കണ്ണൂര്‍: ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദു ജോലി ചെയ്യുന്ന കോളേജിലേക്ക് ശബരിമല കര്‍മ്മസമിതി നടത്താനിരുന്ന മാര്‍ച്ച് ഉപേക്ഷിച്ചു.

മാര്‍ച്ചിനായി എത്തുമെന്ന് കരുതിയിരുന്ന പ്രവര്‍ത്തകര്‍ എത്താതിരുന്നതിനെ തുടര്‍ന്നാണ് കര്‍മ്മ സമിതി മാര്‍ച്ച് ഉപേക്ഷിച്ചത്.

ബിന്ദുവിനെ പുറത്താക്കണം എന്നാവശ്യപ്പെട്ടായിരുന്നു തലശ്ശേരി പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലേക്ക് ശബരിമല കര്‍മ സമിതി മാര്‍ച്ച് സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ രാവിലെയായിട്ടും പ്രവര്‍ത്തകര്‍ ഒന്നും എത്താത്തതിനെ തുടര്‍ന്ന് മാര്‍ച്ച് ഉപേക്ഷിക്കുകയായിരുന്നു.

ശബരിമല പ്രക്ഷേഭം ആരംഭിച്ച ശേഷം ആദ്യമായിട്ടാണ് പ്രവര്‍ത്തകര്‍ എത്താത്തതിനെ തുടര്‍ന്ന് ശബരിമല കര്‍മ്മ സമിതി നാമജപ മാര്‍ച്ച് ഉപേക്ഷിക്കുന്നത്.


ശശികലയെ സന്നിധാനത്തെത്തിക്കാന്‍ പൊലീസിന്റെ പ്ലാന്‍ ബി


ഇന്നലെ നടന്ന ഹര്‍ത്താലില്‍ ബി.ജെ.പി ആര്‍.എസ്.എസ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വ്യാപക അക്രമമായിരുന്നു സംസ്ഥാനത്തുടനീളം നടത്തിയത്. കലാപം നടത്തിയ ആയിരത്തോളം സംഘപരിവാര്‍ പ്രവര്‍ത്തകരെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും വീടുകള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുന്നുണ്ട്.

ശബരിമല കയറിയതിന് പിന്നില്‍ പൊലീസിന്റേയോ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടേയോ ഗൂഢാലോചന ഇല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ദര്‍ശനം നടത്തിയതെന്നും ബിന്ദുവും കനകദുര്‍ഗയും പ്രതികരിച്ചിരുന്നു.

2018 സെപ്തംബര്‍ 22 നാണ് സുപ്രീംകോടതി എല്ലാ പ്രയത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമല ദര്‍ഷശനത്തിന് പ്രവേശനം അനുവദിച്ചു കൊണ്ട് ഉത്തരവിറക്കിയത്. സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ 20 ഓളം സ്ത്രീകള്‍ വിവിധ ദിവസങ്ങളിലായി ദര്‍ശനത്തിന് എത്തിയിരുന്നെങ്കിലും സംഘപരിവാര്‍ പ്രവര്‍ത്തകരുടെ കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിപ്പോകുകയായിരുന്നു.