തന്റെ അച്ഛനും ദുല്‍ഖര്‍ സല്‍മാനും തമ്മിലുള്ളത് കെമിസ്ട്രിയെന്ന് പറഞ്ഞ് വിശേഷിപ്പിക്കാമോയെന്ന് തനിക്ക് അറിയില്ലെന്ന് പറയുകയാണ് ഷോബി തിലകന്‍. ദുല്‍ഖര്‍ തിലകനെ ഉപ്പൂപ്പയെന്ന് വിളിക്കുന്നതില്‍ വലിയ ഇന്റിമസി ഫീല് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘അച്ഛനെയും നടന്‍ ദുല്‍ഖര്‍ സല്‍മാനെയും കുറിച്ച് പറയുമ്പോള്‍ അവര്‍ തമ്മിലുള്ളത് കെമിസ്ട്രിയെന്ന് പറഞ്ഞ് വിശേഷിപ്പിക്കാമോയെന്ന് സത്യത്തില്‍ എനിക്ക് അറിയില്ല. ദുല്‍ഖര്‍ അച്ഛനെ ഉപ്പൂപ്പയെന്ന് വിളിക്കുന്നതില്‍ തന്നെ വലിയ ഇന്റിമസി ഫീല് ചെയ്യാറുണ്ട്. അതുതന്നെയാണ് ഏറ്റവും വലിയ കാര്യം.

പിന്നെ അറിഞ്ഞു കൊണ്ട് തന്നെയാകാം അച്ഛനെ ദുല്‍ഖറിനൊപ്പം ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയില്‍ ഇട്ടതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഞാന്‍ തിലകന്റെ മകനാണ്. ആ എനിക്ക് പോലും അവരോട് അസൂയ തോന്നിയിട്ടുണ്ട് എന്നതാണ് സത്യം. ദുല്‍ഖറിന് അച്ഛനോട് അത്രമാത്രം അടുപ്പമുണ്ട്. ആ അടുപ്പം കണ്ടിട്ടാണ് എനിക്ക് അസൂയ.

അത്രയ്ക്ക് നന്നായി ഇഴകി ചേര്‍ന്നാണ് അവര്‍ ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയില്‍ അഭിനയിച്ചത്. ഭാര്യാഭര്‍ത്താവായിട്ടോ കാമുകീകാമുകന്മാരായിട്ടോ ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്നത് പോലെ തന്നെയാണ് അച്ഛനും മകനും തമ്മിലുള്ളത്. ആ ഇന്റിമസിയും കെമിസ്ട്രിയും വര്‍ക്കൗട്ട് ആവുകയെന്നത് വലിയ കാര്യം തന്നെയാണ്. അത് എല്ലാവര്‍ക്കും വരണമെന്നില്ല,’ ഷോബി തിലകന്‍ പറയുന്നു.

ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ – തിലകന്‍ കോമ്പോ എത്തുന്നത്. ദുല്‍ഖര്‍ ഫൈസിയായും തിലകന്‍ ഫൈസിയുടെ ഉപ്പുപ്പയായ കരീംക്കയായിട്ടുമാണ് സിനിമയില്‍ എത്തിയത്. ദുല്‍ഖറിന്റെ പടങ്ങളില്‍ മലയാളികള്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ട ഒന്നാണ് ഉസ്താദ് ഹോട്ടല്‍.

അഞ്ജലി മേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഈ സിനിമ 2012ലായിരുന്നു പുറത്തിറങ്ങിയത്. ദുല്‍ഖറിനും തിലകനും പുറമെ നിത്യ മേനോന്‍, ലെന, സിദ്ദിഖ്, മാമുക്കോയ തുടങ്ങിയ മികച്ച താരനിര തന്നെയായിരുന്നു ഉസ്താദ് ഹോട്ടലില്‍ ഒന്നിച്ചത്.


Content Highlight: Shobi Thilakan Talks About Thilakan