കള്ള പാസ്‌പോര്‍ട്ട്, വേറൊരു പേരില്‍ മറ്റൊരു രാജ്യത്ത് ജീവിതം... ഇത് കൊപ്ര പ്രഭാകരന്റെ പ്ലാനാണല്ലോ; ജീത്തു ഇപ്പോഴും എയറില്‍
Malayalam Cinema
കള്ള പാസ്‌പോര്‍ട്ട്, വേറൊരു പേരില്‍ മറ്റൊരു രാജ്യത്ത് ജീവിതം... ഇത് കൊപ്ര പ്രഭാകരന്റെ പ്ലാനാണല്ലോ; ജീത്തു ഇപ്പോഴും എയറില്‍
അമര്‍നാഥ് എം.
Saturday, 20th June 2026, 7:58 pm

നിലവിലെ ഇയര്‍ ടോപ്പറാണെന്ന യാതൊരു പരിഗണനയും നല്‍കാതെ ദൃശ്യം 3യെ എയറില്‍ പറത്തുകയാണ് സോഷ്യല്‍ മീഡിയ. 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച സിനിമ ട്രോളന്മാരുടെ ഇരയായി മാറുന്ന അപൂര്‍വ കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. ഓരോ സീനും ട്രോളിനും മീമിനുമുള്ള വകുപ്പ് നല്‍കിക്കൊണ്ടിരിക്കുകയാണ്.

ആദ്യത്തെ രണ്ട് ഭാഗങ്ങളിലെയും ചില കഥാപാത്രങ്ങള്‍ മൂന്നാം ഭാഗത്തിലേക്കെത്തുമ്പോള്‍ മാറിയ രീതി പ്രേക്ഷകര്‍ക്ക് ഒട്ടും കണ്‍വിന്‍സല്ലായിരുന്നു. അത്തരത്തിലൊന്നാണ് സിദ്ദിഖ് അവതരിപ്പിച്ച പ്രഭാകര്‍ എന്ന കഥാപാത്രം. ആദ്യത്തെ രണ്ട് ഭാഗങ്ങളിലും പാവത്താനായി നിന്ന പ്രഭാകര്‍ ദൃശ്യം 3യിലേക്ക് എത്തുമ്പോള്‍ ജോര്‍ജുകുട്ടിയെ ഇല്ലാതാക്കന്‍ നടക്കുന്ന വില്ലനിലേക്ക് ട്രാന്‍സ്‌ഫോം ചെയ്യുകയാണ്.

ദൃശ്യം 3 Photo: Troll Meme Malayalam

രണ്ട് വര്‍ഷത്തോളം സമയമെടുത്ത് വളരെ ബ്രില്യന്റായി പ്രഭാകര്‍ ഒരു പ്ലാന്‍ തയാറാക്കുന്നുണ്ട്. സാമാന്യബുദ്ധിയുള്ള ആരും പുച്ഛിച്ച് പോകുന്ന മോശം പ്ലാനാണ് പ്രഭാകറിന്റേത്. ജോര്‍ജുകുട്ടിയുടെ മകളെ കല്യാണം കഴിപ്പിക്കാനായി ദുബായില്‍ താന്‍ സഹായിച്ച അവിരയെ കൊണ്ടുവന്നതടക്കം മണ്ടന്‍ പ്ലാനാണ് പ്രഭാകര്‍ ആസൂത്രണം ചെയ്തത്.

കല്യാണത്തിന്റെ അന്ന് രാത്രി അഞ്ജുവിനെ പൊലീസ് കേസില്‍ കുടുക്കാനുള്ള പദ്ധതിയെല്ലാം നടപ്പിലാക്കിയ ശേഷം അവിരക്ക് ടുണീഷ്യയിലേക്ക് പോകാനുള്ള സൗകര്യങ്ങളും പ്രഭാകര്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. മറ്റൊരു പേരില്‍ വേറൊരു രാജ്യത്തേക്ക് അയക്കുന്ന പരിപാടി പ്രഭാകറിന്റെ മാസ്റ്റര്‍ പ്ലാനല്ലെന്ന് പറയുകയാണ് സോഷ്യല്‍ മീഡിയ.

പട്ടണപ്രവേശം Photo: Screen grab/ Mollywood Movies

മോഹന്‍ലാല്‍- ശ്രീനിവാസന്‍ കോമ്പോയിലൊരുങ്ങിയ പട്ടണപ്രവേശത്തില്‍ തിലകന്‍ അവതരിപ്പിച്ച അനന്ത്യന്‍ നമ്പ്യാരെ കൊപ്ര പ്രഭാകരന്‍ സഹായിക്കുന്നത് ഇതുപോലെയാണ്. അനന്തന്‍ നമ്പ്യാര്‍ നാട്ടില്‍ നിന്നാല്‍ തനിക്ക് പണിയാകുമെന്ന് കരുതുന്ന കൊപ്ര പ്രഭാകരന്‍ അയാളെ മറ്റൊരു പേരില്‍ ദുബായിലേക്ക് കടക്കാന്‍ സഹായിക്കുകയാണ്.

കാലങ്ങള്‍ക്കിപ്പുറവും ഇതേ പ്ലാന്‍ യാതൊരു മാറ്റവുമില്ലാതെ ഉപയോഗിക്കാന്‍ ജീത്തു ജോസഫിന് എങ്ങനെ തോന്നിയെന്നാണ് പലരും ചോദിക്കുന്നത്. ട്വിസ്‌റ്റെന്ന പേരില്‍ എന്ത് കാണിച്ചാലും ആളുകള്‍ വിശ്വസിക്കുമെന്ന ധാരണ ജീത്തു ജോസഫ് മാറ്റണമെന്നും സോഷ്യല്‍ മീഡിയയില്‍ കമന്റുകളുണ്ട്. ദൃശ്യം എന്ന ബ്രാന്‍ഡിനുള്ള സ്വീകാര്യത ഇത്തരം തട്ടിക്കൂട്ട് സിനിമകളെടുത്ത് ഇല്ലാതാക്കരുതെന്നും ചിലര്‍ ആവശ്യപ്പെടുന്നു.

Content Highlight: Siddique’s plan in Drishyam 3 getting trolls and criticisms

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം