തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സിനിമയായിരുന്നു പ്രേമലു. മമിത ബൈജു, നസ്ലെന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ ശ്യാം മോഹനും ഒരു പ്രധാനവേഷത്തെ അവതരിപ്പിച്ചിരുന്നു.

കമല്‍ ഹാസന്‍ പ്രൊഡ്യൂസ് ചെയ്യുന്ന തമിഴ് ചിത്രമാണ് ശ്യാം മോഹന്റെ വരാനിരിക്കുന്ന അടുത്ത ചിത്രം. ശിവ കാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തില്‍ സായ് പല്ലവിയുടെ സഹോദരനായാണ് താരമെത്തുന്നത്. ഇപ്പോള്‍ ഈ ചിത്രത്തെ കുറിച്ച് പറയുകയാണ് ശ്യാം മോഹന്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ശിവ കാര്‍ത്തികേയനുമായി നല്ല കമ്പനിയായി. അദ്ദേഹം വളരെ പാവം മനുഷ്യനാണ്. നമുക്ക് ഫുഡ് വൈകിയാല്‍ അദ്ദേഹം വാങ്ങി തരും. ഒരു സ്റ്റാറായിട്ട് പോലും അതിന്റെ ജാഡയൊന്നും ഇല്ലാത്ത വ്യക്തിയാണ്.

ഷൂട്ട് കഴിഞ്ഞാല്‍ അദ്ദേഹം എവിടെയെങ്കിലും പോയിരിക്കും. കൂടെ ആരെങ്കിലും ഉണ്ടെങ്കില്‍ അവരോട് സംസാരിച്ചിരുന്നോളും. സായ് പല്ലവിയാണെങ്കിലും അങ്ങനെയാണ്. ആള്‍ അഭിനയിക്കുന്നതും എത്രത്തോളം അതില്‍ ഇന്‍ട്രസ്റ്റഡാണെന്നും കണ്ടിരിക്കാന്‍ നല്ല രസമാണ്. നല്ല ഒരു എക്‌സ്പീരിയന്‍സായിരുന്നു ആ സിനിമ.

വേറെയും കുറേ ആളുകള്‍ ആ സിനിമയിലുണ്ട്. എന്നാല്‍ അവരുടെയൊന്നും പേര് ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. രഹസ്യമാണ് അത്. ഞാന്‍ സിനിമയില്‍ സായ് പല്ലവിയുടെ സഹോദരനാണെന്ന് അറിയാതെ പറഞ്ഞ് പോയതായിരുന്നു. പിന്നെ

എനിക്ക് ടെന്‍ഷനായി. കാരണം അപ്പോഴേക്കും അത് എക്‌സിലൊക്കെ വന്നിരുന്നു. ഞാന്‍ അവരോട് ചോദിച്ചപ്പോള്‍ കുഴപ്പമില്ല, ഇനി കൂടുതലൊന്നും പുറത്ത് പറയാതിരുന്നാല്‍ മതിയെന്ന് പറഞ്ഞു.

പടം ഈ വര്‍ഷം റിലീസ് ഉണ്ടാകുമെന്നാണ് കേട്ടത്. കമല്‍ ഹാസനാണ് അതിന്റെ പ്രൊഡക്ഷന്‍. ആ പടം കമല്‍ സാര്‍ കാണുമെന്നത് ഒരുപാട് ഭാഗ്യമാണ്,’ ശ്യാം മോഹന്‍ പറഞ്ഞു.


Content Highlight: Shyam Mohan Talks About His Tamil Movie