ഡാനിയല്‍ വെറ്റോറിക്ക് സാഹചര്യമറിയില്ല, പാക് താരത്തെ ടീമിലെടുക്കുന്നത് അപകടം; അഭിപ്രായവുമായി ഗവാസ്‌കര്‍
Cricket
ഡാനിയല്‍ വെറ്റോറിക്ക് സാഹചര്യമറിയില്ല, പാക് താരത്തെ ടീമിലെടുക്കുന്നത് അപകടം; അഭിപ്രായവുമായി ഗവാസ്‌കര്‍
ശ്രീരാഗ് പാറക്കല്‍
Monday, 16th March 2026, 8:46 pm

പാകിസ്ഥാന്‍ സ്പിന്നര്‍ അബ്രാര്‍ അഹമ്മദിനെ ദി ഹണ്ട്രഡ് ടൂര്‍ണമെന്റിന്റെ താര ലേലത്തില്‍ സണ്‍റൈസേഴ്സ് ലീഡ് സ്വന്തമാക്കിയതിനെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. രണ്ട് കോടിയോളം രൂപ ചെലവഴിച്ചാണ് അബ്രാറിനെ സണ്‍റൈസേഴ്സ് ഫ്രാഞ്ചൈസി ടീമിലെത്തിച്ചത്. എന്നാല്‍ ഒരു ഇന്ത്യന്‍ ഉടമ പാകിസ്ഥാന്‍ താരത്തെ ടീമിലെത്തിക്കുന്നത് തെറ്റാണെന്ന് ഗവാസ്‌കര്‍ പറയുന്നു.

അബ്രാര്‍ അഹമ്മദ്, Photo: Khel Now

‘ഈ സംഭവങ്ങളൊന്നും അതിശയിപ്പിക്കുന്നതല്ല. 2008ലെ മുംബൈ അറ്റാക്കിന് ശേഷം ഇന്ത്യന്‍ ടീം ഉടമകള്‍ പാകിസ്ഥാന്‍ താരങ്ങളെ അവഗണിച്ചിരുന്നു. ടൂര്‍ണമെന്റിന്റെ ഫീസ് വാങ്ങുന്ന പാകിസ്ഥാന്‍ താരം പാകിസ്ഥാന്‍ ഇന്‍കം ടാക്സിന് പണമടയ്ക്കുന്നുണ്ട്, മാത്രമല്ല ഇന്ത്യന്‍ സൈനികരെയും ജനങ്ങളെയും ലക്ഷ്യം വെക്കാന്‍ ആയുധങ്ങള്‍ വാങ്ങാനും ഈ പണം ഉപയോഗിക്കുന്നു.

ഇത് കാരണമാണ് ഇന്ത്യന്‍ ടീമുകള്‍ പാകിസ്ഥാന്‍ താരങ്ങളെ അവഗണിക്കുന്നത്. ഒരു ഇന്ത്യന്‍ ടീമുകളുടെയും ഉടമകള്‍ ഇന്ത്യയ്ക്ക് അപകടകരമായ കാര്യങ്ങള്‍ ചെയ്യില്ല. ഫ്രാഞ്ചൈസിയുടെ മുഖ്യ പരിശീലകനായ ന്യൂസിലാന്‍ഡുകാരന്‍ ഡാനിയല്‍ വെറ്റോറിക്ക് സാഹചര്യങ്ങളെക്കുറിച്ച് അറിയില്ല. അദ്ദേഹം പാക് താരത്തെ വാങ്ങുന്നത് ഉപേക്ഷിക്കണം. ഇന്ത്യക്കാരുടെ ജീവനേക്കാള്‍ വലുതാണോ ഒരു ടൂര്‍ണമെന്റില്‍ വിജയിക്കുന്നത്?,’ സുനില്‍ ഗവാസ്‌കര്‍ മിഡ്-ഡെയിലെ തന്റെ കോളത്തില്‍ എഴുതി.

ടി-20യില്‍ പാകിസ്ഥാന് വേണ്ടി 37 മത്സരങ്ങളില്‍ കളിച്ച അബ്രാര്‍ 52 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 4/9 എന്ന മികച്ച ബൗളിങ് പെര്‍ഫോര്‍മന്‍സും താരം സ്വന്തമാക്കി. 6.67 എന്ന എക്കോണമിയിലാണ് അബ്രാറിന്റെ ബൗളിങ്. ഫോര്‍മാറ്റില്‍ ഒരു ഫോര്‍ഫര്‍ വിക്കറ്റ് താരത്തിനുണ്ട്.

Content Highlight: Sunil Gavaskar Talking About Pakistan Player Abrar Ahamed

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ