തെലുങ്ക് സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് സ്പിരിറ്റ്. അനിമല്‍ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ ഹൈപ്പിന്റെ കൊടുമുടിയിലെത്തിയിരുന്നു. തെലുങ്കിലെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ പ്രഭാസാണ് ചിത്രത്തിലെ നായകന്‍.
ഷൂട്ട് ആരംഭിക്കുന്നതിന് മുമ്പ് ചിത്രത്തിന്റെ കാസ്റ്റിങ്ങിന്റെ പേരില്‍ ഒരുപാട് വിവാദങ്ങള്‍ അരങ്ങേറിയിരുന്നു. സ്പിരിറ്റ് അനൗണ്‍സ് ചെയ്ത സമയത്ത് ബോളിവുഡ് താരം ദീപിക പദുകോണായിരുന്നു നായിക. എന്നാല്‍ സംവിധായകനുമായുള്ള അഭിപ്രായവ്യത്യാസം കാരണം ദീപികയെ ഒഴിവാക്കി പകരം തൃപ്തി ദിമ്രിയെ കാസ്റ്റ് ചെയ്യുകയായിരുന്നു.
ഇപ്പോഴിതാ സ്പിരിറ്റിനെക്കുറിച്ചുള്ള വിവാദങ്ങളോട് പ്രതികരിക്കുകയാണ് നിര്‍മാതാക്കളിലൊരാളായ പ്രണയ് വാങ്ക. ദീപിക പദുകോണിനെക്കുറിച്ച് കേട്ട റൂമറുകളെല്ലാം സത്യമാണെന്ന് അദ്ദേഹം പറഞ്ഞു. സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയപ്പോള്‍ തന്നെ ദീപിക തന്നെയായിരുന്നു സംവിധായകന്റെ മനസിലെന്നും പ്രണയ് കൂട്ടിച്ചേര്‍ത്തു. എന്‍.ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരുപാട് പ്രശ്‌നങ്ങള്‍ കാരണമാണ് ദീപികയെ ഒഴിവാക്കിയത്. ഒന്നാമത്തേത് പ്രതിഫലത്തിന്റെ കാര്യമാണ്. തോന്നുന്ന രീതിക്ക് കൂട്ടിക്കൂട്ടി ചോദിക്കുകയായിരുന്നു. അതുപോലെ ഷൂട്ടിന് വരുന്ന ടൈമിങ്ങിനെക്കുറിച്ചും അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ഒന്നര വര്‍ഷത്തോളം ദീപികയുടെ പിന്നാലെ സന്ദീപ് റെഡ്ഡി നടന്നതായിരുന്നു.
ഒന്നും പോരാതെ പടത്തിന്റെ പ്രോഫിറ്റില്‍ നിന്ന് 10 ശതമാനം ഷെയറും കൂടി വേണമെന്ന് ആവശ്യപ്പെട്ടതോടെ അവരെ മാറ്റാമെന്ന് തീരുമാനിച്ചു. ദീപികക്ക് പകരം തൃപ്തിയെ കൊണ്ടുവന്നത് അതുകൊണ്ടാണ്. ഇതുപോലെ കേട്ട റൂമറുകളിലൊന്നാണ് ഡോണ്‍ ലീയുടെ കാസ്റ്റിങ്. ഹൈദരബാദില്‍ നടക്കുന്ന കഥയില്‍ കൊറിയയിലെ നടന്‍ ഒട്ടും സെറ്റാകില്ല,’ പ്രണയ് വാങ്ക പറഞ്ഞു.
സന്ദീപ് റെഡ്ഡി വാങ്കയും ദീപിക പദുകോണും തമ്മിലുള്ള പ്രശ്‌നം സിനിമാലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. സ്പിരിറ്റില്‍ നിന്ന് ഒഴിവാക്കിയതിന്റെ ദേഷ്യം തീര്‍ക്കാന്‍ ചിത്രത്തിന്റെ കഥ ദീപിക ലീക്ക് ചെയ്തു എന്നെല്ലാം സന്ദീപ് റെഡ്ഡി ആരോപിച്ചു.
പൊലീസ് ഓഫീസറായാണ് പ്രഭാസ് സ്പിരിറ്റില്‍ വേഷമിടുന്നത്. സന്ദീപ് റെഡ്ഡി വാങ്ക യൂണിവേഴ്‌സിലെ നായകനുള്ള എല്ലാ സവിശേഷതകളും സ്പിരിറ്റിലെ നായകനുമുണ്ട്. പ്രകാശ് രാജ്, വിവേക് ഒബ്രോയ്, കാഞ്ചന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അടുത്ത വര്‍ഷം പകുതിയോടെ സ്പിരിറ്റ് തിയേറ്ററുകളിലെത്തും.
Content Highlight: Spirit movie producer about Deepika Padukone’s issue