അയ്യരാട്ടത്തില്‍ കിങ്ങും രാഹുലും മുട്ടുകുത്തി; ഇന്ത്യന്‍ ചരിത്രത്തില്‍ ധവാനൊപ്പം ഇനി ഇവനും!
Cricket
അയ്യരാട്ടത്തില്‍ കിങ്ങും രാഹുലും മുട്ടുകുത്തി; ഇന്ത്യന്‍ ചരിത്രത്തില്‍ ധവാനൊപ്പം ഇനി ഇവനും!
ശ്രീരാഗ് പാറക്കല്‍
Thursday, 18th June 2026, 10:48 pm

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 170 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ നേടിയത്. ഇതോടെ ആതിഥേയര്‍ ഒരു മത്സരം ബാക്കി നില്‍ക്കെ പരമ്പര സ്വന്തമാക്കി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറില്‍ 402 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ 44.3 ഓവറില്‍ 232 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു. മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി 24 പന്തില്‍ 26 റണ്‍സായിരുന്നു ശ്രേയസ് അയ്യര്‍ നേടിയത്.

ശ്രേയസ് അയ്യര്‍. Photo: Shreyas Iyer/x.com

വലിയ സ്‌കോര്‍ നേടാന്‍ സാധിച്ചില്ലെങ്കിലും ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് അയ്യര്‍. ഇന്ത്യയ്ക്ക് വേണ്ടി ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരമാകാനാണ് അയ്യര്‍ക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ മുന്‍ താരം ശിഖര്‍ ധവാനൊപ്പമാണ് അയ്യര്‍ റെക്കോഡ് പങ്കിടുന്നത്.

ഇന്ത്യയ്ക്ക് വേണ്ടി ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങള്‍ (ഇന്നിങ്സ്)

ശുഭ്മന്‍ ഗില്‍ – 62

ശിഖര്‍ ധവാന്‍ – 72

ശ്രേയസ് അയ്യര്‍ – 72*

വിരാട് കോഹ്ലി – 75

കെ.എല്‍. രാഹുല്‍ – 78

അതേസമയം ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ഇഷാന്‍ കിഷനുമാണ്. ഇരുവരും സെഞ്ച്വറി നേടിയാണ് അഫ്ഗാനിസ്ഥാനെതിരെ കിടിലന്‍ പ്രകടനം പുറത്തെടുത്തത്.

ഗില്‍ 110 പന്തില്‍ രണ്ട് സിക്സും 22 ഫോറും ഉള്‍പ്പെടെ 154 റണ്‍സാണ് അടിച്ചെടുത്തത്. ഇഷാന്‍ കിഷന്‍ 79 പന്തില്‍ ഏഴ് സിക്സും 14 ഫോറും ഉള്‍പ്പെടെ 125 റണ്‍സാണ് നേടിയത്. കിഷന്‍ തന്റെ മൂന്നാം അന്താരാഷ്ട്ര സെഞ്ച്വറിയാണ് സ്വന്തമാക്കിയത്.

അതേസമയം ഇരുവരും തമ്മിലുള്ള അവസാന മത്സരം ജൂണ്‍ 20ന് ചിദംബരം സ്റ്റേഡിയത്തില്‍ നടക്കും.

 

Content highlight: Shreyas Iyer In Great Record Achievement In ODI

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ