പണ്ട് പുറത്തിറങ്ങുമ്പോൾ ആളുകൾ വന്ന് പിച്ചുകയും മുടി പിടിച്ചു വലിക്കുകയുമൊക്കെ ചെയ്യുമായിരുന്നു: ശങ്കർ പണിക്കർ
malayalam movie
പണ്ട് പുറത്തിറങ്ങുമ്പോൾ ആളുകൾ വന്ന് പിച്ചുകയും മുടി പിടിച്ചു വലിക്കുകയുമൊക്കെ ചെയ്യുമായിരുന്നു: ശങ്കർ പണിക്കർ
നന്ദന. ടി
Thursday, 13th August 2026, 10:23 am

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് 1980-കളിൽ വലിയ താരമൂല്യമുള്ള മുൻനിര നായകന്മാരിൽ ഒരാളായി മാറിയ നടനാണ് ശങ്കർ പണിക്കർ. എന്റെ മോഹങ്ങൾ പൂവണിഞ്ഞു, പൂച്ചക്കൊരു മൂക്കുത്തി, സുഖമോ ദേവി തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകശ്രദ്ധ നേടി. എൺപതുകളിൽ ലഭിച്ച വലിയ ജനസ്വീകാര്യതയും സ്റ്റാർഡവും പിന്നീട് തുടരാൻ സാധിച്ചില്ലെങ്കിലും, സഹനടനായും ചെറിയ റോളുകളിലുമായി അദ്ദേഹം ഇപ്പോഴും അഭിനയരംഗത്ത് സജീവമാണ്.

അടുത്തിടെ വൺ ടു ടോക്ക്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ, പണ്ടുകാലത്ത് ആരാധകരിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന വേറിട്ട പ്രതികരണങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് ശങ്കർ.

ശങ്കർ പണിക്കർ. Photo. Manorama Online

ഇന്നത്തെക്കാലത്ത് ആരാധകർ അടുത്തെത്തി സംസാരിച്ച് ഫോട്ടോയും എടുത്ത് പോകുന്നതുപോലെയല്ലായിരുന്നു പണ്ടത്തെ കാലമെന്നും, അതുകൊണ്ടുതന്നെ യാത്രകൾ അടക്കം എല്ലാം വളരെ സൂക്ഷിച്ചാണ് നടത്തിയിരുന്നതെന്നും വ്യക്തമാക്കുകയാണ് നടൻ ശങ്കർ.

‘ഇന്നത്തെപ്പോലെ ആയിരുന്നില്ല അന്ന് ആരാധകർ, പുറത്തൊക്കെ പോവാൻ ഭയങ്കര പാടായിരുന്നു. കാരണം ഇന്ന് ആളുകൾ നമ്മളെ തിരിച്ചറിഞ്ഞാൽ അടുത്ത് വന്നു സംസാരിച്ച്, ഫോട്ടോയും എടുത്ത് പോകും. എന്നാൽ അന്ന് അങ്ങനെയല്ല, നമ്മൾ പുറത്തിറങ്ങുമ്പോഴേക്കും ആളുകൾ ചുറ്റും വന്നു പൊതിയുകയായിരുന്നു.

പിന്നെ അന്ന് എവിടെയെങ്കിലും പോകണമെന്നുണ്ടെങ്കിൽ നേരെ എയർപോർട്ടിൽ ചെന്ന് വിമാനത്തിൽ കയറിപ്പോകും. ട്രെയിനിലാണെങ്കിൽ ട്രെയിൻ വരുന്ന സമയം വരെ കാറിൽ തന്നെ ഇരിക്കും. ട്രെയിൻ വരുന്ന സമയമാകുമ്പോൾ പെട്ടെന്ന് പോയി കയറുകയാണ് ചെയ്യുക. മിക്ക യാത്രകളും രാത്രികാലങ്ങളിലുമായിരിക്കും. പിന്നെ കറങ്ങാൻ പോകുന്നത് അധികവും ചെന്നൈയിലായിരുന്നു. കാരണം അവിടെ കേരളത്തിലെപ്പോലെ പുറത്തിറങ്ങാൻ വലിയ ബുദ്ധിമുട്ടുകൾ ഇല്ലായിരുന്നു,’ ശങ്കർ പറഞ്ഞു.

പണ്ടുകാലത്ത് ആളുകൾ ഓട്ടോഗ്രാഫ് വാങ്ങാൻ വരുമ്പോൾ തങ്ങളെ പിച്ചി നോക്കാറുണ്ടായിരുന്നു എന്നും, കോളേജ് പരിപാടികൾക്കിടെ തന്റെ മുടി വിഗ്ഗ് ആണോ എന്ന് അറിയാൻ ആളുകൾ പിടിച്ചു വലിച്ചു നോക്കാറുണ്ടായിരുന്നു എന്നും നടൻ ഓർത്തെടുത്തു

‘അന്ന് ഏറ്റവും രസകരമായ കാര്യം എന്തെന്നാൽ, ആളുകൾ ഓട്ടോഗ്രാഫ് ഒക്കെ വാങ്ങാൻ വരുമ്പോൾ നമ്മളെ ഒന്ന് പിച്ചി നോക്കുമായിരുന്നു. പിന്നെ കോളേജുകളിലൊക്കെ പരിപാടികൾക്ക് പോകുമ്പോൾ വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. അന്ന് എന്റെ മുടി ഇങ്ങനെ നീണ്ടു കിടക്കുന്നതായിരുന്നു. അതുകൊണ്ട് ആളുകൾ വന്ന് മുടിയിൽ പിടിച്ച് വലിച്ച് നോക്കുമായിരുന്നു, വിഗ്ഗ് ആണോ എന്ന് അറിയാൻ. കോളേജുകളിലൊക്കെ പൊതുവേ രണ്ട് ഗ്രൂപ്പുകൾ കാണുമല്ലോ. നമ്മൾ വരുന്നത് ഒരുപക്ഷേ ഒരു ടീമിന് ഇഷ്ടപ്പെട്ടില്ലെങ്കിൽ, അതിന്റെ ഭാഗമായിട്ടായിരിക്കും ഈ പിച്ചലും മുടിപിടിച്ചു വലിക്കലുമൊക്കെ,’ ശങ്കർ പറഞ്ഞു.

കോട്ടയത്തെ ഒരു കോളേജ് പരിപാടിക്കിടെയുണ്ടായ തനിക്ക് ജീവിതത്തിൽ മറക്കാനാവാത്ത അനുഭവവും ശങ്കർ പങ്കുവെച്ചു.

എന്റെ മോഹങ്ങൾ പൂവണിഞ്ഞു എന്ന സിനിമ ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് കോട്ടയത്തെ ഒരു കോളേജിൽ പരിപാടിക്ക് പോയിരുന്നു. അയ്യായിരത്തോളം കുട്ടികൾ പഠിക്കുന്ന വലിയൊരു കോളേജായിരുന്നു അത്. ഞാൻ ചെന്നിറങ്ങിയപ്പോൾ ഗ്രൗണ്ടിന്റെ ഇരുവശവും കയറുകൊണ്ട് കെട്ടിത്തിരിച്ചിട്ടുണ്ടായിരുന്നു. അതിന്റെ പിന്നിലാണ് എല്ലാവരും നിൽക്കുന്നത്.

ഞാൻ അതിന്റെ നടുവിലൂടെ നടന്നു പോകുമ്പോൾ കുട്ടികൾ ഈ കയറൊക്കെ തള്ളി മാറ്റി വന്ന് എന്നെ തൊട്ടിട്ട് പോകുമായിരുന്നു. അതൊക്കെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമ്മകളാണ്. കാരണം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, എന്റെ മോഹങ്ങൾ പൂവണിഞ്ഞു, എങ്ങനെ ഞാൻ മറക്കും തുടങ്ങിയ സിനിമകളിലൂടെ ഒരു റൊമാന്റിക് ഹീറോ ആയി നിലനിൽക്കുന്ന സമയമായിരുന്നു അത്,’ശങ്കർ പണിക്കർ പറഞ്ഞു.

ശങ്കർ പണിക്കർ. Screen grab/ Youtube

Content Highlight: Shankar Panicker memories about some fan moments in his life

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം