വന്‍ ഹൈപ്പില്‍ പുറത്തിറക്കിയ രണ്ട് ചിത്രങ്ങളും വന്‍ പരാജയമാണ് നേരിട്ടത്. ഇന്ത്യന്‍ 2 ട്രോള്‍ മെറ്റീരിയലായപ്പോള്‍ ഗെയിം ചേഞ്ചര്‍ ബജറ്റിന്റെ പാതി പോലും നേടാനാകാതെ പരാജയമായി. ഈ രണ്ട് പ്രൊജക്ടുകള്‍ക്ക് ശേഷം തന്റെ ഡ്രീം പ്രൊജക്ടായ വേല്‍പ്പാരിയിലേക്ക് കടക്കുമെന്നായിരുന്നു ഷങ്കര്‍ അറിയിച്ചത്. വേല്‍പ്പാരിയുടെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായെങ്കിലും ഷൂട്ടിലേക്ക് കടക്കാനാകാതെ നില്‍ക്കുകയാണ് ഷങ്കര്‍.
നിര്‍മാതാക്കള്‍ക്ക് വലിയ നഷ്ടം വരുത്തിവെച്ച ഇന്ത്യന്‍ 2വാണ് ഷങ്കറിന് വിലങ്ങുതടിയായി നില്‍ക്കുന്നത്. ഇന്ത്യന്റെ മൂന്നാം ഭാഗത്തിന്റ ഷൂട്ട് പൂര്‍ത്തിയായെങ്കിലും പോസ്റ്റ് പ്രൊഡക്ഷനില്‍ കുറച്ച് ഭാഗം ഇനിയും ബാക്കിയാണ്. നിര്‍മാതാക്കള്‍ ഇന്ത്യന്‍ 3യുടെ കാര്യത്തില്‍ വലിയ പ്രാധാന്യം നല്‍കുന്നില്ല. എന്നാല്‍ ലൈക്കയുടെ എന്‍.ഒ.സി ലഭിച്ചാല്‍ മാത്രമേ ഷങ്കറിന് അടുത്ത ചിത്രം സംവിധാനം ചെയ്യാനാകുള്ളൂ.
ഇന്ത്യന്‍ 2ന്റെ ഷൂട്ട് ഇടക്ക് മുടങ്ങിയതിനാല്‍ ഷങ്കര്‍ ആ സമയത്ത് ഗെയിം ചേഞ്ചര്‍ എന്ന ചിത്രത്തിന്റെ വര്‍ക്കുകളിലേക്ക് കടന്നിരുന്നു. പിന്നീട് ലൈക്ക തങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ തീര്‍ത്തതിന് ശേഷം ഇന്ത്യന്‍ 2 പൂര്‍ത്തിയാക്കാന്‍ ഷങ്കറിനോട് ആവശ്യപ്പെടുകയും തുടര്‍ന്ന് ഒരേസമയം രണ്ട് സിനിമകള്‍ ചെയ്യേണ്ട അവസ്ഥ വരികയും ചെയ്തു.
ഇന്ത്യന്‍ 3 പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ഷങ്കര്‍ ഗെയിം ചേഞ്ചറിന്റെ പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടന്നത് ലൈക്കയെ ചൊടിപ്പിക്കുകയും ചിത്രത്തിന്റെ റിലീസിനെതിരെ കോടതിയെ സമീപിക്കുകയും ചെയ്തു. ഗെയിം ചേഞ്ചറും പരാജയപ്പെട്ടതോടെ ഷങ്കറെന്ന ബ്രാന്‍ഡിന് ഇടിവ് സംഭവിക്കുകയായിരുന്നു. ഇപ്പോള്‍ വേല്‍പ്പാരിക്കും തടസം നേരിട്ടിരിക്കുകയാണ്.
സേനാപതിയുടെ രണ്ടാം വരവ് കമല്‍ ഹാസന്റെ ആരാധകര്‍ പോലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ചിത്രമാണ്. ഔട്ട്‌ഡേറ്റഡായ കഥയും മോശം മേക്കിങ്ങുമായിരുന്നു ചിത്രത്തെ ട്രോള്‍ മെറ്റീരിയലാക്കിയത്. മൂന്നാം ഭാഗം ഇനി ആവശ്യമില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇതിനിടയില്‍ വേല്‍പ്പാരി നേരിടുന്ന അനിശ്ചിതത്വമാണ് സിനിമാലോകത്തെ ചര്‍ച്ച.
ചിത്രം നിര്‍മിക്കാന്‍ ഒരു പ്രൊഡക്ഷന്‍ ഹൗസും മുന്നോട്ടുവരാത്തതും ലൈക്കയുടെ ഇടപെടല്‍ കാരണമാണ്. ചിത്രത്തിലെ നായകനായി ഷങ്കര്‍ സമീപിച്ചത് ധനുഷിനെയാണ്. രണ്ട് വര്‍ഷത്തെ ഡേറ്റാണ് ഷങ്കര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നാല് സിനിമകള്‍ ലൈനപ്പിലുള്ളതിനാല്‍ ധനുഷ് ഡേറ്റ് നല്‍കുമോ എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. ബോളിവുഡ് താരം വിക്കി കൗശലിനെയും സംവിധായകന്‍ സമീപിച്ചിട്ടുണ്ട്.
Content Highlight: Shankar’s dream project Velpari getting legal obstacles because of Indian 3 movie