'ഓണം, ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കരുത്; ഓണസദ്യ കഴിക്കരുത്; ക്ഷേത്രത്തിലെ പൂരത്തിന് പിരിവ് നല്‍കരുത് '; സിംസാറുല്‍ ഹഖ് ഹുദവി
Kerala
'ഓണം, ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കരുത്; ഓണസദ്യ കഴിക്കരുത്; ക്ഷേത്രത്തിലെ പൂരത്തിന് പിരിവ് നല്‍കരുത് '; സിംസാറുല്‍ ഹഖ് ഹുദവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th September 2019, 5:18 pm

കോഴിക്കോട്: ഓണം, ക്രിസ്തുമസ് പോലുള്ള മറ്റു മതസ്ഥരുടെ ആഘോഷങ്ങളില്‍ മുസ്‌ലീങ്ങള്‍ പങ്കെടുക്കരുതെന്നും അത്തരത്തില്‍ പങ്കെടുക്കാന്‍ ഇസ്‌ലാം മതം അനുവദിക്കുന്നില്ലെന്നും മതപ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവി. എസ്.കെ.എസ്.എഫ്.എഫ് വേദിയില്‍ അദ്ദേഹം നടത്തുന്ന പ്രസംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ പ്രസംഗമാണിതെന്നും ഒരു കൂട്ടര്‍ പറയുന്നു.

മറ്റു മതസ്ഥരുടെ ആഘോഷങ്ങളില്‍ നമ്മള്‍ പങ്കെടുക്കാനോ സെലിബ്രേറ്റ് ചെയ്യാനോ പാടില്ല എന്നും ഇതിനെയെല്ലാം തന്ത്രപരമായ രീതിയില്‍ സമീപിക്കണമെന്നുമാണ് പ്രസംഗത്തില്‍ ഇദ്ദേഹം പറയുന്നത്.

നമ്മള്‍ ഒരു പിരിവുമായി ചെന്നാല്‍ എല്ലാ ജാതിക്കാരും മതക്കാരും നമുക്ക് പൈസ തരുന്നുണ്ടെന്നും ക്ഷേത്രത്തിലെ പൂരവുമായി ബന്ധപ്പെട്ട് പിരിവിന് വരുന്നവര്‍ക്ക് പണം കൊടുക്കാന്‍ നമ്മുടെ മതം അനുവദിക്കില്ലെന്നും അതുകൊണ്ട് തന്നെ പൂരത്തിന് പിരിവിന് വരുന്നവരെ സ്വകാര്യമായി വിളിച്ച് പണം കൊടുത്ത് ഈ കാശ്‌കൊണ്ട് ചായ കുടിച്ചോയെന്ന് പറയുകയാണ് വേണ്ടതെന്നും ഇത്തരത്തില്‍ ഡിപ്ലോമാറ്റിക്കായി കാര്യങ്ങളെ സമീപിക്കണമെന്നുമാണ് പ്രസംഗത്തില്‍ ഇദ്ദേഹം പറയുന്നത്.

ഓണസദ്യ നടന്നിടക്കുന്നിടത്ത് എത്തിപ്പെട്ടാല്‍ അവിടെ നിന്നും ഭക്ഷണം കഴിക്കരുതെന്നും മിഠായി വായില്‍ ഇട്ട് പോയി സദ്യ കഴിക്കുന്നതില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ് വേണ്ടതെന്നും ഇദ്ദേഹം പ്രസംഗത്തില്‍ പറയുന്നുണ്ട്.

 

പ്രസംഗത്തിന്റെ പൂര്‍ണരൂപം

കോളേജില്‍ ക്രിസ്മസ് ആഘോഷവും ഓണാഘോഷവും വരുമ്പോള്‍ അതില്‍ പങ്കെടുക്കാന്‍ പറ്റുമോ എന്നത് പ്രശ്‌നം വരുന്നൊരു വിഷയമാണ് അത്. നമ്മള്‍ എന്തെങ്കിലും പരിപാടി വെച്ചാല്‍, റമദാനില്‍ ഇഫ്താര്‍ പാര്‍ട്ടിക്ക് അവര്‍ വരുന്നുണ്ട്. പെരുന്നാളിന് അവര്‍ സ്വീറ്റ്‌സ് എല്ലാം തരുന്നുണ്ട്. അപ്പോള്‍ നമ്മളും അവരോട് അങ്ങോട്ട് അങ്ങനെ ആവണ്ടേ എന്നൊരു ചോദ്യം. ചോദ്യം നല്ലതാണ്. ഇവിടെ വിഷയം നമുക്കത് സെലിബ്രേറ്റ് ചെയ്യാന്‍ പറ്റില്ല എന്നതാണ്.

നമുക്ക് ഓണവും ക്രിസ്മസും മറ്റു മതങ്ങളുടെ ഫെസ്റ്റിവലും നമുക്ക് സെലിബ്രേറ്റ് ചെയ്യാന്‍ പാടുള്ളതല്ല. അത് ഡിപ്ലോമാറ്റിക് ആയി ചെയ്യണമെന്നാണ്. നമ്മള്‍ ഒരു പിരിവുമായി ചെന്നാല്‍ എല്ലാ ഹിന്ദുക്കളും എല്ലാ ജാതിക്കാരും നമുക്ക് പൈസ തരുന്നുണ്ട്. അപ്പോള്‍ അവര്‍ അമ്പലത്തിന്റെ പൂരം നടക്കുമ്പോള്‍ അവര്‍ വരും. എന്താ ചെയ്യുക, ഇത് തരാന്‍ പറ്റില്ലെന്ന് ഉസ്താദ് പറഞ്ഞിട്ടുണ്ടെന്ന് അവരോട് പറയാന്‍ പറ്റില്ലല്ലോ അവിടെ വര്‍ഗീയ കലാപം വരെ സംഭവിച്ചേക്കാം. അപ്പോള്‍ നമ്മള്‍ എന്താണ് ചെയ്യുക, ഡിപ്ലോമാറ്റിക് ആയി പ്രവര്‍ത്തിക്കുക എന്ന് പറയില്ലേ, പൂരത്തിന് പിരിവിന് വരുന്ന ആളോട് നമ്മള്‍ എന്താണ് പറയുക? നിങ്ങള്‍ ഒന്ന് അകത്തേക്ക് വരൂ സ്വകാര്യപറയാനുണ്ടെന്ന് പറയാം, അതേ.. പൂരത്തിന് പലരും പൈസ തരും. ഇതേ നിനക്ക് ചായ കുടിക്കാനാണ് 50 രൂപ പിടിച്ചോ ഇത് അതിലേക്ക് കൂട്ടട്ടേ. അവന് ഭയങ്കര സന്തോഷമേ ഉണ്ടാകുള്ളൂ.

നിങ്ങള്‍ പൂരത്തെ സഹായിച്ചിട്ടില്ല, ആ വ്യക്തിയേ ആണ് സഹായിച്ചത്. എന്നാല്‍ പൈസ കൊടുത്തോ കൊടുത്തു. നിങ്ങള്‍ ഓരോരുത്തരും 10 രൂപ വെച്ച് എടുത്തോ എന്ന് അഞ്ചാളോടും പറയുമ്പോള്‍ അവര്‍ എല്ലാവരും ഹാപ്പിയായി. ഇങ്ങനെ നിങ്ങള്‍ അതിനെ ഡൈവേര്‍ട്ട് ചെയ്യണം. ഞാന്‍ തരൂല എന്ന് വേണ്ട. നമ്മളെ അങ്ങനെ അല്ല നബി പഠിപ്പിച്ചത്. സ്‌നേഹം കൊടുത്ത് മനുഷ്യര്‍ക്ക് ഹിദായത്തിന്റെ വഴി കാണിച്ചുകൊടുക്കണമെന്നാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു ക്രിസ്മസ് ആഘോഷം നടക്കുകയാണ്. നമുക്ക് അതില്‍ പങ്കെടുക്കാന്‍ പറ്റില്ല. ഓണസദ്യ നടക്കുകയാണ്, വേഗം ചെന്ന് ഒരു മിഠായി വിയില്‍ ഇട്ട് പോകുക. പിന്നേ ഇപ്പോള്‍ തിന്നിട്ടേ ഉള്ളൂ, മധുരം ഇനി ഇങ്ങനെ തിന്നാന്‍ വയ്യ. നിങ്ങള്‍ കഴിച്ചിട്ടില്ല. ഉദാഹരം പറയാണ്. ഒരു മിഠായി കഴിക്കാതെ പോയി നുണ പറയണ്ടേ..നുണ പറയാന്‍ പാഠില്ല. നമ്മള്‍ അത് പറഞ്ഞുതരില്ല. നുണപറയണമെന്നൊക്കെ പറഞ്ഞുതരുന്നവരുണ്ടാകും. നമ്മള്‍ അത് പറയില്ല.

നമ്മള്‍ ഇസ്‌ലാമിന്റെ ഹക്കായ വഴിയില്‍ നില്‍ക്കുകയാണ്. സത്യം പറഞ്ഞിട്ട് തന്നെ ട്രിക്കിലൂടെ ഒഴിഞ്ഞുമാറണം. അത് ഇനി നിങ്ങള്‍ക്ക് പറഞ്ഞു തരേണ്ടല്ലോ എങ്ങനെയാണെന്ന്… നമുക്കത് ലൈവ് പാര്‍ടിസിപ്പേറ്റ് ചെയ്യാന്‍ പറ്റുന്നതല്ല – അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തേ സമാനമായ വാദം ഉയര്‍ത്തി സലഫി പണ്ഡിതന്‍മാരായ മുജാഹിദ് ബാലുശേരിയും ഷംസുദീന്‍ പാലത്തും രംഗത്തെത്തിയിരുന്നു. അന്നും വലിയ വിമര്‍ശനമായിരുന്നു ഇവര്‍ക്കെതിരെ ഉയര്‍ന്നത്.

മുസ്ലിങ്ങളല്ലാത്തവരോട് ചിരിക്കരുത്, സ്വന്തം സ്ഥാപനങ്ങളില്‍ അന്യമതസ്ഥരെ ജോലിക്ക് നിര്‍ത്തരുത്, അമുസ്ലിം കലണ്ടര്‍ ഉപയോഗിക്കരുത് തുടങ്ങിയ അങ്ങേയറ്റം പ്രതിലോമകരമായ കാര്യങ്ങളായിരുന്നു ശംസുദ്ദീന്‍ പാലത്ത് ഇയാളുടെ പ്രസംഗത്തില്‍ പരമാര്‍ശിച്ചത്.

മുസ്ലിംങ്ങളല്ലാത്തവരുടെ വസ്ത്രധാരണവും സംസാരശൈലി പോലും അനുകരിക്കരുതെന്ന് പറയുന്ന പ്രസംഗത്തില്‍ പൊതു സമൂഹത്തില്‍ അമുസ്ലിങ്ങളെ യോഗ്യരായി അവതരിപ്പിക്കരുതെന്നും അവരുടെ ഉത്സവങ്ങളില്‍ പങ്കെടുക്കുകയോ സഹകരിക്കുകയോ ചെയ്യരുതെന്നും ശംസുദ്ദീന്‍ പാലത്ത് പറഞ്ഞിരുന്നു.

‘അമുസ്‌ലിംങ്ങളോട് ചിരിക്കുന്നത് പോലും സൂക്ഷിച്ച് മതി’ ; കടുത്ത വര്‍ഗീയ നിലപാടുകളുമായി സലഫി പണ്ഡിതന്‍