മലയാളത്തില്‍ അണ്ടര്‍റേറ്റഡായിട്ടുള്ള ഗാനരചയിതാക്കളിലൊരാളാണ് ഷിബു ചക്രവര്‍ത്തി. ഇന്നും പലരുടെയും ഫേവറെറ്റായ പല ഹിറ്റ് ഗാനങ്ങള്‍ക്കും തൂലിക ചലിപ്പിച്ച ഷിബു ചക്രവര്‍ത്തി സൈന്യം, ഏഴരക്കൂട്ടം തുടങ്ങിയ സിനിമകള്‍ക്ക് കഥയും അഥര്‍വ്വം, മനു അങ്കിള്‍, ഓര്‍ക്കാപ്പുറത്ത് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയും ഒരുക്കിയിട്ടുണ്ട്.

ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ വിജയത്തിന് പിന്നാലെ പലരുടെയും പ്ലേലിസ്റ്റില്‍ ഇടംപിടിച്ച ‘യവനകഥയില്‍’ എന്ന പാട്ടിന് പിന്നിലും ഷിബു ചക്രവര്‍ത്തിയാണ്. ഷൂട്ട് പൂര്‍ത്തിയാകാത്ത അന്ന എന്ന ചിത്രത്തിലെ പാട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഹിറ്റായപ്പോള്‍ ഷിബു ചക്രവര്‍ത്തി എന്ന പേര് വീണ്ടും സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

കരിയറില്‍ മറക്കാനാകാത്ത അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഷിബു ചക്രവര്‍ത്തി. പൈസ വാങ്ങാതെ ചില പാട്ടുകളെഴുതിയിട്ടുണ്ടെന്നും അതെല്ലാം ഹിറ്റായി മാറിയെന്നും അദ്ദേഹം പറയുന്നു. മുകേഷ് നായകനായ മാണിക്യ ചെമ്പഴുക്ക എന്ന ചിത്രത്തിലെ ടൈറ്റില്‍ സോങ് അതിലൊന്നാണെന്നും ആ പാട്ട് പാടിയത് കീരവാണിയാണെന്നും ഷിബു ചക്രവര്‍ത്തി കൂട്ടിച്ചേര്‍ത്തു. ഷോസ്‌കേപ് ജേര്‍ണലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചിത്രം സിനിമയിലെ ‘ദൂരെ കിഴക്കുദിക്കിന്‍ മാണിക്യ ചെമ്പഴുക്ക’ എന്ന പാട്ടിലെ മാണിക്യചെമ്പഴുക്ക എന്ന വാക്ക് എടുത്തിട്ടാണ് തുളസീദാസ് തന്റെ പുതിയ സിനിമക്ക് പേരിട്ടത്. രാജാമണിയായിരുന്നു അതിന്റെ മ്യൂസിക്. ഞാനായിരുന്നു പാട്ടുകളെഴുതിയത്. കമ്പോസിങ്ങിന് വേണ്ടി ഇരുന്നപ്പോള്‍ രാജാമണി എന്നോട് ‘ഈ മാണിക്യചെമ്പഴുക്ക എന്ന് പറഞ്ഞാല്‍ എന്താണ്’ എന്ന് ചോദിച്ചു. പഴുത്ത അടയ്ക്കയെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ് അതെന്ന് രാജാമണിയോട് പറഞ്ഞു.

കേരളത്തിലെ ഫോക്ക് പ്രയോഗമാണത്. ആ വാക്കില്‍ തുടങ്ങുന്ന പാട്ട് കൊച്ചുകുട്ടികള്‍ കളിക്കാനുപയോഗിക്കുന്നുണ്ടെന്നും പറഞ്ഞു. ‘ഓടുന്നുണ്ടോടുന്നുണ്ടേ മാണിക്യചെമ്പഴുക്ക’ എന്ന പാട്ട് പാടി. അതിലേക്ക് ഏത് വരിയും ചേര്‍ക്കാമെന്ന് പറഞ്ഞ് ഞാന്‍ പാടാന്‍ തുടങ്ങി. അത് കേട്ട് രാജാമണി തപ്പ് എടുത്ത് കൊട്ടുകയും ചെയ്തു. ഇത് കേട്ട് തുളസീദാസ് വന്നപ്പോള്‍ ആ പാട്ട് ടൈറ്റില്‍ സോങ്ങാക്കിക്കോ എന്ന് ഞങ്ങള്‍ പറഞ്ഞു. ഈ പാട്ടിന് പൈസ വേണ്ടെന്നും സൂചിപ്പിച്ചു.

‘ആര് പാടും? അവര്‍ക്ക് പൈസ കൊടുക്കണ്ടേ?’ എന്ന് തുളസീദാസ് ചോദിച്ചപ്പോള്‍ പൈസ വാങ്ങാതെ പാടാന്‍ ആരുണ്ടെന്ന് ഞാന്‍ ആലോചിച്ചു. ഞാന്‍ പറഞ്ഞാല്‍ ഏത് പാട്ടും പാടുമെന്ന് പറഞ്ഞ കീരവാണിയെ വിളിച്ചു. അദ്ദേഹം വളരെ നന്നായി ആ പാട്ട് പാടുകയും ചെയ്തു. പുള്ളിയുടെ സൗണ്ടിന്  ഒരു ഫോക്ക് ടച്ചുണ്ട്,’ ഷിബു ചക്രവര്‍ത്തി പറയുന്നു.

Content Highlight: Shibu Chakravarthi about his friendship with M M Keeravani