ശശിധരന് എന്നും ഒരു വണ്ടിക്കാളയായി നടന്നാല്‍ മതിയോ, ഒരു കല്ല്യാണം കഴിക്കേണ്ടേ?; വൈറലായി പോസ്റ്റ്
Malayalam Cinema
ശശിധരന് എന്നും ഒരു വണ്ടിക്കാളയായി നടന്നാല്‍ മതിയോ, ഒരു കല്ല്യാണം കഴിക്കേണ്ടേ?; വൈറലായി പോസ്റ്റ്
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 14th May 2026, 12:12 pm

തിയേറ്ററുകളില്‍ നിന്നും നാല്‍പ്പത് കോടിയിലധികം നേടിയെങ്കിലും അര്‍ഹിക്കുന്ന വിജയം കിട്ടാത്ത ചിത്രമെന്ന് മലയാളികള്‍ ഒന്നടങ്കം അഭിപ്രായപ്പെട്ട ചിത്രമായിരുന്നു കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഭരതനാട്യം 2 മോഹിനിയാട്ടം. 2024 ല്‍ പുറത്തിറങ്ങിയ ഭരതനാട്യത്തിന്റെ രണ്ടാം ഭാഗമായ ചിത്രത്തില്‍ ആദ്യ ഭാഗത്തിലുള്ളവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ബേബി ജീന്‍, വിനയ് ഫോര്‍ട്ട്, ജഗദീഷ് തുടങ്ങിയവരും ഒന്നിച്ചപ്പോള്‍ മികച്ച ദൃശ്യാനുഭവമായിരുന്നു പ്രേക്ഷകര്‍ക്ക് ലഭിച്ചത്. ഡാര്‍ക്ക് കോമഡി ഴോണറിലൊരുങ്ങിയ ചിത്രം ഒ.ടി.ടിയിലെത്തിയതിന് പിന്നാലെ ഒട്ടനവധി ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

ഭരതനാട്യം 2 മോഹിനിയാട്ടം. Photo: IMDB

ഇതില്‍ പ്രധാനപ്പെട്ടതായിരുന്നു സൈജു കുറുപ്പ് അവതരിപ്പിച്ച ശശിധരന്‍ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍. തന്റെ കുടുംബത്തിനൊപ്പം അച്ഛന്‍ ഭരതന്‍ നായരുടെ രണ്ടാം വിവാഹത്തിലുണ്ടായ കുടുംബത്തിന്റെയും ഉത്തരവാദിത്തങ്ങള്‍ നോക്കി പോരുന്ന ശശിധരന് ഒരു വിവാഹം കഴിക്കേണ്ടേ എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റില്‍ ചോദിക്കുന്നത്. ചിത്രങ്ങള്‍ക്കുള്ളിലെ പല കാര്യങ്ങളെ കുറിച്ചും പലരും ചര്‍ച്ച ചെയ്യാറുണ്ടെങ്കിലും ഇത്തരത്തില്‍ ഒരു കഥാപാത്രത്തോട് സഹാനുഭൂതി പ്രകടമാക്കുന്ന പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുകയാണ്.

സാധാരണക്കാരെ പോലെ ഒരു കുടുംബത്തിന്റതിന് പകരം രണ്ട് കുടുംബങ്ങളുടെയും ഒപ്പം അമ്പലക്കാര്യവും നാട്ടുക്കാര്യവും ഭംഗിയായി നോക്കിയിരുന്ന ശശിധരന്‍ നായര്‍ എന്തുകൊണ്ടാണ് ഇപ്പോഴും അവിവാഹിതനായി തുടരുന്നത് എന്ന് ചോദിച്ചു കൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. കുടുംബത്തിലെ മറ്റാരെക്കാളും കാര്യപ്രാപ്തിയും ആദരണീയനുമായ ശശിധരന് ഒരു കുടുംബം വേണമെന്ന് രണ്ട് കല്ല്യാണം കഴിച്ച ഭരതന്‍ നായരോ ഭാര്യമാരോ മറ്റ് കുടുംബക്കാരോ എന്ത് കൊണ്ടാണ് ആലോചിക്കാത്തതെന്ന ചോദ്യം ഉയരുന്നത് ന്യായമായ കാര്യമാണെന്ന് കാണാം.

ഭരതനാട്യം 2 മോഹിനിയാട്ടം. Photo: IMDB

കുടുംബത്തിന്റെ വണ്ടിക്കാളയായി എല്ലാക്കാലവും ജീവിച്ച് തന്റെ വേണ്ടപ്പെട്ടവര്‍ ഉണ്ടാക്കിവെക്കുന്ന ഊരാകുടുക്കുകള്‍ പരിഹിരിച്ച് തീര്‍ക്കാനുള്ളതാണോ ഈ ജീവിതമെന്ന് കഥാപാത്രത്തിന് വേണ്ടി പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ പലരും ശബ്ദമുയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇതിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടാകുമെന്നാണ് പലരുടെയും വിലയിരുത്തല്‍. പഠനകാലത്ത് നടന്ന എന്തെങ്കിലും ബ്രേക്കപ്പോ അല്ലെങ്കില്‍ വിവാഹമോചിതനായതോ കാരണമാവാമെന്നുമുള്ള അനുമാനം പലരും രേഖപ്പെടുത്തുന്നു. ഇനിയൊരു ഭാഗം സംവിധായകന്‍ കൃഷ്ണദാസ് മുരളി ഒരുക്കുകയാണെങ്കില്‍ അത് ശശിധരന്റെ കുടുംബവുമായി ബന്ധപ്പെട്ടായിരിക്കാമെന്നും പ്രവചിക്കുന്നവരുണ്ട്.

Content Highlight: Social media Post about Sauju Kurup’s character in Bharathanatyam 2 goes viral

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.