'ആത്മാര്‍ത്ഥമായി നന്ദി പറയുന്നു'; മെഡിക്കല്‍ സഹായവുമായി ഇന്ത്യയുടെ ആദ്യ കപ്പല്‍ ഇറാനില്‍
Iran US Conflict
'ആത്മാര്‍ത്ഥമായി നന്ദി പറയുന്നു'; മെഡിക്കല്‍ സഹായവുമായി ഇന്ത്യയുടെ ആദ്യ കപ്പല്‍ ഇറാനില്‍
അനിത സി
Wednesday, 18th March 2026, 2:58 pm

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ മെഡിക്കല്‍ സഹായവുമായി ഇന്ത്യയുടെ ആദ്യ കപ്പല്‍ ഇറാനിലെത്തി. ബുധനാഴ്ചയാണ് ഇന്ത്യയുടെ സഹായം ഇറാനിലെത്തിയത്. പിന്നാലെ ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഇറാന്‍ പ്രസ്താവനയിറക്കി.

‘ഇന്ത്യയിലെ ദയാലുക്കളായ ജനങ്ങള്‍ക്ക് ഞങ്ങള്‍ ആത്മാര്‍ത്ഥമായി നന്ദി പറയുന്നു. ഈ പ്രവൃത്തി സൗഹാര്‍ദത്തിന്റെയും മാനുഷിക സഹകരണത്തിന്റെയും അടയാളമാണ്’; ഇറാന്‍ എംബസി പ്രസ്താവനയില്‍ പറഞ്ഞു.

ഇറാനിലെ റെഡ് ക്രസന്റ് സൊസൈറ്റിക്കാണ് ഇന്ത്യ സഹായമെത്തിച്ചിരിക്കുന്നത്. ഇറാനിലെ സംഘര്‍ഷവും ആക്രമണത്തിനിരയാകുന്നവരുടെയും എണ്ണം വര്‍ധിക്കുന്നതിനിടെ ആശുപത്രികള്‍ക്കും അടിയന്തര സഹായ സംഘങ്ങള്‍ക്കും ഇന്ത്യയുടെ വൈദ്യ സഹായം തുണയാകുമെന്നാണ് പ്രതീക്ഷ.

ഇന്ത്യയുടെ വൈദ്യസഹായം ഇറാനിലെത്തുന്നതിന്റെ ദൃശ്യങ്ങളും ഇറാനിയന്‍ എംബസി പുറത്തുവിട്ടിട്ടുണ്ട്.

പശ്ചിമേഷ്യന്‍ മേഖലയില്‍ കനത്ത ആക്രമണവും മരണനിരക്കും വര്‍ധിച്ചുവരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയപരമായ ചായ്‌വുകളും നിലപാടുകളും പരിഗണിക്കാതെയാണ് ഇന്ത്യ ഇറാന് സഹായം നല്‍കിയിരിക്കുന്നത്.

അതേസമയം, ഇറാനെതിരായ യു.എസ്, ഇസ്രഈല്‍ ആക്രമണം 19ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പശ്ചിമേഷ്യയിലെ നിരവധി രാജ്യങ്ങളില്‍ ജീവഹാനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, ഇറാന്റെ ഹോര്‍മുസ് തുറമുഖം കടന്ന് ഇന്ത്യയുടെ എണ്ണ കപ്പല്‍ ഗുജറാത്ത് തുറമുഖത്തെത്തി.

ഇന്ത്യയുടെ ഓയില്‍ ടാങ്കര്‍ ജഗ് ലാഡ്കി മുന്ദ്ര തുറമുഖത്ത് സുരക്ഷതമായി എത്തിയതായി അധികൃതര്‍ അറിയിച്ചു. യു.എ.ഇയിലെ ഫുജൈറ തുറമുഖത്ത് നിന്നുമുള്ള 80,886 മെട്രിക് ടണ്‍ അസംസ്‌കൃത എണ്ണയുമായാണ് കപ്പല്‍ ഇന്ത്യയിലെത്തിയിരിക്കുന്നത്.

അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കുമൊഴികെയുള്ള എല്ലാ രാജ്യങ്ങള്‍ക്കും ഹോര്‍മുസ് തുറമുഖം തുറന്നുകൊടുക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ആവര്‍ത്തിച്ചു.

Content Highlight: ‘Sincerely thank you’; India’s first ship with medical aid arrives in Iran

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.