ghulam

കോഴിക്കോട്: കോഴിക്കോട് ശിവസേന പ്രവര്‍ത്തകര്‍ ഗുലാംഅലിയുടെ കോലം കത്തിച്ചു. കിഡ്‌സണ്‍ കോര്‍ണറില്‍ ഇരുപതോളം വരുന്ന ശിവസേന പ്രവര്‍ത്തകരാണ് ഗുലാം അലിയുടെ കോലം കത്തിച്ചത്. സ്വരലയയുടെ നേതൃത്വത്തില്‍ ജനുവരി 15ന് തിരുവനന്തപുരത്തും ജനുവരി 17ന് കോഴിക്കോട്ടും ഗുലാംഅലി സംഗീത പരിപാടി അവതരിപ്പിക്കാനിരിക്കെയാണ് ശിവസേനയുടെ നടപടി.

ശിവസേനയുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് രാജ്യത്ത് വിവിധയിടങ്ങളില്‍ ഗുലാംഅലിയുടെ സംഗീത പരിപാടികള്‍ മുടങ്ങിയിരുന്നത്. മുംബൈയില്‍ സംഘടിപ്പിക്കാനിരുന്ന ചടങ്ങാണ് ആദ്യം ഉപേക്ഷിച്ചിരുന്നത്. തുടര്‍ന്ന് ദല്‍ഹി സര്‍ക്കാര്‍ നടത്താനിരുന്ന പരിപാടിയും ശിവസേനയുടെ ഇടപെടലിനെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള പ്രതികരണങ്ങള്‍ ദുഖിപ്പിച്ചെന്നും കാര്യങ്ങള്‍ ശരിയാവുന്നത് വരെ പരിപാടി നടത്തില്ലെന്നും ഗുലാം അലി പറഞ്ഞിരുന്നു.

എന്നാല്‍ ശിവസേനക്കെതിരെ കലാകാരന്‍മാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും അണി നിരത്തി പ്രതിഷേധിക്കുമെന്നും കേരളത്തില്‍ ഗുലാം അലിയെ പാടിപ്പിക്കുമെന്നും ഇടതുപക്ഷം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് സ്വരലയ പരിപാടി സംഘടിപ്പിച്ചത്.