ഐ.പി.എല്ലിലെ നിര്‍ണായക മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ വമ്പന്‍ വിജയമായിരുന്നു പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിന്റെ തട്ടകമായ ഏകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റുകള്‍ക്കാണ് പഞ്ചാബിന്റെ ജയം.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബ് 18 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അനായാസമായി മറികടന്നു. ഈ വിജയത്തോടെ 15 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് മുന്നേറാനും പഞ്ചാബിന് സാധിച്ചു.
Job done in Lucknow! 🙌 pic.twitter.com/OYDpBoBp0m
— Punjab Kings (@PunjabKingsIPL) May 23, 2026
ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ തകര്‍പ്പന്‍ സെഞ്ച്വറി കരുത്തിലാണ് പഞ്ചാബ് നിര്‍ണായക മത്സരത്തില്‍ വിജയിച്ചുകയറിയത്. 51 പന്തില്‍ പുറത്താവാതെ 101 റണ്‍സ് നേടിയാണ് അയ്യര്‍ തിളങ്ങിയത്. 11 ഫോറും അഞ്ച് കൂറ്റന്‍ സിക്സും അടങ്ങുന്നതായിരുന്നു പഞ്ചാബ് ക്യാപ്റ്റന്റെ ഇന്നിങ്‌സ്.
ഇതോടെ ഒരു കിടിലന്‍ റെക്കോഡ് ലിസ്റ്റിലും അയ്യര്‍ ഇടം നേടിയിരിക്കുകയാണ്. ഐ.പി.എല്‍ ചെയ്‌സിങ്ങില്‍ സെഞ്ച്വറി നേടുന്ന ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ ഇടം നേടാനാണ് താരത്തിന് സാധിച്ചത്. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന് ശേഷം ഈ റെക്കോഡ് സ്വന്തമാക്കുന്ന താരം കൂടിയാണ് ശ്രേയസ്. മാത്രമല്ല ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് വിനേന്ദര്‍ സെവാഗും രണ്ടാം സ്ഥാനത്ത് വിരാട് കോഹ്‌ലിയുമാണ്.
ഐ.പി.എല്‍ ചെയ്‌സിങ്ങില്‍ സെഞ്ച്വറി നേടുന്ന ക്യാപ്റ്റന്‍മാര്‍
(താരം, റണ്‍സ്, എതിരാളി, വര്‍ഷം)
വിനേന്ദര്‍ സെവാഗ് – 119 – ഡെക്കാന്‍ ചാര്‍ജേഴ്‌സ് – 2011
വിരാട് കോഹ്‌ലി – 108 – റൈസിങ് പൂനെ – 2016
സഞ്ജു സാംസണ്‍ – 119 – പഞ്ചാബ് കിങ്‌സ് – 2021
ശ്രേയസ് അയ്യര്‍ – 101 – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 2026*
The captain reporting for duty in a must-win game 👏
Shreyas Iyer wins the Player of the Match award 🌟#TATAIPL | #KhelBindaas | #LSGvPBKS pic.twitter.com/3fthSxMRSv
— IndianPremierLeague (@IPL) May 23, 2026
അയ്യര്‍ക്ക് പുറമെ പ്രഭ്‌സിമ്രാന്‍ സിങ്ങിന്റെ അര്‍ധ സെഞ്ച്വറിയും വിജയത്തില്‍ നിര്‍ണായകമായി. 39 പന്തില്‍ ഏഴ് ഫോറുകളും രണ്ട് സിക്സുകളും അടക്കം 69 റണ്‍സ് ആണ് താരം സ്വന്തമാക്കിയത്.
അതേസമയം മത്സരത്തില്‍ ജോഷ് ഇംഗ്ലിസിന്റെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ കരുത്തിലാണ് ലഖ്നൗ മികച്ച സ്‌കോര്‍ നേടിയത്. 44 പന്തില്‍ നിന്നും 72 റണ്‍സാണ് ഇംഗ്ലിസ് അടിച്ചെടുത്തത്. ഒമ്പത് ഫോറുകളും രണ്ട് സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. ആയുഷ് ബദോണി 18 പന്തില്‍ 43 റണ്‍സും നേടി മികച്ചു നിന്നു.
പഞ്ചാബ് ബൗളിങ്ങില്‍ യുസ്വേന്ദ്ര ചഹല്‍, അസ്മത്തുള്ള ഒമര്‍സായി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും മാര്‍ക്കോ യാന്‍സന്‍, ശശാങ്ക് സിങ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
അതേസമയം ഇന്ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെടുകയാണെങ്കില്‍ പഞ്ചാബ് പ്ലേ ഓഫിലേക്ക് മുന്നേറും. തുടര്‍ച്ചയായ ആറ് മത്സരങ്ങളുടെ പരാജയങ്ങള്‍ക്ക് ശേഷമാണ് പഞ്ചാബ് അവസാന ഗ്രൂപ്പ് മത്സരത്തില്‍ വിജയം കൈപ്പിടിയിലാക്കിയത്.
Content Highlight: Shreyas Iyer In Great Record List In IPL After Sehwag, Virat And Sanju
