കാസര്‍ഗോഡ്: കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍ ആര്‍.എസ്.എസ് നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന, വന്ദേമാതരം 150-ാം വാര്‍ഷിക ചടങ്ങുകളുടെ രണ്ടാം ദിവസവും പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. ആര്‍.എസ്.എസ് ഗോബാക്ക്, സംഘി ഗോ ബാക്ക് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പ്രതിഷേധക്കാര്‍ മുഴക്കി. പ്രതിഷേധത്തിനിടെ വിദ്യാര്‍ത്ഥികള്‍ ഷൂ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.

വന്ദേ മാതരം വാര്‍ഷികവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ ബന്ധമുള്ള പ്രഭാഷകരെ പങ്കെടുപ്പിച്ചുകൊണ്ട് സര്‍വകലാശാല സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. ഇതിനിടെ സെമിനാര്‍ ഹാളില്‍ കയറിയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. എസ്.എഫ്.ഐ, എന്‍.എസ്.യു.ഐ, എം.എസ്.എഫ്, എ.ഐ.എസ്.എഫ് പ്രവര്‍ത്തകരാണ് പ്രതിഷേധിക്കുന്നത്.

സംസ്ഥാന ഗവര്‍ണര്‍ സെമിനാറില്‍ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. ഗവര്‍ണര്‍ സംസാരിച്ച് പോയ ശേഷമാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. സെമിനാറിന്റെ സമാപന ദിവസമാണ് ഇന്ന്. ആദ്യ ദിനമായ ഇന്നലെയും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു.

സെമിനാറില്‍ ആര്‍.എസ്.എസ് പ്രജ്ഞാവാഹക് ജി. നന്ദകുമാര്‍ പങ്കെടുക്കുന്നതിനെതിരെയായിരുന്നു ഇന്നലത്തെ (ഒക്ടോബര്‍ ആറ്, ചൊവ്വ) പ്രതിഷേധം. ‘ആര്‍.എസ്.എസ് മൂര്‍ദാബാദ്, വര്‍ഗീയവാദികള്‍ തുലയട്ടെ’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ മുഴക്കിയിരുന്നു.

സെമിനാറില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനമില്ലെന്നും ഡെലിഗേറ്റുകള്‍ക്ക് മാത്രമാണ് പ്രവേശനമെന്നും അറിയിച്ചതിനെത്തുടര്‍ന്ന് ഇന്നലെ ലൈബ്രറി ഹാളിനുമുന്നില്‍ വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സാഹിത്യ അക്കാദമിയും അഖില്‍ ഭാരതീയ സാഹിത്യ പരിഷദും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

സെമിനാര്‍ തടസപ്പെടുത്തിയാല്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് സര്‍വകലാശാല അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സെമിനാറോ വിശിഷ്ടാതിഥികളെയോ തടയാന്‍ ശ്രമിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തുമെന്നാണ് വി.സി. പുറപ്പെടുവിച്ച സര്‍ക്കുലറില്‍ ഉണ്ടായിരുന്നത്.

Content Highlight: Students protest on Second day of Vandemataram seminar at Kasargod Central University