മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരുപിടി നല്ല സിനിമകളുടെ ഭാഗമായ നടിയാണ് ശാന്തി കൃഷ്ണ. 1976-ൽ റിലീസായ ഹോമകുണ്ഡം എന്ന സിനിമയിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. 1994-ൽ റിലീസായ ചകോരം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും നടി നേടിയിട്ടുണ്ട്.
സിനിമാ ജീവിത്തത്തിൽ നിന്ന് ഒരു ഇടവേള എടുത്തിരുന്ന നടി ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാണ്. തന്റെ ജീവിതത്തിലെ പ്രധാനപെട്ട സമയങ്ങളിൽ തനിക്ക് ക്രത്യമായ നിലപാട് എടുക്കാൻ സാധിച്ചില്ല എന്ന് തുറന്ന് പറയുകയാണ് ഇപ്പോൾ താരം. 24 ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘എന്റെ പേര് ശാന്തി കൃഷ്ണ എന്നാണെങ്കിലും ജീവിതത്തിൽ അത്ര ശാന്തിയൊന്നും ഉണ്ടായിരുന്നില്ല. മൂന്ന് ആൺമക്കൾക്ക് ശേഷം ഒരു പെൺകുട്ടി ജനിച്ചതുകൊണ്ട് മനസിന് ശാന്തിയായി എന്ന് പറഞ്ഞാണ് അച്ഛൻ എനിക്ക് ശാന്തി എന്ന പേര് നൽകിയത്. എന്തിനാണ് ഇത്രയും കോമണായിട്ടുള്ള പേര് ഇട്ടതെന്ന് ഞാൻ അച്ഛനോട് ചോദിച്ചപ്പോഴാണ് ഈ കാരണം അദ്ദേഹം പറഞ്ഞത്. അത് കേട്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷമായി. പിന്നെ അച്ഛന്റെ പേര് കൃഷ്ണൻ എന്നാണ്.
ഞാനൊരു കൃഷ്ണഭക്ത കൂടിയായതുകൊണ്ട് ശാന്തി കൃഷ്ണ എന്ന പേര് എനിക്കും ഇഷ്ടമാണ്. പക്ഷേ പേരിൽ മാത്രമേ ശാന്തിയുണ്ടായിരുന്നുള്ളൂ. ജീവിതത്തിൽ മുഴുൻ അശാന്തികളായിരുന്നു. ഇപ്പോൾ ജീവിതത്തിൽ ഞാൻ ഒരുപാട് സന്തോഷവതിയാണ്. അതുകൊണ്ടുതന്നെ ഇപ്പോഴാണ് ശരിക്കും ശാന്തി അനുഭവിക്കുന്നത്. ഈ ശാന്തി ജീവിതത്തിൽ ഇനി എന്നും നിലനിൽക്കട്ടെ എന്നാണ് എന്റെ പ്രാർത്ഥന, ശാന്തി കൃഷ്ണ പറഞ്ഞു.
പ്രായമാകുമ്പോഴാണ് പല കാര്യങ്ങളുടെയും യഥാർഥ അർഥം മനസ്സിലാകുന്നതെന്നും ശാന്തി കൃഷ്ണ പറയുന്നു. ചെറുപ്പത്തിൽ മാതാപിതാക്കൾ നൽകുന്ന ഉപദേശങ്ങൾ പലപ്പോഴും നമ്മൾ ഗൗരവമായി എടുക്കാറില്ലെങ്കിലും, പിന്നീട് അതിന്റെ പ്രാധാന്യം തിരിച്ചറിയുമെന്നും താരം വ്യക്തമാക്കി.
‘പ്രായമാകുമ്പോഴാണ് ബുദ്ധി വരിക എന്നുപറയുന്നത് ശരിയാണ്. ചെറുപ്പത്തിൽ നമ്മുടെ മാതാപിതാക്കൾ ‘നീ വയസ്സാകുമ്പോൾ മനസ്സിലാകും’ എന്ന് പറയാറില്ലേ. അത് എത്രയോ ശരിയാണെന്ന് ഇപ്പോൾ എനിക്ക് മനസിലാക്കുന്നു. മുതിർന്നവർ പറയുന്നത് അവരുടെ അനുഭവത്തിൽ നിന്നാണ്. അതുകൊണ്ട് അവർ പറയുന്ന കാര്യങ്ങൾ കുറച്ചെങ്കിലും നമ്മൾ മനസിലാക്കാൻ ശ്രമിക്കണം,’താരം പറഞ്ഞു.
‘ഇന്നത്തെ തലമുറ വളരെ സ്മാർട്ടാണ്. അവർ പല കാര്യങ്ങളും കൃത്യമായി മനസിലാക്കുന്നുണ്ട്. പക്ഷേ നമ്മൾ ഒരു പ്രത്യേക സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴാണ് ചില കാര്യങ്ങളുടെ യഥാർഥ അർഥം മനസിലാകുന്നത്. എന്റെ ചെറുപ്പകാലം വളരെ മനോഹരമായിരുന്നു. ഇപ്പോൾ അറുപതുകളിലും ഞാൻ വീണ്ടും ഒരുപാട് സന്തോഷം അനുഭവിക്കുന്നുണ്ട്,’ ശാന്തി കൃഷ്ണ പറഞ്ഞു.
തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ചില തീരുമാനങ്ങളിൽ മാതാപിതാക്കളുടെ വാക്കുകൾ കേൾക്കാതിരുന്നത് തെറ്റായിരുന്നുവെന്ന് ഇപ്പോൾ തിരിച്ചറിയുന്നുണ്ടെന്നും ശാന്തി കൃഷ്ണ തുറന്നുപറഞ്ഞു.
ശാന്തി കൃഷ്ണ.Photo. Screengrab/ 24 News/ Youtube.com
‘അച്ഛനും അമ്മയും പറഞ്ഞത് കേൾക്കാതിരുന്നിട്ടുള്ള സമയങ്ങളുണ്ട്. അതും വലിയ തെറ്റായിരുന്നുവെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു, അതു സമ്മതിക്കുകയും ചെയ്യുന്നു. എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു സമയത്ത് തീരുമാനമെടുക്കേണ്ടിടത്ത് എനിക്ക് തെറ്റ് പറ്റി. അന്ന് ആ പ്രായത്തിൽ അതാണ് ശരിയെന്ന് കരുതിയായിരുന്നു ആ തീരുമാനങ്ങൾ എടുത്തത്. പക്ഷേ ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ പല കാര്യങ്ങളും വ്യത്യസ്തമായി തോന്നുന്നു. അതുകൊണ്ടുതന്നെ മാതാപിതാക്കൾ പറയുന്ന കാര്യങ്ങൾ അവരുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെന്ന് നമ്മൾ മനസിലാക്കണം,’ താരം കൂട്ടിച്ചേർത്തു.
Content Highlight: Shanthi Krishna opens up about the struggles and challenges she faced in her life