ഇപ്പോ ഇറക്കിയാല്‍ മിനിമം ആയിരം കോടി വാരാം... ദളപതിക്ക് പകരം സി.എം എന്ന് ടൈറ്റില്‍ കാര്‍ഡും വെക്കാം, ജന നായകന്റെ വരവും കാത്ത് ആരാധകര്‍
Indian Cinema
ഇപ്പോ ഇറക്കിയാല്‍ മിനിമം ആയിരം കോടി വാരാം... ദളപതിക്ക് പകരം സി.എം എന്ന് ടൈറ്റില്‍ കാര്‍ഡും വെക്കാം, ജന നായകന്റെ വരവും കാത്ത് ആരാധകര്‍
അമര്‍നാഥ് എം.
Saturday, 9th May 2026, 3:22 pm

സമീപകാലത്ത് മറ്റൊരു സിനിമയും നേരിടാത്ത തരത്തിലുള്ള പ്രതിസന്ധികളാണ് വിജയ് ചിത്രം ജന നായകന്‍ നേരിടേണ്ടി വന്നത്. പറഞ്ഞ സമയത്ത് റിലീസ് ചെയ്യാന്‍ സാധിക്കാത്ത ചിത്രം ഇപ്പോഴും സെന്‍സര്‍ ബോര്‍ഡിന്റെ ചുവപ്പുനാടയില്‍ കുടുങ്ങി കിടക്കുകയാണ്. ഇതിനിടയില്‍ ഇന്റര്‍നെറ്റില്‍ ലീക്കായതും ചിത്രത്തിന് തിരിച്ചടിയായി.

വിജയ്‌യുടെ അവസാന ചിത്രമെന്ന നിലയില്‍ വന്‍ ഹൈപ്പ് ഉണ്ടായിരുന്ന ചിത്രമായിരുന്നു ജന നായകന്‍. എന്നാല്‍ റിലീസ് വൈകിയതോടെ ചിത്രത്തിന് മേലുള്ള പ്രതീക്ഷകള്‍ കുറഞ്ഞുവന്നു. തെരഞ്ഞെടുപ്പിന് ശേഷം റിലീസായാല്‍ വലിയ ഇംപാക്ടുണ്ടാക്കില്ലെന്നും പലരും അഭിപ്രായപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ ജന നായകന്‍ വീണ്ടും സിനിമാപേജുകളില്‍ ചര്‍ച്ചയാവുകയാണ്.

എക്‌സിറ്റ് പോളുകളും രാഷ്ട്രീയ നിരീക്ഷകരും ഒരുപോലെ എഴുതിത്തള്ളിയ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടി സമാനതകളില്ലാത്ത വിജയമാണ് സ്വന്തമാക്കിയത്. തമിഴ്‌നാട്ടിലെ ശക്തരായ രണ്ട് മുന്നണികളെ പരാജയപ്പെടുത്തി 108 സീറ്റിലാണ് വിജയ്‌യുടെ തമിഴക വെട്രി കഴകം ചരിത്രമെഴുതി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ നടത്താനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് വിജയ്.

ഈ അവസരത്തില്‍ ജന നായകന്‍ റിലീസ് ചെയ്താല്‍ പാന്‍ ഇന്ത്യന്‍ തലത്തില്‍ ചിത്രം ഹിറ്റാകുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. തമിഴിലെ ആദ്യ ആയിരം കോടി ചിത്രമായി ജന നായകന്‍ മാറിയേക്കുമെന്നും പലരും കണക്കുകൂട്ടുന്നുണ്ട്. മത്സരിച്ച ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ റെക്കോഡ് വിജയം നേടിയ വിജയ് ഇപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയ- സിനിമാ ലോകത്ത് ചര്‍ച്ചാവിഷയമാണ്.

ഇതുവരെയുള്ള സിനിമകളില്‍ ഇളയ ദളപതി, ദളപതി എന്നീ ടൈറ്റിലുകളായിരുന്നു താരത്തിന് നല്‍കിയത്. എന്നാല്‍ ജന നായകന്‍ റിലീസാകുമ്പോള്‍ ‘ചീഫ് മിനിസ്റ്റര്‍ വിജയ്’ എന്ന് ടൈറ്റില്‍ കാര്‍ഡ് വെക്കാന്‍ സാധ്യതയുണ്ടെന്നും പലരും അഭിപ്രായപ്പെടുന്നു. അങ്ങനെ സംഭവിച്ചാല്‍ സിനിമയിലെക്കാള്‍ ഹീറോയിസമായി ജന നായകന്‍ മാറുമെന്ന് ഉറപ്പ്.

400 കോടി ബജറ്റിലൊരുങ്ങിയ ജന നായകന്‍ റിലീസിന് രണ്ട് ദിവസം മുമ്പാണ് മാറ്റിവെക്കപ്പെട്ടത്. 2025 ഡിസംബറില്‍ സെന്‍സര്‍ ബോര്‍ഡിന് മുമ്പാകെ ചിത്രം സമര്‍പ്പിച്ചെങ്കിലും പ്രദര്‍ശനാനുമതി ലഭിച്ചിരുന്നില്ല. സെന്‍സര്‍ ബോര്‍ഡിനെതിരെ അണിയറപ്രവര്‍ത്തകര്‍ സുപ്രീം കോടതിയെ വരെ സമീപിച്ചെങ്കിലും അനുകൂല വിധി വരാന്‍ താമസിച്ചതുമൂലം കേസ് പിന്‍വലിക്കേണ്ടി വന്നു. ജന നായകന്‍ എന്ന ടൈറ്റിലിനെ അന്വര്‍ത്ഥമാക്കും വിധം ജയിച്ചുകയറിയ വിജയ്‌യുടെ അവസാനചിത്രം ആരാധകര്‍ ആഘോഷമാക്കുമെന്ന് ഉറപ്പ്.

Content Highlight: Social media discussions on the release of Jana Nayagan movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം