മലയാള ചലച്ചിത്ര മേഖലയിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് സിദ്ധീഖ്. നായകനായും വില്ലനായും സ്വഭാവ നടനായും 300 ലധികം സിനിമകളിൽ വേഷമിട്ട താരം ഏതു തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ആണ്, ഒരു നടനെ നടനായി അംഗീകരിക്കുന്നത് എന്നത് തുറന്നു പറയുകയാണ് ഇപ്പോൾ . സിദ്ധീഖിന്റെ 351 ആം ചിത്രമായ മധുരമീ ജീവിതം എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സ്കൈ എന്റർടൈൻമെന്റ് എന്ന ചാനലിൽ സംസാരിക്കവേ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.
ഓർത്തുവെക്കപ്പെടുന്നത് എന്നും കണ്ണ് നനയിക്കുന്ന നിമിഷങ്ങളാണെന്നും, സന്തോഷങ്ങൾക്ക് ആയുസ് കുറവാണെന്നും, തമാശകൾ വേഗം മറന്നുപോകുന്നവയാണെന്നും സിദ്ധീഖ് പറയുന്നു. സിനിമകളിൽ കാണുന്ന തമാശകൾ വേഗത്തിൽ മറന്നുപോകാറുണ്ടെങ്കിലും കണ്ണ് നനയിക്കുന്ന ഒറ്റ സീൻ ഉണ്ടായാൽ പോലും അത് എന്നും ഓർത്തുവെക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
സിദ്ധീഖ്. മധുരമീ ജീവിതം. Photo: IMDb
‘കഥകൾ ആണെങ്കിലും സിനിമകൾ ആണെങ്കിലും നമ്മളുടെ കണ്ണ് നനയിക്കണം. കണ്ണ് നനയിക്കുന്ന നിമിഷങ്ങൾ മാത്രമേ നമ്മൾ ഓർത്തുവെക്കുകയുള്ളൂ. ഒരുപാട് തമാശ സിനിമകൾ നമ്മൾ കാണും, അതിലെ തമാശകൾ ഓർത്തു ചിരിക്കും, ഒരു തമാശ ചിത്രം തിയേറ്ററിൽ കണ്ടു ചിരിക്കും. സിനിമ കണ്ടിറങ്ങി കഴിഞ്ഞാൽ അതിലെ എല്ലാ തമാശകളും നമുക്ക് ഓർത്തെടുക്കാൻ സാധിക്കില്ല.
ഒരുപാട് തമാശകൾ ഉണ്ടാവും, പക്ഷെ ഓർത്തെടുക്കാൻ സാധിക്കില്ല. എന്നാൽ കണ്ണ് നനയ്ക്കുന്ന ഒറ്റ സീൻ ഉണ്ടായാൽ മതി, നമ്മൾ അത് മറക്കില്ല. ആ ഒരു സീൻ നന്നായാൽ “തകർത്തു” എന്ന് പറയും ആളുകൾ. അത് മനുഷ്യന്റെ ഉള്ളിലേക്ക് കയറുന്ന ഒന്നാണ്.’ സിദ്ധീഖ് പറയുന്നു.
താൻ സിനിമയിൽ വന്ന് ചുരുങ്ങിയ കാലം കൊണ്ടുതന്നെ തനിക്ക് കണ്ണ് നനയിക്കുന്ന ഇമോഷണൽ സീൻ ചെയ്യാൻ, സന്ദേശം എന്ന സിനിമയിലൂടെ സാധിച്ചു എന്നും സിദ്ധീഖ് ഓർത്തെടുക്കുന്നു. അത്തരത്തിൽ ഒരു ഇമോഷണൽ സീൻ അഭിനയിക്കുമ്പോൾ മാത്രമാണ് അത് ഓർത്തുവെക്കപ്പെടുന്നതും, വേറെ എത്ര കോമഡി കാണിച്ചാലും, മറ്റുള്ളവരുടെ കണ്ണ് നനയ്ക്കുമ്പോൾ മാത്രമാണ് ഒരു നടനെ നടനായി അംഗീകരിക്കുന്നതെന്നും സിദ്ധീഖ് കൂട്ടിച്ചേർത്തു.
സിദ്ധീഖ്. Photo: Youtube
‘ഞാൻ സിനിമയിൽ വന്ന് വളരെ കുറച്ചു നാളുകൾക്കുള്ളിൽ തന്നെ, സന്ദേശം എന്ന സിനിമയിലൂടെ അങ്ങനെ കണ്ണ് നനയിക്കുന്ന ഒരു സീൻ അഭിനയിക്കാൻ എനിക്ക് കഴിഞ്ഞു. അവിടെയാണ് നമുക്ക് ഒരു മാർക്ക് കിട്ടുന്നത്. അവിടെയാണ് ‘ഇയാൾ ഒരു ആക്ടർ ആണ്’ എന്ന് പ്രേക്ഷകർക്ക് തോന്നുക. ബാക്കി എന്ത് ആക്ഷൻ കാണിച്ചാലും കോമഡി കാണിച്ചാലും, ഒരു സീനിൽ ഒന്ന് കണ്ണ് നനയിച്ചാൽ അപ്പോൾ ഒരു മാർക്ക് കിട്ടും, “ഇയാൾ കൊള്ളാം” എന്ന തരത്തിൽ.
അതിന് ഇമോഷണൽ സീനുകൾ തന്നെയാണ് വേണ്ടത്. അതിന് കണ്ണ് നനയിക്കാൻ പറ്റണം. സ്ത്രീകൾക്ക് അത് എളുപ്പമാണ്. അവർക്ക് കരയാനും കരയിക്കാനും എളുപ്പമാണ്. ആണുങ്ങൾ സ്‌ക്രീനിൽ കരയുന്നത് ഭയങ്കര റിസ്ക് ആണ്. ആ കരച്ചിൽ ശരിയായ രീതിയിൽ അല്ലെകിൽ മോശമാകും. ഇമോഷണൽ ആയ ഒരു സീനെങ്കിലും അഭിനയിക്കാൻ കഴിയുമ്പോഴാണ് ഒരു നടൻ എപ്പോഴും അംഗീകരിക്കപ്പെടുകയുള്ളൂ,’ സിദ്ധീഖ് പറയുന്നു.
സിദ്ധീഖ് അഭിനയിക്കുന്ന 351 ആം ചിത്രം ആണ് മാത്യു സ്കറിയ സംവിധാനം ചെയുന്ന മധുരമീ ജീവിതം. ചിത്രത്തിൽ വിനയ പ്രസാദ്, ഗായത്രി സുരേഷ്, പൂജിത മേനോൻ, ദിൽഷാ പ്രസന്നൻ, ജോണി ആന്റണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രം ഈ മാസം ആഗസ്ത് 14 ന് തിയേറ്ററുകളിൽ എത്തും.
Content Highlight: Siddique says an actor is only recognized when performing emotional scenes