നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം സിദ്ധാര്‍ഥ് ആനന്ദിന്റെ സംവിധാനത്തില്‍ ഷാരൂഖ് ഖാന്‍ നായകനായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് പത്താന്‍. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാക്കും എന്നാണ് ഇപ്പോള്‍ ഷാരൂഖ് ഖാന്‍ തന്നെ പറഞ്ഞിരിക്കുന്നത്. സിനിമാ ജീവിതത്തില്‍ മൂപ്പത് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി ഇന്‍സ്റ്റഗ്രാമില്‍ ലൈവില്‍ എത്തിയപ്പോഴാണ് ഷാരൂഖ് ഇക്കാര്യം വ്യക്തമാക്കിയത്.

‘പത്താന്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ ഉറപ്പായും അതിന്റെ രണ്ടാം ഭാഗവും നിങ്ങളിലേക്ക് എത്തും’ എന്നാണ് ഷാരൂഖ് ലൈവില്‍ പറഞ്ഞത്. പത്താനില്‍ സല്‍മാന്‍ ഖാനും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. 30 വര്‍ഷത്തെ സിനിമാ ജീവിതം ആഘോഷമാക്കാന്‍ പത്താന്റെ പുതിയ പോസ്റ്ററും സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവെച്ചിരുന്നു.  അടുത്ത വര്‍ഷം ജനുവരി 25നാണ് ചിത്രം എത്തുക. ഹിന്ദിയ്ക്ക് പുറമെ തമിഴ് , തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാനിലാണ് ഷാരൂഖ് ഖാന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ നയന്‍താരയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.