ന്യൂദല്‍ഹി: രാഹുല്‍ഗാന്ധിയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയ.
വിദേശ വനിതയുടെ മകനായി ജനിച്ച രാഹുലിന് ഒരിക്കല്‍ പോലും ദേശസ്‌നേഹിയാവാന്‍ കഴിയില്ലെന്നും അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ദേശ താത്പര്യം ഉണ്ടാവില്ലെന്നും വിജയ് വര്‍ഗീയ ട്വീറ്റ് ചെയ്തു. പരാമര്‍ശം വിവാദമായിട്ടും മാപ്പ് പറയാനോ പിന്‍വലിക്കാനോ വിജയ് വര്‍ഗീയ തയ്യാറായിട്ടില്ല.
മധ്യപ്രദേശില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുമതലയുണ്ടായിരുന്നയാളാണ് വിജയ് വര്‍ഗീയ. മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് കോണ്‍ഗ്രസിന് പുറകിലായി 109 സീറ്റുകള്‍ നേടാനേ സാധിച്ചിരുന്നുള്ളൂ.
തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ വോട്ടു ചെയ്യാത്തവരെ കരയിപ്പിക്കുമെന്ന് പറഞ്ഞ് തോറ്റ ഒരു ബി.ജെ.പി നേതാവും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരില്‍ മന്ത്രിയുമായിരുന്ന അര്‍ച്ചന ചിത്നിസാണ് ഭീഷണി മുഴക്കിയത്.
“എനിക്ക് വോട്ടു ചെയ്തവരുടെ തല താഴാന്‍ ഞാന്‍ അനുവദിക്കില്ല. എന്നാല്‍ അബദ്ധത്തിലോ മറ്റുള്ളവരുടെ പ്രേരണ കൊണ്ടോ സ്വന്തം തീരുമാനപ്രകാരമോ എനിക്ക് വോട്ടു ചെയ്യാതിരുന്നവരെ കരയിപ്പിച്ചില്ലെങ്കില്‍ എന്റെ പേര് അര്‍ച്ചന ചിത്നിസ് എന്നായിരിക്കില്ല”” എന്ന് അവര്‍ പറഞ്ഞിരുന്നു.
