ന്യൂദല്‍ഹി: സുനന്ദപുഷ്‌കറിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി. രാഷ്ട്രീയ താല്‍പര്യത്തിന്റെ പേരിലാണ് ഇതെന്ന് പറഞ്ഞായിരുന്നു കോടതി ഹര്‍ജി തള്ളിയത്.

“പൊതുതാല്‍പര്യ ഹര്‍ജിയുടെ വേഷംകെട്ടിയ രാഷ്ട്രീയതാല്‍പര്യ ഹര്‍ജിക്ക് മികച്ച ഉദാഹരണമാണ് ഇതെന്നാണ് തോന്നുന്നത്” എന്നു പറഞ്ഞാണ് കോടതി സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജി തള്ളിയത്. “രാഷ്ട്രീയക്കാര്‍ക്ക് അവരുടെ ലക്ഷ്യത്തിനുള്ള ആയുധമായി കോടതി നടപടികളെ ഉപയോഗിക്കുന്നതിനെതിരെ കോടതികള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്” എന്നും കോടതി നിരീക്ഷിച്ചു.


Also Read: ‘ഇന്ന് വാവിട്ടുകരയുന്ന പ്രഗത്ഭര്‍ ഒന്ന് പിന്തുണച്ചിരുന്നെങ്കില്‍’ ….; ഐ.വി ശശിയുടെ മരണത്തില്‍ കണ്ണീരൊഴുക്കുന്ന സൂപ്പര്‍സ്റ്റാറുകള്‍ക്കെതിരെ വിനയന്‍


ഈ കേസിന്റെ അന്വേഷണത്തെ തരൂര്‍ സ്വാധീനിക്കുന്നു എന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ നിലപാട് തങ്ങള്‍ക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാറും ദല്‍ഹി പോലീസും ഹൈക്കോടതിയെ അറിയിച്ചതെന്നും കോടതി വ്യക്തമാക്കി.

ജൂലൈയിലാണ് സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. പിന്നീട് കേസിന്റെ കുറ്റപത്രത്തിന്റെ കോപ്പി ആവശ്യപ്പെട്ടും സുബ്രഹ്മണ്യന്‍ സ്വാമി ഹൈക്കോടതിയെ സമീപിച്ചിരുന്നു.