തിരുവനന്തപുരം: 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് നടന്‍ മോഹന്‍ ലാല്‍ അയച്ച വക്കീല്‍ നോട്ടീസിനെ നിയമപരമായി നേരിടുമെന്ന് ഖാദി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ശോഭനാ ജോര്‍ജ്.

50 കോടി രൂപ നല്‍കാന്‍ നിര്‍വാഹമില്ലെന്നും പ്രളയത്തിന് ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ബോര്‍ഡിന് 50 കോടിരൂപ പോയിട്ട് 50 രൂപ പോലും നല്‍കാന്‍ കഴിയില്ലെന്നും ശോഭനാ ജോര്‍ജ് പറഞ്ഞു. മുഴുവന്‍ നൂലും ഉല്‍പ്പന്നങ്ങളും വില്‍പ്പന നടത്തിയാലും 50 കോടിരൂപ ലഭിക്കില്ലെന്നും ശോഭന ജോര്‍ജ് പറഞ്ഞു.


ശോഭനാ ജോര്‍ജ്ജ് അപകീര്‍ത്തിപ്പെടുത്തി; 50 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോഹന്‍ലാല്‍


സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിന് വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും മോഹന്‍ലാലിന് അഭ്യര്‍ത്ഥനയുടെ പേരിലാണ് നോട്ടീസ് അയച്ചത്. പരസ്യത്തില്‍ നിന്ന് പിന്‍മാറണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് ചെയ്തത്. കഴിഞ്ഞ മാസമാണ് മോഹന്‍ലാലിന്റെ വക്കീല്‍ നോട്ടീസ് ലഭിക്കുന്നത്. എന്ത് ചെയ്യണമെന്ന് ആലോചിക്കുകയാണെന്നും ശോഭനാ ജോര്‍ജ് പ്രതികരിച്ചു.

ഖാദി ബോര്‍ഡ് ചെയര്‍മാന്‍ പൊതുമധ്യത്തില്‍ മാപ്പ് പറയണമെന്നാണ് വക്കീല്‍ നോട്ടീസ് ആവശ്യപ്പെടുന്നുണ്ട്. മാപ്പു പറയേണ്ട ആവശ്യമില്ല. ചര്‍ക്ക ആരെങ്കിലും ദുരുപയോഗിക്കുന്നത് ചോദ്യം ചെയ്യേണ്ട ബാധ്യത ഖാദി ബോര്‍ഡിനുണ്ട്. ഖാദിയും “രഘുപതി രാഘവ” കീര്‍ത്തനവും സ്വകാര്യ സ്ഥാപനം ഉപയോഗിച്ചതാണ് ചോദ്യം ചെയ്തത് -ശോഭന ജോര്‍ജ് പറഞ്ഞു.

ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതായി അഭിനയിച്ച് പ്രമുഖ മുണ്ടുനിര്‍മ്മാണ കമ്പനിയുടെ പരസ്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടതിന് സംസ്ഥാന ഖാദി ബോര്‍ഡ് മുണ്ട് നിര്‍മ്മാണ കമ്പനിക്കും മോഹന്‍ലാലിനും നേരത്തെ നോട്ടീസ് അയച്ചിരുന്നു.

ദേശീയതയുടെ അടയാളങ്ങളിലൊന്നായ ചര്‍ക്കയെ ഖാദിയുമായോ ചര്‍ക്കയുമായോയാതൊരു ബന്ധവുമില്ലാത്ത ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ ഉപയോഗിക്കുന്നത് തെറ്റായ നടപടിയാണെന്നായിരുന്നു ശോഭനാ ജോര്‍ജിന്റേയും ഖാദി ബോര്‍ഡിന്റേയും നിലപാട്.

മോഹന്‍ലാലിനെ പോലൊരു നടന്‍ ഇത്തരം പര്യസങ്ങളുടെ ഭാഗമാവുന്നത് ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ഇടയാക്കുമെന്ന വക്കീല്‍ നോട്ടീസിനെ തുടര്‍ന്ന് ചര്‍ക്ക ഉള്‍പ്പെടുത്തിയ പരസ്യം പിന്‍വലിക്കാന്‍ മുണ്ട് നിര്‍മ്മാണ കമ്പനി തയ്യാറായിരുന്നു.

എന്നാല്‍ ശോഭനാ ജോര്‍ജിന്റെ പരാമര്‍ശം തന്നെ അപമാനിക്കുന്നതാണെന്നും വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടി പ്രശസ്ത സ്ഥാപനത്തേയും തന്നെയും അപകീര്‍ത്തിപ്പെടുത്തിയ ശോഭനാജോര്‍ജ്ജ് പരസ്യമായി മാപ്പ് പറയണമെന്നുമാണ് മോഹന്‍ലാലിന്റെ ആവശ്യം.

പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിനെതിരെ പൊതുചടങ്ങില്‍ പരസ്യമായി ആക്ഷേപിച്ചു, പത്ര ദൃശ്യമാധ്യമങ്ങളിളും മറ്റും വാര്‍ത്ത നല്‍കി, വക്കീല്‍ നോട്ടീസ് അയക്കുന്നതിന് മുന്‍പ് ഉണ്ടായ ഇത്തരം നടപടികള്‍ വൃത്തികെട്ട പ്രശസ്തി ലക്ഷ്യമിട്ടാണെന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടത്.

മുന്‍നിര പത്രങ്ങളിലും ചാനലുകളിലും മാപ്പപേക്ഷ നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ അമ്പത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതി നടപടികളേക്ക് കടക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പുണ്ട്.