ഇന്ത്യ- അമേരിക്ക വ്യാപാരകരാറിൽ അവ്യക്തതകൾ ഏറെ: ശശി തരൂർ
India
ഇന്ത്യ- അമേരിക്ക വ്യാപാരകരാറിൽ അവ്യക്തതകൾ ഏറെ: ശശി തരൂർ
മുഹമ്മദ് നബീല്‍
Tuesday, 3rd February 2026, 4:10 pm

ന്യൂദൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരകരാറിൽ നിലനിൽക്കുന്നത് വലിയ അവ്യക്തതകളെന്ന് തിരുവനന്തപുരം എം.പിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ.

യു.എസും ഇന്ത്യയും തമ്മിൽ ധാരണയായെന്ന് പറയുന്ന കരാറിനെ കുറിച്ച് പാർലമെന്റിലോ പൊതുജനങ്ങളുമായോ കേന്ദ്ര സർക്കാർ ഒന്നും പങ്കുവെച്ചിട്ടില്ലെന്ന് എം.പി പറഞ്ഞു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റും പത്രകുറിപ്പുമല്ലാതെ ഇതുവരെയും ഒരു വിവരവും പുറത്തുവന്നിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

500 ബില്യൺ ഡോളർ മൂല്യമുള്ള വസ്തുക്കൾ ഇന്ത്യയിലേക്ക് ഇറക്കുമതിചെയ്യുന്നതും അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് ഇന്ത്യൻ വിപണി തുറന്നുകൊടുക്കുമെന്നുള്ളതും വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത് ഇന്ത്യയിലെ കർഷകർക്കുണ്ടാക്കുന്ന ആഘാതവും വലുതാണെന്ന് എം.പി പറഞ്ഞു.

‘വ്യാപാര കരാറുകൾ പ്രധാനമാണ്, ഉയർന്ന താരിഫുകളേക്കാൾ കുറഞ്ഞ താരിഫുകൾ തന്നെയാണ് നല്ലത്, എന്നാൽ കൃത്യമായ വിശദീകരണം ലഭിക്കാതെ ഈ കരാറിനെ ആഘോഷിക്കാൻ കഴിയില്ല’ തരൂർ പറഞ്ഞു.

കരാറിനെ ചോദ്യംചെയ്ത തരൂർ കേന്ദ്ര സർക്കാർ പാർലമെന്റിൽ കരാർ വിശദമാക്കണമെന്നും അവ്യക്തതകൾ അകറ്റണമെന്നും ആവശ്യപ്പെട്ടു.

പതിനൊന്നുമാസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് കരാർ യാഥാർഥ്യമായതായി അമേരിക്ക ഇന്നലെ വ്യക്തമാക്കിയത്.

നികുതികളിൽ ഇളവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അമേരിക്കയിൽ കെട്ടികിടക്കുന്ന കാർഷിക ഉത്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതിചെയ്യുന്നതിലൂടെ കരാർ രാജ്യത്തെ കാർഷിക മേഖലക്ക് കനത്ത പ്രഹരമേല്പിക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ട്രംപിനെ പ്രീണിപ്പിക്കുന്നതിനുവേണ്ടി റഷ്യൻ എണ്ണയുടെ ഇറക്കുമതി ഗണ്യമായികുറച്ചതും രാജ്യത്തിന് വലിയ സാമ്പത്തിക പ്രഹരമേല്പിക്കുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നു.

കരാറിൽ വ്യക്തത വരുത്താത്തതിൽ പാർലമെന്റിൽ പ്രതിപക്ഷം പ്രതിഷേധിച്ചു.

Content Highlight: Shashitharur against new US – India trade deal

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം