മേളത്തോടും ആനകളോടും ഉള്ള കമ്പത്തെ പോലെ തന്നെ കന്നുകാലി വളര്‍ത്തലിലും വലിയ താത്പര്യമുള്ള നടനാണ് ജയറാം. പതിനഞ്ചിലേറെ വര്‍ഷമായി കന്നുകാലി ഫാം നടത്തുന്ന ജയറാമിന്റെ ഫാമിനെ സംസ്ഥാനത്തെ മാതൃകാ ഫാമായി 2020ല്‍ കേരള ഫീഡ്‌സ് പ്രഖ്യാപിക്കുകയൊക്കെ ചെയ്തിരുന്നു.
പെരുമ്പാവൂര്‍ തോട്ടുവയലിലുള്ള ഫാമുമായി ബന്ധപ്പെട്ട് ജയറാം മുന്‍പും നിരവധി വേദികളില്‍ സംസാരിച്ചിട്ടുണ്ട്. നടന്‍ മമ്മൂട്ടി കഴിഞ്ഞ 15 വര്‍ഷമായി തന്നോട് ആ ഫാം കാണിച്ചുതരണമെന്ന് ആവശ്യപ്പെട്ടെങ്കിലും താന്‍ അത് ചെയ്തിട്ടില്ലെന്നും അത് തന്റെ വ്യക്തിപരമായ സന്തോഷമാണെന്നുമായിരുന്നു ജയറാം സിനിമാ വികടന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
അടുത്തിടെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ജയറാം പറഞ്ഞത് അവിടെ കാണിക്കാന്‍ ഒന്നുമില്ലെന്നും എല്ലാം പ്രളയത്തില്‍ പോയെന്നുമാണ്.
‘മമ്മൂട്ടി ചോദിച്ചിട്ടും ആ ഫാം ഇതുവരെ കാണിച്ചുകൊടുത്തില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു. അത് വേറൊന്നും കൊണ്ടല്ല. അദ്ദേഹത്തെ പോലെ ഒരാളെ അങ്ങോട്ട് കൊണ്ടു കാണിക്കണമെങ്കില്‍ അതിനുള്ള എന്തെങ്കിലും സംഗതികള്‍ അവിടെ വേണ്ടേ?
ജയറാം PHOTO: Vanitha
2018 ന് മുന്‍പ് അദ്ദേഹം അന്നൊരു തെലുങ്ക് സിനിമയുടെ ഷൂട്ടിന് പോകുമ്പോള്‍ കൊച്ചിന്‍ എയര്‍പോര്‍ട്ടില്‍ വെച്ചാണ് ഞാന്‍ ഇതിന്റെ വീഡിയോ കാണിച്ചുകൊടുക്കുന്നത്. ആഹാ ഇതൊക്കെ നിന്റെ ഫാമാണോ കൊള്ളാലോ ഞാന്‍ വരുന്നുണ്ട്, എന്നെ കാണിക്കണം എന്ന് പറഞ്ഞു.
അതിന് ശേഷം പ്രളയം വന്ന് എന്റെ ഫാം എന്ന് പറയുന്ന സംഗതിയേ ഇല്ലാതായി പോയി. ഒന്നും ഇല്ലാതായിപ്പോയി. മരങ്ങളും എല്ലാം പോയി. അതൊക്കെ ഞാന്‍ ശരിയാക്കി എടുക്കാന്‍ നാലഞ്ച് വര്‍ഷമെടുത്തു. ഒന്നുമില്ലാതെ, വെറുമൊരു മണ്ണിന്റെ കൂമ്പാരം മാത്രമായി പോയി. വര്‍ഷങ്ങളെടുത്തു ശരിയാക്കി എടുക്കാന്‍.
അതിനിടയ്‌ക്കൊക്കെ അദ്ദേഹം ചോദിക്കുന്നുണ്ട്. എന്തായി ഫാം എന്ന്. ഒന്നും ആയിട്ടില്ല ഇപ്പോഴും റെഡിയായിട്ടില്ല, ഭംഗിയായിട്ട് ഞാന്‍ കൊണ്ടു കാണിക്കാം എന്ന് പറഞ്ഞു. അതിനുള്ള അവസരം ഇതുവരെ വന്നിട്ടില്ല.
ജയറാം photo: Facebook
അല്ലാതെ വേറെ അതിനകത്ത് എന്താണ്? കുറച്ച് പശുക്കള്‍ മാത്രമുണ്ട്. വേറെ അതിനകത്ത് ഈ പറയുന്ന ഈ സംഗതികളൊന്നും ഇല്ല. കുറച്ച് പശുക്കളും അവയ്ക്കുള്ള തീറ്റപ്പുല്ലും. അത്രയേയുള്ളൂ.
പരമ്പരാഗതമായിട്ട്, കാര്‍ന്നോന്മാരായിട്ട് ഉപയോഗിച്ചിരുന്ന സ്ഥലമാണ്. അല്ലാതെ ഞാനായിട്ട് വാങ്ങിച്ചതൊന്നുമല്ല. എന്റെ മുത്തച്ഛന്റേയും മുതുമുത്തച്ഛന്റേയും കാലത്തുള്ള സ്ഥലമാണ്. അവര്‍ നട്ടിട്ടുള്ള പഴയകാലത്തെ മരങ്ങളൊക്കെയാണ് ഉള്ളത്. ഞാനായിട്ട് നട്ടതൊക്കെ പ്രളയത്തില്‍ പോകുകയും ചെയ്തു. ഇപ്പോള്‍ എല്ലാം റെഡിയാക്കി വരുന്നു,’ ജയറാം പറഞ്ഞു.
നേരത്തെ സിനിമാ വികടന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഫാമിന്റെ ഫോട്ടോ എടുക്കുകയോ മറ്റുള്ളവരെ കാണിക്കുകയോ ഒന്നും ചെയ്യാറില്ലെന്ന് ജയറാം പറഞ്ഞിരുന്നു. 15 വര്‍ഷമായി മമ്മൂട്ടി സാര്‍ എന്നോട് ചോദിക്കുന്നു, ഒരു തവണ എന്നെ അവിടെ കൊണ്ടു കാണിക്കാമോ എന്ന്. പക്ഷേ ഞാന്‍ സമ്മതിച്ചിട്ടില്ല. അത് എന്റെ വ്യക്തിപരമായ സന്തോഷമാണ്. കൊണ്ടുപോകില്ല,’ എന്നായിരുന്നു ജയറാം പറഞ്ഞത്.
Content Highlight: Shouldn’t there be something there to show a person like Mammookka, Jayaram on His farm
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.