വിദേശ മണ്ണിലെ ഇന്ത്യയുടെ ചരിത്ര നായകന്‍; തോല്‍വിയിലും തലയുയര്‍ത്തി അയ്യര്‍
Cricket
വിദേശ മണ്ണിലെ ഇന്ത്യയുടെ ചരിത്ര നായകന്‍; തോല്‍വിയിലും തലയുയര്‍ത്തി അയ്യര്‍
സുദേവ് എ
Friday, 10th July 2026, 2:06 pm

ഇന്ത്യക്കെതിരായ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ജയത്തോടെ ഇംഗ്ലണ്ട് 3-0ത്തിന് പരമ്പര സ്വന്തമാക്കി. ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു.

നാലാം മത്സരത്തില്‍ ഒമ്പത് വിക്കറ്റുകളുടെ തകര്‍പ്പന്‍ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 13.5 ഓവറില്‍ ലക്ഷ്യം അനായാസമായി മറികടന്നു.

മത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി ഒറ്റയാള്‍ പോരാട്ടം നടത്തിയത് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ്. മത്സരത്തില്‍ 49 പന്തില്‍ പുറത്താവാതെ 80 റണ്‍സാണ് അയ്യര്‍ അടിച്ചെടുത്തത്. നാല് ഫോറുകളും അഞ്ച് കൂറ്റന്‍ സിക്‌സുകളുമാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ ബാറ്റില്‍ നിന്നും പിറന്നത്. പരമ്പരയിലെ ശ്രേയസിന്റെ രണ്ടാം ഫിഫ്റ്റിയായിരുന്നു ഇത്.

ഈ സീരിസില്‍ നാല് മത്സരങ്ങളില്‍ 190 റണ്‍സാണ് അയ്യര്‍ ഇതുവരെ നേടിയത്. ഇതോടെ ഒരു വമ്പന്‍ റെക്കോഡും സ്വന്തമാക്കാന്‍ അയ്യരിന് സാധിച്ചു. വിദേശ മണ്ണില്‍ നടക്കുന്ന ഒരു ടി-20 പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റനായാണ് അയ്യര്‍ മാറിയത്.

ഇന്ത്യന്‍ ടെസ്റ്റ്, ഏകദിന നായകനായ ശുഭ്മന്‍ ഗില്ലിനെ മറികടന്നാണ് അയ്യര്‍ ഈ നേട്ടം സ്വന്തമാക്കിയത്. 2024ല്‍ നടന്ന സിംബാബ്വെക്കെതിരെയുള്ള ടി-20 പരമ്പരയില്‍ 170 റണ്‍സായിരുന്നു നേടിയിരുന്നത്. ഈ റെക്കോഡാണ് അയ്യര്‍ ഒരു മത്സരം ബാക്കിയുള്ളപ്പോള്‍ തന്നെ മറികടന്നിരിക്കുന്നത്.

അതേസമയം മത്സരത്തില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെയും ഓപ്പണര്‍ ഫില്‍ സാള്‍ട്ടിന്റെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ തിരിച്ചടിക്കുകയായിരുന്നു. 35 പന്തുകളില്‍ നിന്നും എട്ട് ഫോറുകളും നാല് സിക്‌സുകളും അടക്കം പുറത്താവാതെ 78 റണ്‍സാണ് ബ്രൂക്ക് നേടിയത്. 42 പന്തില്‍ പുറത്താവാതെ 59 റണ്‍സാണ് സാള്‍ട്ട് സ്വന്തമാക്കിയത്. ഒമ്പത് ഫോറുകളും ഒരു സിക്സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്

നാളെയാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അവസാന ടി-20 മത്സരം നടക്കുന്നത്. ആശ്വാസ വിജയം ലക്ഷ്യം വെച്ചാവും ശ്രേയസ് അയ്യരും സംഘവും കളത്തിലിറങ്ങുക.

 

Content Highlight: Shreyas Iyer create a new milestone in T20 cricket

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.