അവന് പറയാനുള്ളത് കേട്ടുകൂടെ, ചെറിയ പയ്യനല്ലേ... ധ്രുവിനെ പിന്തുണച്ചുകൊണ്ടുള്ള ആണ്‍ ആകുലതകള്‍
Indian Cinema
അവന് പറയാനുള്ളത് കേട്ടുകൂടെ, ചെറിയ പയ്യനല്ലേ... ധ്രുവിനെ പിന്തുണച്ചുകൊണ്ടുള്ള ആണ്‍ ആകുലതകള്‍
അമര്‍നാഥ് എം.
Friday, 14th August 2026, 8:25 pm

ജീവിതത്തില്‍ താന്‍ ഒരിക്കലും ഓര്‍ക്കാനാഗ്രഹിക്കാത്ത ഇരുണ്ട കാലമാണ് തന്റെ റിലേഷന്‍ഷിപ്പെന്ന് അനുപമ പരമേശ്വരന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. അങ്ങേയറ്റം ടോക്‌സിക്കായിട്ടുള്ള ഒരു ബന്ധത്തില്‍ നിന്ന് ഇറങ്ങിപ്പോന്നതും പിന്നീട് അതിനെ അതിജീവിച്ചതുമെല്ലാം വളരെ പ്രയാസമായിരുന്നെന്ന് അനുപമ പറയുന്ന വീഡിയോ ഇതിനോടകം വൈറലായി.

ആരാണെന്ന് പേരെടുത്ത് പറഞ്ഞില്ലെങ്കിലും അനുപമ ഉദ്ദേശിച്ചയാള്‍ തമിഴ് താരം ധ്രുവ് വിക്രമാണെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തി. ഇരുവരും റിലേഷനിലായിരുന്നെന് പറയുന്ന പോസ്റ്റുകള്‍ നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. ഒരുപോലുള്ള പോസ്റ്റുകളും സ്‌റ്റോറിക്ക് നല്‍കുന്ന ക്യാപ്ഷനുകളുമായിരുന്നു ഇതിന് ആധാരം.

താനൊരു ടോക്‌സിക് റിലേഷന്‍ഷിപ്പിന്റെ ഇരയാണെന്ന് പറയുന്ന അനുപമയുടെ കമന്റാണ് ആദ്യം ചര്‍ച്ചയായത്. പിന്നാലെ അഭിമുഖം കൂടി വൈറലായതോടെ നാര്‍സിസ്റ്റിക് ബിഹേവിയറും ടോക്‌സിക് റിലേഷന്‍ഷിപ്പുമെല്ലാം വീണ്ടും ചര്‍ച്ചയാകുന്നുണ്ട്. അനുപമയെ പിന്തുണച്ചുകൊണ്ട് ഭൂരിഭാഗം പേരും പോസ്റ്റുകള്‍ പങ്കുവെക്കുകയാണ്. എന്നാല്‍ ഇതിനിടയില്‍ മറ്റ് ചില ആണ്‍ ആകുലതകളും ശ്രദ്ധ നേടുന്നുണ്ട്.

അനുപമയുടെ ഭാഗം മാത്രം കേട്ട് എതിരെ നില്‍ക്കുന്ന പുരുഷനെ ക്രൂശിക്കരുതെന്നാണ് ഇക്കൂട്ടരുടെ പ്രധാനവാദം. ധ്രുവ് ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ലെന്നും അയാളുടെ ഭാഗം കൂടി കേള്‍ക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. പെണ്ണ് പറയുന്നത് മാത്രം കേട്ട് എടുത്തുചാടരുതെന്ന സ്ഥിരം മുന്നറിയിപ്പും ഈ ആകുലതക്കാര്‍ പങ്കുവെക്കുന്നു.

ധ്രുവിന്റെ പ്രായം നോക്കണമെന്നും ഇക്കൂട്ടര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അനുപമയെക്കാള്‍ രണ്ട് വയസ് ചെറുപ്പമാണ് ധ്രുവെന്നും ആ പ്രായത്തിന്റെ പരിഗണന നല്‍കണമെന്നൊക്കെയുള്ള വാദങ്ങളും ശ്രദ്ധ നേടുകയാണ്. ടോക്‌സിക് റിലേഷനാണെങ്കില്‍ എന്തിനാണ് ഇത്രയും കാലം സഹിച്ചുനിന്നതെന്ന് ചോദിക്കുന്ന പോസ്റ്റുകളും നിരവധി പ്രൈവറ്റ് ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഇത്തരം പോസ്റ്റുകള്‍ക്ക് നല്ല മറുപടിയും കമന്റ് രൂപത്തില്‍ ലഭിക്കുന്നുണ്ട്. അഭിമുഖത്തില്‍ അനുപമ വളരെ വ്യക്തമായി നാര്‍സിസ്റ്റിക് ബിഹേവിയര്‍ എന്താണെന്ന് വ്യക്തമാക്കുന്നുണ്ടെന്നും അത് കേട്ടാല്‍ ആര്‍ക്കും മനസിലാകുമെന്നെല്ലാമാണ് മറുപടികള്‍. എതിരെ നില്‍ക്കുന്നയാളിനെ വിമര്‍ശിക്കാതെ അനുപമയുടെ തീരുമാനത്തെ ബഹുമാനിച്ചുകൊണ്ടുള്ള കമന്റുകളും നിരവധിയാണ്.

Content Highlight: Some posts that supporting Dhruv Vikram viral on Anupama Parameswaran in social media

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം