എഴുത്തുകാരും സംവിധായകരും പറഞ്ഞുതന്ന് ഇംപ്രൊവൈസ് ചെയ്യുന്നത് അഭിനയത്തില്‍ സഹായിക്കും: സുധി കോപ്പ
Malayalam Cinema
എഴുത്തുകാരും സംവിധായകരും പറഞ്ഞുതന്ന് ഇംപ്രൊവൈസ് ചെയ്യുന്നത് അഭിനയത്തില്‍ സഹായിക്കും: സുധി കോപ്പ
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 12th August 2026, 11:22 pm

നാടകത്തില്‍ നിന്നും സിനിമയിലെത്തുകയും പിന്നീട് മലയാള സിനിമയില്‍ ശ്രദ്ധേയമായ ഒട്ടനവധി കഥാപാത്രങ്ങളെ സമ്മാനിക്കുകയും ചെയ്ത അഭിനേതാവാണ് സുധി കോപ്പ, 2012ല്‍ പുറത്തിറങ്ങിയ ഫ്രൈഡേ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച സുധി, ആട്, ആമേന്‍, പൈപ്പിന്‍ ചുവട്ടിലെ പ്രണയം, സപ്തമശ്രീ തസ്‌കരാഃ, ജോസഫ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനാകുന്നത്. സുധി കോപ്പ അഭിനയിച്ച് അടുത്തിടെ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു നിസാം ബഷീര്‍ സംവിധാനം ചെയ്ത ഐ നോബഡി.

 

Photo: District

കെട്ട്യോളാണ് എന്റെ മാലാഖ, റോഷാക്ക് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ നായകനായെത്തിയത് പൃഥ്വിരാജ് സുകുമാരനായിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങിയ ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷയായിരുന്നു പ്രേക്ഷകര്‍ക്ക് ഉണ്ടായിരുന്നതെങ്കിലും രണ്ടാം പകുതിയിലെ പോരായ്മകള്‍ കാരണം ചിത്രം പരാജയപ്പെടുകയായിരുന്നു. എങ്കിലും ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു സുധി കോപ്പ കാഴ്ചവെച്ചത്.

ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് ദി ഷോ സ്‌കേപ്പ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ അഭിനയത്തിലെ ഇംപ്രൊവൈസേഷനെ കുറിച്ച് സംസാരിക്കുകയാണ് സുധി കോപ്പ. അഭിനയിക്കുമ്പോള്‍ ഇംപ്രൊവൈസേഷന്‍ ചെയ്യാറുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

‘ഒരു സീനില്‍ അഭിനയിച്ച് കഴിഞ്ഞ് ഓക്കെയാണോ എന്ന് ചോദിക്കുമ്പോള്‍ സംവിധായകന്‍ ഓക്കെയാണ് അത് മതി എന്ന് പറയുമ്പോള്‍ നമുക്ക് ചെയ്യേണ്ടതിനെ കുറിച്ച് ഒരു ഐഡിയ കിട്ടും. അതുപോലെ ചില സമയങ്ങളില്‍ ചെയ്യുന്നതില്‍ അല്പം കൂടെ ഇമോഷന്‍ വേണമെന്നോ, സ്പീഡ് വേണമെന്നോ കഥാപാത്രത്തിന് അല്പം ടെന്‍ഷന്‍ തോന്നണമെന്നോ അവര്‍ പറയും.

Photo: X.com

അവര്‍ പറഞ്ഞുതരുന്ന കാര്യങ്ങള്‍ നമുക്ക് മനസിലാകുമല്ലോ. ഇപ്പോള്‍ ഓടി വരുന്ന ഒരു സീനാണെങ്കില്‍ ഇത്ര വേഗത്തില്‍ ഓടണമെന്നോ അത്ര വേണ്ടെന്നോ എല്ലാം അവര്‍ പറഞ്ഞുതരും. നമ്മളെക്കാള്‍ സംവിധായകര്‍ക്കും എഴുത്തുകാര്‍ക്കും ആണല്ലോ ആ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ അറിയുന്നത്. നമ്മള്‍ ഒരു മാസം മുമ്പായിരിക്കും ഇത് കേള്‍ക്കുന്നത്. പക്ഷേ ഇവരിത് വര്‍ഷങ്ങളോളം ഇരുന്ന് പണിയെടുത്തിട്ടാണ് ഒരു സിനിമ ഉണ്ടാക്കുന്നത്,’ സുധി കോപ്പ പറഞ്ഞു.

Content Highlight: Sudhi Koppa talks about improvisation while acting

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.