ajitha


കേരളം പോലെ മാനുഷികമായ രാഷ്ട്രീയ പരിഗണനകളുള്ള ഒരു സംസ്ഥാനത്തില്‍ ചെറുപ്പം മുതല്‍ക്കേ സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഇടപെട്ട ഒരു സ്ത്രീയെ പൊലീസ്  കൊലപ്പെടുത്തി ജഢം അജ്ഞാതമെന്ന നിലയ്ക്ക് സംസ്‌കരിക്കുന്നത് പൊറുക്കാനാവില്ലെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. 


കോഴിക്കോട്: നിലമ്പൂര്‍ കരുളായി വനത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ പൊലിസ് വെടിവെച്ചു കൊന്ന മാവോവാദി നേതാവ് അജിത എന്ന കാവേരിയുടെ മൃതദേഹം അവരുടെ സുഹൃത്തുക്കള്‍ക്ക് വിട്ടു കൊടുക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവാണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍.

കേരളം പോലെ മാനുഷികമായ രാഷ്ട്രീയ പരിഗണനകളുള്ള ഒരു സംസ്ഥാനത്തില്‍ ചെറുപ്പം മുതല്‍ക്കേ സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഇടപെട്ട ഒരു സ്ത്രീയെ പൊലീസ്  കൊലപ്പെടുത്തി ജഢം അജ്ഞാതമെന്ന നിലയ്ക്ക് സംസ്‌കരിക്കുന്നത് പൊറുക്കാനാവില്ലെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

അജിതയ്ക്ക് മാന്യമായ ഒരു സംസ്‌കാരം നല്‍കുന്നതിന് അവരുടെ സുഹൃത്തുക്കള്‍ക്ക് അവസരം നല്‍കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാകണം. ഇല്ലെങ്കില്‍ അത് തെറ്റായ സന്ദേശം നല്‍കലാവുമെന്നും പ്രസ്താവനയില്‍ പറയുന്നു.

സി.ആര്‍ നീലകണ്ഠന്‍, കല്‍പ്പറ്റ നാരായണന്‍, ശിഹാബുദീന്‍ പൊയ്ത്തുംകടവ് തുടങ്ങി മുപ്പതിലേറെ പേരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്.

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അജിതയുടെ മൃതദേഹം സംസ്‌ക്കരിക്കുന്നത് ഇന്നുവരെ നീട്ടിവെച്ചിരുന്നു. മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അജിതയുടെ സുഹൃത്ത് ഭഗവത് സിങ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഉത്തരവ്. ഇതിനു പിന്നാലെയാണ് അജിതയുടെ മൃതദേഹം സുഹൃത്തുക്കള്‍ക്ക് വിട്ടു നല്‍കണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്.

ടി.ടി ശ്രീകുമാര്‍, ജെ. ദേവിക, മീന കന്ദസാമി, റീമാ കല്ലിങ്ങല്‍, ഡോ. ബിജു, എ. വാസു, കെ.കെ കൊച്ച് (ദലിത് ആക്ടിവിസ്റ്റ്), കെ.എം സലീംകുമാര്‍ (എഡിറ്റര്‍, ദലിത് മാഗസിന്‍), ഡോ. കെ.ടി രാംമോഹന്‍ (സാമൂഹിക ശാസ്ത്രജ്ഞന്‍), ടി.എന്‍ ജോയ് (മനുഷ്യാവകാശ പ്രവര്‍ത്തകന്‍), കെ.പി സേതുനാഥ് (മാധ്യമപ്രവര്‍ത്തകന്‍), ടി.കെ വാസു (മനുഷ്യാവകാശ പ്രവര്‍ത്തകന്‍), പുരുഷന്‍ ഏലൂര്‍ (പരിസ്ഥിതി പ്രവര്‍ത്തകന്‍), കെ.കെ ഷാഹിന (മാധ്യമ പ്രവര്‍ത്തക), എന്‍. സുബ്രമണ്യന്‍ (മനുഷ്യാവകാശ പ്രവര്‍ത്തകന്‍), സുല്‍ഫത്ത് (സാമൂഹിക പ്രവര്‍ത്തക), കെ.പി ശശി (ഫിലിം മേക്കര്‍), ആശാലത (എഴുത്തുകാരി), സി.എസ് മുരളി (കെ.ഡി.എം.എസ്), ഡോ. രേഖാരാജ് (ദലിത് ഫെമിനിസ്റ്റ്), ഡോ. പി. ഗീത, എന്‍.പി ചേക്കുട്ടി, കെ.സി. ഉമേഷ് ബാബു, ഡോ. ആസാദ് , ഗോപാല്‍ മേനോന്‍, അഡ്വ. പി.എ. പൗരന്‍, കെ.എസ് ഹരിഹരന്‍, ഷഹബാസ് അമന്‍, പ്രകാശ് ബാരെ തുടങ്ങിയവരും പ്രസ്താവനയില്‍ ഒപ്പുവെച്ചു.

ഏറ്റുമുട്ടലില്‍ അജിതയ്‌ക്കൊപ്പം കൊല്ലപ്പെട്ട കുപ്പു ദേവരാജിന്റെ മൃതദേഹം കഴിഞ്ഞ വെള്ളിയാഴ്ച സംസ്‌കരിച്ചിരുന്നു. മൃതദേഹം പൊതുദര്‍ശനത്തിനുവെക്കാന്‍ പൊലീസ് ഉപരോധമേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലായിരുന്നു സംസ്‌കാരം.