കൊളംബോ: ശ്രീലങ്കയില്‍ 269 പേര്‍ കൊല്ലപ്പെട്ട 2019ലെ ഈസ്റ്റര്‍ ദിന ബോംബാക്രമണ കേസില്‍ രണ്ട് മുന്‍ ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ. പൊലീസ് മുന്‍ മേധാവി പുജിത് ജയസുന്ദര, പ്രതിരോധ മന്ത്രാലയം മുന്‍ സെക്രട്ടറി ഹേമസിരി ഫെര്‍ണാണ്ടോ എന്നിവരെയാണ് മൂന്നംഗ ഹൈക്കോടതി ബെഞ്ച് ഇന്നലെ (ഓഗസ്റ്റ് ഒന്ന്, ശനി) വധശിക്ഷക്ക് ശിക്ഷിച്ചത്.
ക്രിമിനല്‍ അനാസ്ഥ കുറ്റത്തിനാണ് കോടതി ഇവരെ ശിക്ഷിച്ചത്. ആക്രമണം സംബന്ധിച്ച് രഹസ്യാന്വേഷണ മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും ഇവര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാത്തതിനാലാണ് ഈ കുറ്റം ചുമത്തുന്നതെന്ന് കോടതി വ്യക്തമാക്കി.
2019ല്‍ ഈസ്റ്റര്‍ ദിനമായ ഏപ്രില്‍ 21ന് ശ്രീലങ്കയിലെ മൂന്ന് ക്രിസ്ത്യന്‍ പള്ളികള്‍ക്കും രണ്ട് ആഡംബര ഹോട്ടലുകള്‍ക്കും ഒരു പാര്‍പ്പിട സമുച്ഛയത്തിനും നേര്‍ക്കായിരുന്നു ബോംബാക്രമണമുണ്ടായത്. ആക്രമണങ്ങളില്‍ 269 പേര്‍ കൊല്ലപ്പെടുകയും 500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഈ ആക്രമണത്തിന് സാധ്യതയുള്ളതായി 2019 ഏപ്രില്‍ നാലിന് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗങ്ങളില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചതായി കോടതി പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ മുന്നറിയിപ്പ് ലഭിച്ചിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടെന്നും കോടതി ചൂണ്ടിക്കാട്ടിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ജയസുന്ദര, ഫെര്‍ണാണ്ടോ എന്നിവരെ 2019ല്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും നാല് മാസം കസ്റ്റഡിയിലാക്കുകയും ചെയ്തിരുന്നു. ഇവരെ കുറ്റവിമുക്തരാക്കിക്കൊണ്ട് 2022ല്‍ വിചാരണ കോടതി ഉത്തരവിടുകയും ചെയ്തു. ഇതിനെതിരെ ശ്രീലങ്കന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഇപ്പോള്‍ വധശിക്ഷക്ക് വിധിച്ചിരിക്കുന്നത്.
1976 മുതല്‍ ശ്രീലങ്കയില്‍ വധശിക്ഷക്കെതിരെ അനൗദ്യോഗിക മൊറട്ടോറിയം നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ വധശിക്ഷ വിധിക്കപ്പെട്ടവര്‍ക്ക് ഫലത്തില്‍ ജീവപര്യന്തം തടവാണ് ലഭിക്കാറ്. നിലവിലെ ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഈ മൊറട്ടോറിയത്തെ അംഗീകരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
കൊളംബോയിലെ സെന്റ് ആന്റണി ചര്‍ച്ച്, നെഗോംബോയിലെ സെന്റ് സെബാസ്റ്റിയന്‍ ചര്‍ച്ച് എന്നിവയാണ് ആക്രമിക്കപ്പെട്ട കത്തോലാക്കാ പള്ളികള്‍. ബാറ്റിക്കോളയിലെ പ്രൊട്ടസ്റ്റന്റ് പള്ളിയായ സയണ്‍ ചര്‍ച്ചും അന്ന് ആക്രമിക്കപ്പെട്ടു.
ആക്രമണത്തില്‍ നേരിട്ട് ഇടപെടല്‍ നടത്തിയവരെ മാത്രമാണ് പൊലീസ് തിരിച്ചറിഞ്ഞിരുന്നതെന്നും ആക്രമണങ്ങള്‍ക്ക് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും ശ്രീലങ്കന്‍ കത്തോലിക്കാ സഭ അവകാശപ്പെട്ടിരുന്നു. ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തവരെ കണ്ടെത്താന്‍ അന്വേഷണ സംഘങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു.
ആക്രമണവുമായി ബന്ധപ്പെട്ട് മുന്‍ ഇന്റലിജന്‍സ് മേധാവി സുരേഷ് സല്ലേയെ ഈ വര്‍ഷം ഫെബ്രുവരിയില്‍ അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിനായി ഗൂഢാലോചന നടത്തിയത് സല്ലേ ആണെന്ന് ഈ വര്‍ഷം ജൂണില്‍ ശ്രീലങ്കന്‍ പൊതു സുരക്ഷാ മന്ത്രി ആനന്ദ വിജേപാല പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ആക്രമണം നടത്തുന്നതിലേക്ക് ഭീകരവാദികളെ നയിക്കാനായി നീക്കം നടത്തിയതും മുന്‍ രഹസ്യാന്വേഷണ മേധാവിയാണെന്നും മന്ത്രി പറഞ്ഞിരുന്നു.
ബ്രിട്ടീഷ് മാധ്യമ സ്ഥാപനമായ ചാനല്‍ 4 സുരേഷ് സല്ലേയ്ക്ക് ഭീകരവാദികളുമായി പങ്കുണ്ടെന്നും ആക്രമണത്തിനുമുന്‍പ് ഭീകരവാദികളെ കണ്ടിരുന്നെന്നും 2023 ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആക്രമണത്തിന് ശേഷം നടന്ന ശ്രീലങ്ക പ്രസിഡന്റ് തിരഞ്ഞെടുപ്പ് രാജപക്‌സെ ദിസ്സനായകക്ക് അനുകൂലമാക്കി തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടത്തിയതെന്നും ചാനല്‍ 4 ന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. ബ്രിട്ടീഷ് മാധ്യമത്തിന്റേതടക്കമുള്ള ആരോപണങ്ങള്‍ സുരേഷ് സല്ലേ മുന്‍പേ തള്ളിപറഞ്ഞിരുന്നു.
2019ലെ ബോംബാക്രമണത്തിന് രണ്ടു ദിവസത്തിന് ശേഷമായിരുന്നു രാജപക്‌സെ തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പില്‍ രാജപക്‌സെ വിജയിച്ചതിനുശേഷമാണ് സുരേഷ് സല്ലേയ്ക്ക് രഹസ്യാന്വേഷണ വിഭാഗം മേധാവിയായി സ്ഥാനക്കയറ്റം ലഭിച്ചത്.
എന്നാല്‍ 2024 ല്‍ ഭരണത്തിലെത്തിയ അനുര കുമാര ദിസ്സനയക് സുരേഷ് സല്ലേയെ പുറത്താക്കുകയും ആക്രമണത്തിന് പുറകിലുള്ളവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ രഹസ്യമാക്കി വച്ചിരുന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടണമെന്ന് ഐക്യരാഷ്ട്ര സഭ നേരത്തെതന്നെ ശ്രീലങ്കയോട് ആവശ്യപ്പെട്ടിരുന്നു.
Content Highlight: Sri Lanka sentences two ex-security officials to death over 2019 Easter bombings
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.