തിരുവനന്തപുരം: രാജ്യത്തെ നഴ്‌സുമാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏകീകൃത തൊഴില്‍ നയം രൂപീകരിക്കണമെന്ന് തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍.

നഴ്‌സുമാരുടെ സേവന വേതന വ്യവസ്ഥകള്‍ ഏകീകരിക്കാനും നടപടിയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് നടക്കുന്ന തൊഴില്‍ മന്ത്രിമാരുടെ യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കുമെന്നും മന്ത്രി പറഞ്ഞു.[]

തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് ഉന്നത പഠനത്തിന് അവസരം ഒരുക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. നിലവില്‍ ഒരു തൊഴില്‍ നയം ഇല്ലാതെയാണ് നഴ്‌സുമാര്‍ ജോലി ചെയ്യുന്നത്. അത് തന്നെയാണ് പല പ്രശ്‌നങ്ങള്‍ക്കും കാരണം.

ഏകീകൃത തൊഴില്‍ നയം വരുന്നതോടെ ഈ മേഖലയിലെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയുമെന്നാണ പ്രതീക്ഷിക്കുന്നതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

ആശുപത്രികള്‍ക്ക് തോന്നുന്ന രീതിയിലുള്ള സേവനവ്യവസ്ഥകളാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇത് മാറേണ്ടതുണ്ട്. വേതന വ്യവസ്ഥയില്‍ കാതലായ മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.