ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ഹൈദരാബാദില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യദിനം 246 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ഇംഗ്ലണ്ട്. തുടര്‍ന്ന് ബാറ്റ് ചെയ്ത ഇന്ത്യ രണ്ടാം ദിനം മികച്ച ലീഡിലാണ്. നിലവില്‍ കളി തുടരുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 421 റണ്‍സാണ് നേടിയത്.

ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ യശ്വസി ജെയ്‌സ്വാളും രോഹിത് ശര്‍മയും ഇന്ത്യക്ക് നല്‍കിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 27 പന്തില്‍ മൂന്ന് ബൗണ്ടറികള്‍ അടക്കം 24 റണ്‍സ് ആണ് നേടിയത്. 23 റണ്‍സ് നേടി ശുഭ്മന്‍ ഗില്ലും മടങ്ങിയതോടെ കെ.എല്‍ രാഹുലാണ് മധ്യനിരയില്‍ പിടിച്ചുനിന്നത്. 123 പന്തില്‍ എട്ട് ബൗണ്ടറികളും രണ്ട് സിക്‌സറുകളും അടക്കം 86 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.

എന്നാല്‍ അടുത്തിടെ മിക്ക മത്സരങ്ങളിലും മോശം പ്രകടനം കാഴ്ചവെച്ചാണ് ഗില്‍ മടങ്ങുന്നത്. ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തില്‍ തന്നെ അപ്രതീക്ഷിതമായി വിക്കറ്റ് വിട്ടുകൊടുത്ത ഗില്ലിനെ വിമര്‍ശിച്ചു രംഗത്ത് വന്നിരിക്കുകയാണ് സുനില്‍ ഗവാസ്‌കര്‍.

ടോം ഹാര്‍ട്‌ലി ഒരു സ്ലോ ബോള്‍ ഗില്ലിന്റെ റൈറ്റ് പാഡില്‍ എറിയുകയായിരുന്നു. പന്ത് സിക്‌സറടിക്കാനോ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനോ ശ്രമിക്കാതെ ഒരു ദുര്‍ബലമായ ഷോട്ടിലേക്കാണ് ഗില്‍ എത്തിയത്. പന്ത് ബാറ്റില്‍ തട്ടി ഉയര്‍ന്ന് മിഡ് വിക്കറ്റിലെ ഫീല്‍ഡറുടെ കൈയ്യിലാവുകയായിരുന്നു.

35 ഓവറില്‍ ഇംഗ്ലണ്ടിന് വേണ്ടി അരങ്ങേറ്റം കുറിക്കുന്ന സ്പിന്നര്‍ ടോം ഹാര്‍ട്‌ലിയുടെ കന്നി വിക്കറ്റ് ആയി മാറുകയാണ് ഗില്‍.

 

ഗില്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയപ്പോള്‍ കമന്ററി ബോക്‌സില്‍ നിന്നും ഗവാസ്‌കര്‍ താരത്തെ ചോദ്യം ചെയ്യുകയായിരുന്നു.

‘ആ ഷോട്ടില്‍ അവന്‍ എന്താണ് ഉദ്ദേശിച്ചത്? അത് ഉയര്‍ത്തിയടിക്കാനുള്ള ശ്രമം ആണെങ്കില്‍ മനസ്സിലാകും. പക്ഷേ അത് ഒരു ഓണ്‍-ഡ്രൈവ് ആയി മാറി. നിര്‍ണായകഘട്ടത്തില്‍ അവന്‍ അത്തരത്തിലുള്ള ഒരു ഷോട്ട് കളിച്ചു,’ഗവാസ്‌കര്‍ കമന്ററിയില്‍ പറഞ്ഞു.

എന്നാല്‍ ഓപ്പണര്‍ ജെയ്‌സ്വാളിന്റെ പങ്ക് വളരെ വലുതായിരുന്നു. 74 പന്തില്‍ നിന്ന് മൂന്ന് സിക്‌സറുകളും 10 ബൗണ്ടറികളും അടക്കം 80 റണ്‍സ് ആണ് താരം നേടിയത്. ജോ റൂട്ടിന്റെ പന്തില്‍ ഒരു റിട്ടേണ്‍ ക്യാച്ചില്‍ ആണ് താരം മടങ്ങിയത്. 108.11 എന്ന തകര്‍പ്പന്‍ റേറ്റില്‍ ആണ് താരം ബാറ്റ് വീശിയത്. താരത്തിന്റെ കൗണ്ടര്‍ അറ്റാക്കിങ് തുടക്കം മുതലേ എല്ലാവരെയും അമ്പരപ്പിക്കുന്നതായിരുന്നു.

 

Content Highlight: Sunil Gavaskar Talk’s About Shubhman Gill