മുംബൈ: ബി.ജെ.പി ഭീഷണിയെ വകവെക്കാതെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ (ടിസ്) വിദ്യാര്‍ത്ഥികള്‍.

200ഓളം വിദ്യാര്‍ഥികള്‍ ലാപ്‌ടോപ്പിലും മൊബൈല്‍ ഫോണുകളിലുമായി ഡോക്യുമെന്ററി കണ്ടു. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി യുവമോര്‍ച്ചയും എ.ബി.വി.പിയും ക്യാമ്പസിന് പുറത്തെത്തിയിരുന്നു.

ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത് വിലക്കണമെന്ന ആവശ്യവുമായി ബി.ജെ.പി മുംബൈ യൂണിറ്റ് പ്രസിഡന്റ് ആശിഷ് ഷെലാറും രംഗത്തെത്തിയിരുന്നു.

‘പൊലീസ് ഉടന്‍ തന്നെ ഡോക്യുമെന്ററി പ്രദര്‍ശനം വിലക്കണം. അല്ലെങ്കില്‍ ഞങ്ങള്‍ വേണ്ട വിധത്തിലത് കൈകാര്യം ചെയ്യും,’ എന്നാണ് ആശിഷ് ഷെലാര്‍ ട്വീറ്റ് ചെയ്തത്.

ഇതേത്തുടര്‍ന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ വലിയ സ്‌ക്രീനില്‍ ഡോക്യുമെന്ററി പ്രദര്‍ശനത്തിനുള്ള അനുമതി നിഷേധിച്ചിരുന്നു. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുകയാണെങ്കില്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്നും ടിസ് അധികൃതര്‍ അറിയിച്ചിരുന്നു.

തുടര്‍ന്ന് ലാപ്‌ടോപ്പുകളിലും മൊബൈല്‍ ഫോണുകളിലുമായി വിദ്യാര്‍ഥികള്‍ ഡോക്യുമെന്ററി കാണുകയായിരുന്നു. പ്രോഗ്രസീവ് സ്റ്റുഡന്റ്‌സ് ഫോറം (പി.എസ്.എഫ്) എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തിലാണ് ഡോക്യുമെന്ററി പ്രദര്‍ശനം നടന്നത്.

ടിസ് ഒരു സ്‌ക്രീന്‍ നിഷേധിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ പത്തെണ്ണം പകരം സംഘടിപ്പിച്ചുവെന്ന് പി.എസ്.എഫ് നേതാക്കള്‍ പറഞ്ഞു.