ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായി ശ്രീലങ്കയ്ക്ക് കനത്ത തിരിച്ചടി. ടീമിന്റെ സൂപ്പര്‍താരവും ഓപ്പണറുമായ പാത്തും നിസങ്കയ്ക്ക് പരിക്ക് കാരണം ആദ്യ ടെസ്റ്റില്‍ കളിക്കാനാവില്ലെന്നാണ് റിപ്പോര്‍ട്ട്. ഹാംസ്ട്രിങ് പരിക്കിനെ തുടര്‍ന്ന് സീനിയര്‍ താരവും വിക്കറ്റ് കീപ്പര്‍-ബാറ്ററുമായ കുശാല്‍ മെന്‍ഡിസും പരമ്പരയില്‍ നിന്ന് പുറത്താകുമെന്ന റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് നിസങ്കയുടെ പരിക്കും ലങ്കയ്ക്ക് തിരിച്ചടിയായത്.
അടുത്തിടെ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം കൈമുട്ടിനേറ്റ പരിക്ക് കാരണം നിസങ്കയ്ക്ക് നഷ്ടമായിരുന്നു. ഇന്ത്യയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ താരം കളിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ താരത്തെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റുകള്‍ പുറത്ത് വരുന്നത്.പാത്തും നിസങ്ക
ശ്രീലങ്കന്‍ ക്രിക്കറ്റ് മാധ്യമപ്രവര്‍ത്തകനായ നിബ്രാസ് റംസാന്‍ തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് നിസങ്കയുടെയും കുശാല്‍ മെന്‍ഡിസിന്റെയും പരിക്കുമായി ബന്ധപ്പെട്ട വിവരവും പങ്കുവെച്ചത്.
‘ബ്രേക്കിങ്: പരിക്ക് കാരണം കുശാല്‍ മെന്‍ഡിസ് ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പുറത്തായി. പരിക്ക് കാരണം പാത്തും നിസങ്കയും ആദ്യ ടെസ്റ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നിന്ന് പുറത്തായതും സ്ഥിരീകരിച്ചിട്ടുണ്ട്,’ ശ്രീലങ്കന്‍ ക്രിക്കറ്റ് മാധ്യമപ്രവര്‍ത്തകന്‍ കുറിച്ചു.
28കാരനായ നിസങ്ക സമീപകാലത്ത് എല്ലാ ഫോര്‍മാറ്റുകളിലും ശ്രീലങ്കയുടെ ഏറ്റവും വിശ്വസ്തനും സ്ഥിരതയാര്‍ന്നതുമായ ബാറ്റര്‍മാരിലൊരാളായി മാറിയിട്ടുണ്ട്. മികച്ച പ്രകടനങ്ങളുടെ അംഗീകാരമായി ഈ വര്‍ഷത്തെ ‘ശ്രീലങ്കന്‍ മെന്‍സ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കിയിരുന്നു.കുശാൽ മെൻഡിസ്
എന്നിരുന്നാലും, നിസങ്കയുടെയും മെന്‍ഡിസിന്റെയും പരിക്കുമായി ബന്ധപ്പെട്ട് ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
അതേസമയം ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ പരിക്ക് കാരണം ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായിരുന്നു. എന്നാല്‍ പരമ്പരയ്ക്ക് മുന്നോടിയായി നടന്ന പരിശീലനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനും പരിക്ക് പറ്റിയിരിക്കുകയാണ്. ക്യാച്ച് ചെയ്യുന്നതിനിടയില്‍ താരത്തിന്റെ തള്ളവിരലിന് പന്ത് തട്ടുകയായിരുന്നു. ഇതോടെ ലങ്കയ്‌ക്കെതിരായ സന്നാഹ ടെസ്റ്റ് മത്സരത്തില്‍ ഗില്‍ കളത്തിലിറങ്ങിയിട്ടില്ല.
2017ന് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കയില്‍ ഒരു ടെസ്റ്റ് പരമ്പര കളിക്കുന്നത് എന്ന പ്രത്യേകത കൂടി ഈ പരമ്പരക്കുണ്ട്. പരമ്പരക്ക് മുന്നോടിയായി നാല് യുവ സ്പിനനര്‍മാരെയും ഇന്ത്യ ടീമില്‍ എത്തിച്ചിട്ടുണ്ട്.
Content Highlight: Sri Lanka Have Big Setback Ahead Test Series Against India