വിജയ് ഇതുപോലെ കോപ്പിയടിച്ച് പ്രസംഗിച്ചല്ല രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്, ധനുഷിന്റെ പ്രസംഗത്തെ ട്രോളി തമിഴ് പേജുകള്‍
Indian Cinema
വിജയ് ഇതുപോലെ കോപ്പിയടിച്ച് പ്രസംഗിച്ചല്ല രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്, ധനുഷിന്റെ പ്രസംഗത്തെ ട്രോളി തമിഴ് പേജുകള്‍
അമര്‍നാഥ് എം.
Tuesday, 28th July 2026, 9:50 pm

സിനിമാജീവിതത്തിന്റെ തിളക്കങ്ങളും നേട്ടങ്ങളും വേണ്ടെന്ന് വെച്ച് പൂര്‍ണമായും രാഷ്ട്രീയത്തിലേക്ക് കടക്കുകയും ആദ്യ തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം സ്വന്തമാക്കുകയും ചെയ്ത നടനാണ് വിജയ്. തമിഴ് സിനിമയുടെ ദളപതിയില്‍ നിന്ന് തമിഴകത്തിന്റെ പുതിയ മുഖ്യമന്ത്രിയായി മാറിയ വിജയ് വലിയൊരു ചരിത്രമാണ് രചിച്ചത്.

വിജയ്‌യുടെ പാത പിന്തുടര്‍ന്ന് തമിഴിലെ ചില താരങ്ങളും രാഷ്ട്രീയത്തിലേക്ക് കടക്കുകയാണ്. മുന്‍നിര താരങ്ങളായ ധനുഷും വിശാലും കഴിഞ്ഞദിവസം രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് സൂചന നല്‍കിയതാണ് സിനിമാലോകത്തെ ചര്‍ച്ച. തന്റെ പിറന്നാളിന് മുന്നോടിയായി ആരാധകരോട് സംസാരിക്കവെയാണ് ധനുഷ് തന്റെ രാഷട്രീയപ്രവേശനത്തെക്കുറിച്ച് സൂചന നല്‍കിയത്.

എന്നാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന സൂചന നല്‍കിയതിന് പിന്നാലെ പല തമിഴ് പേജുകളിലും ധനുഷിനെ ട്രോളുകയാണ്. 2008 മുതല്‍ 18 വര്‍ഷത്തെ പ്രയത്‌നത്തിലൂടെയാണ് വിജയ് സാധാരണക്കാര്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കി രാഷ്ട്രീയത്തില്‍ ശോഭിച്ചതെന്ന് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. രാഷ്ട്രീയപ്രവേശനത്തിന് മുമ്പ് തന്നെ വിജയ്ക്ക് തമിഴ് ജനതയുടെ മുന്നില്‍ ഡെമിഗോഡ് ഇമേജായിരുന്നെന്നും അങ്ങനെയൊരു ഇംപാക്ട് മറ്റൊരു നടനും ഇപ്പോള്‍ ഇല്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ ഇതിനെക്കാള്‍ വലിയ ട്രോളാണ് ധനുഷിന്റെ പ്രസംഗത്തിന് ലഭിക്കുന്നത്. വിജയ് തന്റെ സിനിമകളുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുന്ന അതേ രീതി അടിച്ചുമാറ്റിയാണ് ധനുഷ് ഇത്തവണ പ്രസംഗിച്ചതെന്ന് ചിലര്‍ ആരോപിക്കുന്നുണ്ട്. പ്രസംഗത്തിനിടയില്‍ ധനുഷ് പറഞ്ഞ ഒരു ജീവിതാനുഭവം അടിച്ചുമാറ്റിയതാണെന്നും സോഷ്യല്‍ മീഡിയ കണ്ടുപിടിച്ചിരിക്കുകയാണ്.

Tamil Nadu is entering the era of Jananayak; Vijay to take oath as Chief Minister tomorrow

ലോകപ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കറായ ലെസ് ബ്രൗണ്‍ തന്റെ മകനൊപ്പം മനപൂര്‍വം തോറ്റുകൊടുത്തെന്ന് പറഞ്ഞ കഥ ഒരു മാറ്റവുമില്ലാതെ ധനുഷ് തന്റെ പ്രസംഗത്തിലേക്ക് അടിച്ചുമാറ്റിയെന്നാണ് ട്രോളന്മാര്‍ കണ്ടുപിടിച്ചിരിക്കുന്നത്. ഇതൊന്നും പോരാഞ്ഞ് പ്രസംഗം അവസാനിപ്പിച്ച് തിരിച്ചുപോകാന്‍ നേരത്ത് തന്നെ ഫോളോ ചെയ്ത് വരരുതെന്നും വണ്ടിയോടിച്ചുകൊണ്ട് ഫോട്ടോക്ക് പോസ് ചെയ്യരുതെന്നും താരം ആരാധകരോട് അഭ്യര്‍ത്ഥിച്ചു.

വിജയ് ഇതുപോലെ കോപ്പിയടിച്ച് പ്രസംഗിച്ചല്ല രാഷ്ട്രീയത്തിലേക്ക് കടന്നുവന്നതെന്ന് ചിലര്‍ കമന്റ് പങ്കുവെച്ചു. ഇതിനൊപ്പം ധനുഷിന്റെ രാഷ്ട്രീയ ചായ്‌വ് സംഘപരിവാറിനൊപ്പമായിരിക്കുമെന്നും പലരും കണക്കുകൂട്ടുന്നുണ്ട്. രാമക്ഷേത്ര പ്രതിഷ്ഠക്ക് ചെന്നതും എല്ലാ പ്രസ് റിലീസിലും ഓം നമശിവായ എന്ന് ചേര്‍ക്കുന്നതും ബി.ജെ.പിക്കൊപ്പം നില്‍ക്കുമെന്നതിന്റെ സൂചനയാണെന്ന് പോസ്റ്റുകളുണ്ട്.

Content Highlight: Social media saying Dhanush’s speech copied from Les Brown

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം