സിനിമാകുടുംബത്തില്‍ ജനിച്ചുവളര്‍ന്നയാളാണ് മോഹന്‍ലാലിന്റെ പങ്കാളി സുചിത്ര. തമിഴിലെ മുന്‍നിര നിര്‍മാതാക്കളിലൊരാളായ കെ. ബാലാജിയുടെ മകളാണ് സുചിത്ര. കുട്ടിക്കാലം മുതല്‍ സിനിമയുടെ ലോകവുമായി അടുത്ത ബന്ധമുള്ള സുചിത്ര ഒരിക്കലും ക്യാമറക്ക് മുന്നിലെത്തിയിട്ടില്ല. മകള്‍ വിസ്മയയുടെ ആദ്യചിത്രമായ തുടക്കത്തില്‍ ഒരു സീനിലെങ്കിലും പ്രത്യക്ഷപ്പെടാന്‍ സംവിധായകന്‍ ജൂഡ് ആവശ്യപ്പെട്ടെങ്കിലും സുചിത്ര അത് സമ്മതിച്ചില്ലെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു.
കുട്ടിക്കാലം മുതല്‍ അച്ഛനൊപ്പം പല സിനിമകളുടെയും പൂജയ്ക്കും പ്രിവ്യൂവിനുമെല്ലാം പോകാറുണ്ടായിരുന്നെന്ന് പറയുകയാണ് സുചിത്ര മോഹന്‍ലാല്‍. എന്നാല്‍ അന്നത്തെ കാലത്ത് ഷൂട്ടിങ്ങൊന്നും കാണാന്‍ തോന്നിയിട്ടുണ്ടായിരുന്നില്ലെന്നും സുചിത്ര പറഞ്ഞു. വിവാഹശേഷവും സിനിമാലോകത്തെ കാര്യങ്ങളില്‍ താന്‍ ശ്രദ്ധ നല്‍കാറുണ്ടായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വിവാഹത്തിന് ശേഷം ഇടയ്ക്ക് സിനിമയില്‍ അഭിനയിച്ചാലോ എന്ന് ചിന്തിച്ചിരുന്നെന്നും എന്നാല്‍ അത് നടന്നില്ലെന്നും സുചിത്ര പറയുന്നു. എപ്പോള്‍ വേണമെങ്കിലും അഭിനയിക്കാനുള്ള അവസരമുണ്ടായിട്ടും അതൊക്കെ വേണ്ടെന്ന് വെച്ചതാണെന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു. കാന്‍ ചാനല്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു അവര്‍.
‘കല്യാണം കഴിഞ്ഞ് ചേട്ടന്റെ അമ്മയുടെ കൂടെ നിന്ന സമയം നല്ലതായിരുന്നു. അമ്മ അധികം സംസാരിക്കില്ല. ഞാന്‍ എന്റെ വീട്ടില്‍ ഒരുപാട് സംസാരിക്കുന്നയാളാണ്. പക്ഷേ, ചേട്ടന്റെ വീട്ടില്‍ അധികം സംസാരമൊന്നും ഉണ്ടാകില്ല. എന്നെ വലിയ കാര്യമാണ് അമ്മക്ക്. പക്ഷേ, ഞാന്‍ സിനിമയില്‍ അഭിനയിക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ സമ്മതിച്ചിട്ടില്ല.
‘അമ്മേ, അമ്മയുടെ മകന്റെ ഭാര്യയായിട്ട് അഭിനയിച്ചോട്ടെ’ എന്നൊക്കെ ചോദിച്ചിട്ടുണ്ട്. ‘വേണ്ട വേണ്ട’ എന്ന് പറഞ്ഞ് സമ്മതിച്ചില്ല. മായ അഭിനയിക്കുന്നതും ആദ്യം ഇഷ്ടമല്ലായിരുന്നു. പക്ഷേ, ഇപ്പോഴത്തെ കുട്ടികള്‍ ഇങ്ങനെയൊക്കെയാണെന്ന് പറഞ്ഞപ്പോള്‍ അമ്മ സമ്മതിച്ചു. മായ അമ്മയുടെ അടുത്ത് അഭിനയിച്ച് കാണിക്കാറുണ്ടായിരുന്നു. ഫൈറ്റ് സീനിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ, ഞാന്‍ അഭിനയിക്കുന്നത് മാത്രം ഓക്കെയല്ലായിരുന്നു,’ സുചിത്ര മോഹന്‍ലാല്‍ പറഞ്ഞു.
തുടക്കത്തിന്റെ കഥ പറയുന്ന സമയത്ത് ആ ചിത്രത്തില്‍ തനിക്കൊരു സീന്‍ ഓഫര്‍ ചെയ്‌തെന്നും സുചിത്ര പറയുന്നു. എന്നാല്‍ താന്‍ അത് വേണ്ടെന്ന് വെച്ചെന്നും പാസിങ് ഷോട്ടിലെങ്കിലും വന്നുകൂടെയെന്നും ചോദിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തനിക്ക് അതിനോട് താത്പര്യമില്ലായിരുന്നെന്നും സുചിത്ര പറയുന്നു.
Content Highlight: Suchithra Mohanlal about her cinema entry