത്തിയില്ല; ബിന്ദു ജോലി ചെയ്യുന്ന കോളേജിലേക്കുള്ള മാര്‍ച്ച് ശബരിമല കര്‍മ്മ സമിതി ഉപേക്ഷിച്ചു


വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണമാരാഞ്ഞപ്പോഴായിരുന്നു ഒന്നും പറയാനില്ലെന്ന രീതിയില്‍ തന്ത്രി മറുപടി നല്‍കിയത്.

യുവതി പ്രവേശിച്ചെന്ന് വ്യക്തമായതോടെ തന്ത്രി നടയടക്കുമോ എന്ന ചോദ്യമായിരുന്നു ഉയര്‍ന്നത്. എന്നാല്‍ പ്രതികരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു.

ബിന്ദുവും കനകദുര്‍ഗയും പ്രവേശിച്ചതിന് പിന്നാലെ നട അടച്ച് ശുദ്ധിക്രിയകള്‍ നടത്താന്‍ നിര്‍ദ്ദേശിച്ച തന്ത്രിയോട് ദേവസ്വം ബോര്‍ഡ് ഇന്ന് വിശദീകരണം തേടാനിരിക്കെയാണ് ശ്രീലങ്കന്‍ സ്വദേശി ശബരിമല സന്നിധാനത്ത് പ്രവേശിച്ചെന്ന സ്ഥിരീകരണം വന്നത്.

ബിന്ദുവും കനകദുര്‍ഗയും ദര്‍ശനത്തിന് എത്തിയതിന് പിന്നാലെ നടയടച്ച തന്ത്രിയുടെ വിവാദ തീരുമാനവും തുടര്‍ നടപടികളും ചര്‍ച്ചചെയ്യാന്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ദേവസ്വം ബോര്‍ഡ് പ്രത്യേക യോഗം ചേരുന്നുണ്ട്.

തന്ത്രി കണ്ഠരര് രാജീവരരുടെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് ബോര്‍ഡിന്റെ പ്രാഥമിക വിലയിരുത്തല്‍. ബോര്‍ഡ് നിയമാവലി പ്രകാരം നട അടയ്ക്കാന്‍ തന്ത്രിക്ക് മാത്രമായി തീരുമാനമെടുക്കാനാവില്ല. സുപ്രീംകോടതി വിധി അനുസരിച്ചാണ് യുവതികളെത്തിയത്. നിയപരമായ അവകാശത്തോടെ സന്നിധാനത്ത് എത്തിയവര്‍ പോയശേഷം ശുദ്ധിക്രിയ നടത്തിയത് വിധിയുടെ ലംഘനമാണെന്നും ബോര്‍ഡ് കരുതുന്നു. സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ ബോര്‍ഡ് വിശദീകരണം നല്‍കേണ്ടിവരും. ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങളും ബോര്‍ഡ് പരിശോധിക്കുന്നുണ്ട്.